Saturday, March 19, 2011
ഇങ്ങനേയും ഒരു പരീക്ഷക്കാലം
പഠിപ്പിന്റെ കൊടുംചൂടില്‍ ഒരു പരീക്ഷക്കാലം...!
അക്കൊല്ലം മാര്‍ച്ചു മാസത്തിലെ തൊട്ടുമുന്‍പുള്ള ലക്കത്തില്‍ ബാലരമ ഇറങ്ങിയത് ഈയൊരു പരസ്യത്തോടെയായിരുന്നു...
"ഇനി പരീക്ഷയെ പേടിക്കണ്ട, മുഴുവന്‍ മാര്‍ക്കും വാങ്ങി ജയിക്കാന്‍ ഒരു എളുപ്പവഴി...!!! അടുത്തലക്കം ബാലരമയോടൊപ്പം, കോപ്പികള്‍ ഇന്ന് തന്നെ ഉറപ്പുവരുത്തുക."
പുസ്തകങ്ങളുമായി പഞ്ചഗുസ്തി നടത്തിയിരുന്ന എനിക്ക് അതൊരു ആശ്വാസവും ആവേശവുമായി. ഇപ്രാവശ്യമെങ്കിലും മാന്യമായി ജയിച്ചു കയറണമെന്ന ആഗ്രഹം കൊണ്ടെന്തോ പുസ്തകം അടച്ചുവെച്ചു ബാലരമയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങി.
അന്ന് ദ്വൈവാരിക ആയിരുന്ന ബാലരമ, വീട്ടില്‍ കൊണ്ടുവന്നിരുന്നത് പത്രം കൊണ്ടുവരുന്ന ആന്റണി ചേട്ടനാണ്. ഏഴുമണിക്ക് തുടങ്ങുന്ന മദ്രസ്സയില്‍ പോകാനായി, മടിയോടെ ആറെമുക്കാലിനു എണീറ്റ് കുളിക്കാതെ, പല്ലുതേക്കാതെ പോയിരുന്ന ഞാന്‍, ആ ലക്കം ഇറങ്ങാന്‍ സമയമായതു മുതല്‍ രാവിലെ എണീറ്റ് കിഴക്കേ വരാന്തയില്‍ കുത്തിയിരിക്കും. ആന്റണി ചേട്ടന്റെ സൈക്കിളിന്റെ ബെല്‍ അകലെനിന്നു കേള്ക്കുമ്പോള്‍തന്നെ ഞാന്‍ റെഡി.
"ചേട്ടാ, ബാലരമ വന്നോ...?"
"എത്തിയിട്ടില്ല..."
സൈക്കിളില്‍ ഇരുന്നുകൊണ്ടുതന്നെ പത്രം വരാന്തയിലേക്ക് നീട്ടിയെറിഞ്ഞു, തിരിച്ചുപോകുമ്പോള്‍ തലവെട്ടിച്ചു കൊണ്ട് സ്ഥിരം കേള്‍ക്കുന്ന മറുപടി.
ആ ലക്കത്തിനു വേണ്ടി കൂടുതല്‍ കോപ്പികള്‍ ആവശ്യമുള്ളതിനാല്‍ ചെറുകിട കടക്കാര്‍ മൊത്തവും വാങ്ങിയെന്നും അതുകൊണ്ട് ഇപ്രാവശ്യത്തെ ലക്കം ഉണ്ടാവില്ലെന്നും മറ്റും ആന്റനിയെട്ടന്‍ ഉപ്പയോട് പറയുന്നത് കേട്ടു. അത് സാരമില്ലെന്ന ഉപ്പയുടെ മറുപടിയില്‍ ആന്റനിയെട്ടന്‍ തൃപ്തനാവുന്നതും ഞാന്‍ കണ്ടു. എനിക്ക് സങ്കടം വന്നുപോയി, ഇനിയെന്ത് വഴി...? ഞാന്‍ നല്ല മാര്‍ക്കുവാങ്ങി ജയിക്കണമെന്ന് ഉപ്പാക്ക് ആഗ്രഹമില്ലേ...?
പരീക്ഷയാണെങ്കില്‍ അടുത്തെത്തി, ഇനിയും തുടങ്ങാത്ത പഠിപ്പിന്റെ ഭാരം എന്നെ കൂടുതല്‍ മടിയനാക്കി.
സ്കൂളിലേക്ക് പോകുന്നവഴിയില്‍ ഒരു ബുക്ക് ഷോപ്പുണ്ട്, ആശാ ബുക്ക്സ്റ്റാള്‍. അവിടെ കയറിയിറങ്ങലായിരുന്നു പിന്നീടുലുള്ള എന്റെ സത്യാന്വേഷണം.
"എല്ലാം വിറ്റുതീര്‍ന്നു, ഇനി പുതിയ സ്റ്റോക്ക് വന്നാല്‍ ഇവിടെ തൂക്കിയിടും. അപ്പൊ വന്നു വാങ്ങിക്കോ..."
ഒടുവില്‍ സഹികെട്ട കടയിലെ യൂസഫുക്ക അരിശം കൊണ്ടു. പിന്നെ, പുറത്ത് തൂക്കിയിട്ടിരുന്ന പുസ്തകങ്ങളില്‍ പരതലായി എന്റെ പണി.
പരീക്ഷയുടെ സമയമടുത്തു. ഇനിയും കാത്തിരുന്നാല്‍ എന്റെ പഠിത്തം തന്നെ വഴിയാധാരമാകുമെന്നു തിരിച്ചറിഞ്ഞ ഞാന്‍ വീണ്ടും പഞ്ചഗുസ്തി പുനരാരംഭിച്ചു. ആന്റനിയെട്ടന്‍ ചെയ്ത കൊടുംപാതകം ഇടയ്ക്കിടയ്ക്ക് മനസ്സിലേക്ക് കുത്തിക്കേറിവരുമ്പോള്‍ അന്നത്തെ പത്രത്തിന്റെ മുന്‍പേജില്‍ കുത്തിവരച്ചു സംത്രിപ്തിയടയും. പരീക്ഷ തുടങ്ങിയിട്ടും ബാലരമയ്ക്കു വേണ്ടിയുള്ള തെരച്ചില്‍ ഞാന്‍ നിര്‍ത്തിയിരുന്നില്ല. പക്ഷെ, നിരാശാജനകമായ വേദന തന്നുകൊണ്ട് അവസാനത്തെ കണക്കു പരീക്ഷയും അന്ത്യംകുറിച്ചു...!
രണ്ടുമാസത്തെ വേനലവധി, പാടവും പറമ്പും ഇളക്കിമറിക്കാന്‍ ഞങ്ങള്‍ക്ക് കിട്ടിയ ഒഴിവുകാലം. കൂടുതല്‍ സന്തോഷം നല്‍കിക്കൊണ്ട് ഇത്താമ്മ (ഉമ്മയുടെ ജേഷ്ടത്തി) വന്നു, പിന്നെ ബാക്കിയുള്ള ദിവസങ്ങള്‍ ആടിത്തിമിര്‍ക്കാന്‍ ഇത്താമ്മയോടൊപ്പം ഞാനും ഇത്താത്തയും പറവൂരുള്ള ഇത്താമ്മയുടെ വീട്ടിലേക്ക് പോയി. എല്ലാ വേനലവധിക്കും ഇത് പതിവാണ്, മക്കളില്ലാത്ത അവര്‍ക്ക് ഞങ്ങളായിരുന്നു കൂട്ടിനു. ഓരോ ഒഴിവുകാലം വരുമ്പോളും വീടൊരുക്കി ഞങ്ങളെ കാത്തിരിക്കും. ഞങ്ങള്‍ക്കും അതൊരു സംതൃപ്തിയുടെ കാലമായിരുന്നു.
പതിവുപോലെ ഞങ്ങള്‍ക്ക് വായിക്കാനായി ഒരുപാട് കഥാപുസ്തകങ്ങള്‍ അവിടെ വാങ്ങിവെചിട്ടുണ്ടായിരുന്നു. ബാലരമ, പൂമ്പാറ്റ, മലര്‍വാടി, ബാലമംഗളം... അടക്കിവെചിരിക്കുന്നവയില്‍ നിന്നും ഏതില്‍ തുടങ്ങണമെന്നറിയാതെ ഒരു നിമിഷം സംശയിച്ചു നിന്നുപോയി. അതിനിടയില്‍ ഞാന്‍ കണ്ടു, ആ ബാലരമ..! ഞാന്‍ അന്വേഷിച്ചു നടന്ന അതേ ലക്കം...!! അവസാന പരീക്ഷക്ക് മുന്‍പെങ്കിലും ഒന്ന് കിട്ടിയിരുന്നെങ്കിലെന്നു ഒരുപാട് ആശിച്ചുപോയ അതേ പുസ്തകം...!!!
ഒട്ടും താമസിച്ചില്ല, ഞാനത് കയ്യിലെടുത്തു മറിച്ചുനോക്കി.
"പരീക്ഷയെ പേടിക്കേണ്ട- കൂടുതല്‍ മാര്‍ക്കുവാങ്ങാന്‍ എളുപ്പവഴികള്‍...!"
ബാലരമയോടൊപ്പം ഒരു ചെറു പുസ്തകമായിരൂന്നു അത്. പെട്ടന്ന് തന്നെ വായിച്ചുതീര്‍ക്കുന്നതിനു പകരം സാവധാനം മനസ്സിരുത്തി വായിച്ചു തുടങ്ങി..
എളുപ്പവഴികള്‍ അതില്‍ അക്കമിട്ടു എഴുതിയിരിക്കുന്നു...
1. സൂര്യ പ്രകാശ ലഭിക്കുന്ന സ്ഥലം പഠിക്കാനായി തെരഞ്ഞെടുക്കുക.
2. പ്രകാശത്തിനു അഭിമുഖമായി ഇരിക്കുക.
വായന ഒരുനിമിഷം നിര്‍ത്തി, ഞാന്‍ അലഞ്ഞുനടന്ന പുസ്തകം ഇതുതന്നെയാണോ..? തിരിച്ചും മറിച്ചും നോക്കി, അതെ ഇതുതന്നെ..! വായന പിന്നെ വേഗത്തിലായി, റിവിഷനുകളെ കുറിച്ചും പഠനത്തിന്റെ സമയത്തെ കുറിച്ചുമൊക്കെ എഴുതിയ പേജുകള്‍ വേഗത്തില്‍ മറിച്ച് കൊണ്ടിരുന്നു, ഒടുവില്‍ അവസാന പേജും തീര്‍ന്നു. എന്നിട്ടും എനിക്കു ത്രിപ്തി കിട്ടിയില്ല,
കാരണം പഠിക്കാതെ ജയിക്കാനുള്ള ഒരൊറ്റ എളുപ്പവഴിയും ഞാനതില്‍ കണ്ടില്ലല്ലോ....!
Subscribe to:
Post Comments (Atom)
Good memories :)
ReplyDeleteഎന്നാലും ബാലരമ ചെയ്തത് കൊടും ചതിയായിപ്പോയി !
ReplyDelete"കാരണം പഠിക്കാതെ ജയിക്കാനുള്ള ഒരൊറ്റ എളുപ്പവഴിയും ഞാനതില്‍ കണ്ടില്ലല്ലോ....!" - ആത്മാര്‍ഥത ഉള്ള, നല്ല എഴുത്ത്. വായനയ്ക്ക് നല്ല ഒഴുക്കും കിട്ടി.
ReplyDeleteപരീക്ഷക്കാലത്ത് തന്നെ എഴുതിയ ലാളിത്യമുള്ള ഈ പോസ്റ്റ് അഭിനന്ദനമര്‍ഹിക്കുന്നു.
ReplyDeleteഎളുപ്പ വഴി നോക്കി കുടുങ്ങി അല്ലെ?
അന്നത്തെ കുട്ടികള്‍ക്ക് കിട്ടിയിരുന്ന മധുരമുള്ള വേനലവധികള്‍ ഇന്ന് ഒരോര്‍മ മാത്രമാണ്.
ആരെങ്കിലും വന്നാല്‍ വീട് വൃത്തികേടാകുമെന്ന് വേവലാതിപ്പെടുന്ന ബന്ധുക്കള്‍ അന്നില്ലായിരുന്നു.
നല്ല ഓര്‍മ്മക്കുറിപ്പ്, ലളിതവും സുന്ദരവുമായി എഴുതിയിരിക്കുന്നു.
ReplyDeleteആശംസകള്‍.
“ഓം ഹ്രീം കുട്ടിച്ചാത്താ.... കണക്കില്‍ 89 കിട്ടട്ടേ”
ReplyDeleteഎന്ന് ചുമ്മാ പറഞ്ഞ് നോക്കായിരുന്നില്ലേ... :)
കുട്ടി ഓര്‍മകള്‍ ഇഷ്ട്ടായി
ബാലരമയും പൂമ്പാറ്റയുമില്ലാത്ത ബാല്യ കാല ഓര്‍മ്മകള്‍ ഉണ്ടോ.. ഉണ്ടാവില്ല.
ReplyDeleteനന്നായി ട്ടോ ഈ ബാല്യ കാല സ്മരണകളും.
ഇത്തരം ഓര്‍മ്മകള്‍ കുറിക്കുമ്പോള്‍ എഴുത്തിനും ലാളിത്യം കൂടും.
ആശംസകള്‍ ഷമീര്‍
'ചെറുപ്പത്തിലെ പിടികൂടുക'എന്നൊരു ചൊല്ലുണ്ട് അതിനാല്‍ -
ReplyDeleteകച്ചവട തന്ത്രം കുട്ടികളില്‍ നിന്നേ തുടങ്ങണം എന്ന് ബാലരമക്കും അറിയാം.
പഠിപ്പിന്റെ പഞ്ചഗുസ്തികളും മറ്റും ഈണം ചേർത്ത് ബാല്യകാലസ്മരണകൾ അയവിറക്കുന്ന ഒരു നല്ല രചനയായിട്ടുണ്ട് ഇത് കേട്ടൊ ഷമീർ.
ReplyDeleteപിന്നെ ഇതിലുള്ള അക്ഷരപിശാച്ചുകളെ ഓടിച്ച് വിടുമല്ലോ
പത്രക്കാരന്‍ ചേട്ടനോട് ഞങ്ങളും കൊറേ വഴക്കുകൂടീട്ടൊണ്ട്. ചേട്ടന്റെ കൈയ്യില്‍ 5 ബാലരമ ഒന്നിച്ചു കണ്ടാലും വഴക്ക് ഒറപ്പാ.. പൊറം പേജ് ചുളിവില്ലാത്ത ബാലരമ നോക്കിയെടുക്കാന്‍ സമ്മതിക്കത്തതിന്.. പിന്നെ എല്ലാം മറന്ന് ഒന്നു സന്തോഷിക്കുന്നത് വല്ലപ്പോഴും രാവിലെ ഞങ്ങള്‍ പൂട്ടിയിടാന്‍ മറക്കുന്ന “ടൈഗര്‍” ഈ ചേട്ടനെ ഇട്ട് ഓടിക്കുന്നത് കാണുമ്പോഴായിരുന്നു.. പാവം ചേട്ടന്‍..
ReplyDeleteഎന്റെ ഷമീറേ... നീ അത്ര പാവമായിരുന്നോ അന്ന്? കോപ്പി അടിക്കാന്‍ വരെ കുറച്ച് പഠിക്കണമെന്നറിയില്ലായിരുന്നോ നിനക്ക്?...
ReplyDeleteനന്നായിട്ടുണ്ട്... നല്ല ഒഴുക്കോടെ വായിച്ചു ചിരിച്ചു...
അന്റണിയെട്ടന്‍ പറ്റിച്ച ഒരു പണിയെ..വളരെ സുന്ദരമായി പറഞ്ഞിരിക്കുന്നു. അവസാനത്തെ വാചകം കലക്കി. പഠിക്കുന്നതില്‍ മാത്രമല്ല, ഇപ്പോള്‍ എല്ലായിടത്തും അത് തന്നെ. ജോലി ചെയ്യാതെ എങ്ങനെ കാശുണ്ടാക്കാം എന്നാണു ചിന്ത. അന്ന് ബാലരമ കാത്ത്തിരുന്നെന്കില്‍ ഇന്ന് നെറ്റില്‍ ആണ് തെരച്ചില്‍.
ReplyDeleteവളരെ ഇഷ്ടായി.
എന്നിട്ട് പരീക്ഷ എങ്ങനെയായി എന്ന് പറഞ്ഞില്ലല്ലോ ?
ReplyDeleteരണ്ടുവര്‍ഷം മുമ്പ് 90% പാസ്സായത് ഇതുപോലെ വല്ല ബാലരമയും വായിച്ചിട്ടാണോ എന്തോ?
ReplyDeleteമായാവിയോടെങ്കിലും ഒന്ന് ചോദിക്കാമായിരുന്നു.
ReplyDeleteകലക്കി മച്ചു,ബാലരമ നല്ല പണി തന്നു അല്ലെ..പരീക്ഷക്ക് മുന്‍പേ കിട്ടിയിരുന്നെങ്കില്‍ ബാലരമ വെറുത്തു പോയേനെ..
ReplyDeleteകൊള്ളാം പരീക്ഷാ കാലത്തെ പരീക്ഷ പേടിയും, മടിയും, പഠന വും, എല്ലാം നല്ല ഓര്‍മകള്‍.
ReplyDeleteരസകരമായി പറഞ്ഞു. ആശംസകള്‍.
നല്ല ഓര്‍മ്മക്കുറിപ്പ്
ReplyDeleteനല്ല ഓര്‍മ്മകള്‍.
ReplyDeleteനല്ല ഓര്‍മ്മക്കുറിപ്പ്
ReplyDeleteha..ha.ha..
ReplyDeleteഓർമ്മകുറിപ്പ് നന്നായി എഴുതി
ReplyDeleteപണ്ട് ബാലരമ വരാന്‍ പത്രക്കാരന്‍ ചേട്ടനെ നോക്കിയിരുന്ന കാര്യം പെട്ടെന്ന് ഓര്‍മ്മ വന്നു !
ReplyDeleteനന്നായി ഷമീര്‍..
ഓര്‍മ്മക്കുറിപ്പ് നന്നായി.
ReplyDeleteപാവം ...നിനക്കങ്ങിനെ തന്നെ വേണം...
ReplyDeleteഅപ്പൊ തരികിട പരിപാടികള്‍ പണ്ടു മുതലേ കൂട്ടിനുണ്ടായിരുന്നൂലേ...?
നല്ല ഓര്‍മ്മക്കുറിപ്പ്...
ഒരു പരീക്ഷക്കാലത്തിന്റെ ഓർമ്മപ്പെടുത്തലുകൾ!
ReplyDeleteആശംസകൾ!
കാരണം പഠിക്കാതെ ജയിക്കാനുള്ള ഒരൊറ്റ എളുപ്പവഴിയും ഞാനതില്‍ കണ്ടില്ലല്ലോ.
ReplyDeleteഹ..ഹ..ഹ
നല്ല രസികൻ ഓർമ്മകൾ...
ആശംസകൾ
ormmakilekkulla madakka yathra...... aashamsakal..........
ReplyDeleteനന്നായിരിക്കുന്നു...
ReplyDeleteനന്മകള്‍