Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Saturday, April 23, 2011

ജന്മദിനം: ഒരു ഫ്ളാഷ് ബാക്ക്.


എന്റെ ജന്മദിനം വളരെ കൃത്യമായി അവള്‍ ഓര്‍ത്തുവെച്ചിരിക്കുന്നു...! എനിക്ക് എന്നോടുതന്നെ അഭിമാനം തോന്നി, അവളോട്‌ കൂടുതല്‍ ആഴത്തിലുള്ള സ്നേഹവും.

കോളേജിന്റെ ഗേറ്റിനു മുന്നില്‍ അവള്‍ എന്നെ കാത്തുനിന്നിരുന്നു, ഒരു കള്ളച്ചിരിയോടെ നീട്ടിയ കവര്‍ വളരെ ആശ്ചര്യത്തോടെയാണ് വാങ്ങി തുറന്നു നോക്കിയത്, ഒരു ആശംസാകാര്‍ഡ്..! അതിലെ വലിയ അക്ഷരങ്ങളില്‍ എഴുതിയ ജന്മദിനസന്ദേശം വായിച്ചിട്ടും മതിവരുന്നില്ല, അതിനടിയിലായി എഴുതിച്ചേര്‍ത്ത പേര് അവളെ കൂടുതല്‍ സുന്ദരിയാക്കിയത് പോലെ തോന്നി. സത്യത്തില്‍ ഈ ദിവസം എന്റെ ഓര്‍മ്മയില്‍ തന്നെ ഇല്ലായിരുന്നു, അല്ലെങ്കിലും ജന്മദിനങ്ങള്‍ ഓര്‍ത്തുവെച്ചിട്ടു എന്ത് കാര്യം..?

തെല്ലൊരു അഹങ്കാരത്തോടെ എന്റെ ഒപ്പമുണ്ടായിരുന്ന റിയാസിനും ബൈജുവിനും ആ കാര്‍ഡ് കാട്ടിക്കൊടുത്തു..! അവരും അന്നേരമാണ് എന്റെ ജന്മദിനം ഓര്‍മ്മിചെടുത്തത്. ഇന്നത്തെ പാര്‍ട്ടി എന്റെ തലയില്‍ കെട്ടിവെച്ചു ജന്മദിനം ആഘോഷിക്കാന്‍ അവര്‍ പ്ലാനും തയ്യാറാക്കി.
രാവിലെ എട്ടുമണിമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ക്ലാസ്. അതുകഴിഞ്ഞ് കാണാമെന്ന ഉറപ്പില്‍ ഞാനെന്റെ ക്ലാസ്സിലേക്ക് നടക്കുന്നതിനിടയില്‍ എക്കണോമിക്സ് ഗ്രൂപ്പിന്റെ ബി ബാച്ചിലെക്കൊന്നു നോക്കാന്‍ കൊതിച്ചു, എനിക്കറിയാം അവിടെ രണ്ടുകണ്ണുകള്‍ എന്റെ നോട്ടത്തിന്നായി കാത്തിരിക്കുന്നുണ്ടെന്ന്.

ഇന്റെര്‍വെല്‍ സമയത്ത് അവളെ കാണാന്‍ വേണ്ടിത്തന്നെ വരാന്തയിലൂടെ നടന്നു, അപ്രതീക്ഷിതമായി മുന്നില്‍ വന്നപ്പോള്‍ എന്ത് പറയണമെന്നറിയാതെ വെറുതെ നോക്കി നിന്നുപോയി. പിന്നിലേക്ക്‌ വീണ ഷാള്‍ ഇടത്തെ കൈകൊണ്ടു നെറ്റിയിലേക്ക് വലിച്ചിട്ടു അവള്‍ എന്നെ നോക്കി ചിരിച്ചു.

"എപ്പഴാ പാര്‍ട്ടി....?"
കൂടെയുണ്ടായിരുന്ന ഒരു കൂട്ടുകാരി കട്ടുറുമ്പായി..

"ഞങ്ങളെയും കൂട്ടണം...."
മറ്റൊരു കൂട്ടുകാരി.

"ഓക്കേ, ഇന്ന് ക്ലാസ് കഴിഞ്ഞിട്ട് കാണാം"
ഞാന്‍ ഉറപ്പുകൊടുത്തു.

കീശയിലെ കനത്തില്‍ എനിക്ക് സംശയമുള്ളതിനാല്‍ ഒരു ഉറപ്പിനായി റിയാസിനേയും ബൈജുവിനെയും ഞാന്‍ കൂടെക്കൂട്ടി. ക്ലാസ് കഴിഞ്ഞു ഞങ്ങള്‍ സ്ഥിരം കണ്ടുമുട്ടാറുള്ള വഴിയില്‍ അവളും കൂട്ടുകാരികളും കാത്തുനിന്നിരുന്നു. അവര്‍ മൂന്നുനാല് പേരുണ്ടായിരുന്നു.

"റിയാസേ, നിന്റെ കയ്യില്‍ കാശ് ഇരിപ്പില്ലേ...? എന്റേത് തികയുമെന്നു തോന്നുന്നില്ല."
എനിക്ക് ബേജാര് തുടങ്ങിയിരുന്നു.

അതൊന്നും നീ പേടിക്കണ്ട എന്ന അര്‍ത്ഥത്തില്‍ റിയാസ് കണ്ണിറുക്കി കാണിച്ചു...!

കോളേജിനടുത്തുള്ള ഹോട്ടലില്‍ കേറാന്‍ അവള്‍ക്കും കൂട്ടുകാരികള്‍ക്കും എന്തോ ഒരു മടി, അത് നല്ലതെന്ന് എനിക്കും തോന്നി. കുറച്ചകലെയുള്ള മറ്റൊരു ഹോട്ടലിലേക്ക് പോകാന്‍ തയ്യാരാവുന്നതിനിടയില്‍ ഞാന്‍ ടെലിഫോണ്‍ ബൂത്തിലേക്ക് കയറി. വരാന്‍ കുറച്ചു വൈകുമെന്ന് ഉമ്മയോട് പറയാന്‍ തെക്കേല സുലൈഖത്താക്ക് ഫോണ് വിളിച്ചുപറഞ്ഞു ഏല്പിച്ചു, കൂടെ കാരണമായി ഒരു നുണയും പറഞ്ഞു.

ചിരിയും കളിയുമായി സമയം പോയതറിഞ്ഞില്ല, മനസ്സ് നിറഞ്ഞു കുറച്ചുനേരം പരസ്പരം സ്വകാര്യങ്ങള്‍ പങ്കുവെച്ചു അവള്‍ എന്റെ ജന്മദിനം മറക്കാനാവാത്തതാക്കി.
ഒടുവില്‍, യാത്രപറഞ്ഞു പോരാന്‍ മടിതോന്നി, വല്ലാത്തൊരു വേദന മനസ്സിനെ കീഴടക്കിയിരുന്നു...!
റിയാസിന്റെ ബൈക്കിനു പിന്നിലിരുന്നു വീട്ടിലേക്കുള്ള സ്ഥിരം യാത്രയില്‍ നിന്നും വിത്യസ്തമായി ബൈക്കിനോപ്പം മനസ്സ് പറക്കുന്നില്ല, അതവിടെ, അവളില്‍നിന്നും വിട്ടുപോരുന്നെയില്ല..! റിയാസ് എന്തൊക്കയോ പറയുന്നുണ്ട്, ഞാന്‍ ഒന്നും കേട്ടത് പോലുമില്ല.



വീട്ടിലേക്കുള്ള വളവു തിരിഞ്ഞപ്പോള്‍ തന്നെ ഞാന്‍ കണ്ടു; കിഴക്കേ വരാന്തയില്‍ റോഡിലേക്ക് നോക്കി ഉമ്മ ഇരിക്കുന്നു. എന്നെയും നോക്കിയാണ് ആ ഇരിപ്പ്, എനിക്കറിയാം ഭക്ഷണം കഴിച്ചിട്ടുണ്ടാവില്ല. ഉമ്മ അങ്ങിനെയാണ്, എത്ര വൈകിയാലും ഞാന്‍ വരാന്‍ കാത്തിരിക്കും.
റിയാസിനോട് യാത്രപറഞ്ഞു ഞാന്‍ വീട്ടിലേക്കു നടന്നു.

"എന്തേ ഇത്രേം വൈകി....?"

"റിയാസിന് രണ്ടുമൂന്നു പുസ്തകങ്ങള്‍ വാങ്ങാനുണ്ടായിരുന്നു, ഞാന്‍ സുലൈഖത്തയോട് വിളിച്ചു പറഞ്ഞിരുന്നല്ലോ....?"

"ആ... സുലൈഖത്ത പറഞ്ഞു."

എന്റെ കയ്യില്‍നിന്നും പുസ്തകസഞ്ചി വാങ്ങി അലമാരയിലേക്ക് വച്ച് ഉമ്മ ധൃതിയില്‍ അടുക്കളയിലേക്കു നടന്നു. ഡൈനിംഗ് ടേബിളില്‍ ചോറും കറിയും മൂടിവെച്ചിരുന്നു. അതിനടുത്തായി മൂടിവെച്ച ഒരു ചെറിയ പാത്രം ഞാന്‍ തുറന്നു നോക്കി, പായസം..! എനിക്കിഷ്ടപെട്ട സേമിയപായാസം.

"ഉമ്മാ... ഇന്നെന്താ പായസം...?"

"ഡാ, നീ മറന്നാ... ഇന്ന് നിന്റെ പിറന്നാളാ...."

ഞാന്‍ ഉമ്മയെ ഒന്ന് നോക്കി, ആ കണ്ണുകളിലേക്കു, ചുളിവുകള്‍ വീഴാന്‍ തുടങ്ങിയ ആ മുഖത്തേക്ക്.... എന്റെ പിറന്നാള്‍ ദിനം മനസ്സില്‍ സൂക്ഷിച്ചുവെച്ചു എന്നെ ഒന്ന് അത്ഭുതപ്പെടുത്താന്‍ എല്ലാം ഉമ്മ ഒരുക്കിവെച്ചിരിക്കുന്നു...! നെഞ്ചില്‍നിന്നും ഒരു വിങ്ങല്‍ ഗദ്ഗദമായി തൊണ്ടയില്‍ തങ്ങിനിന്നു. ഉമ്മ എനിക്ക് ഭക്ഷണം വിളമ്പുന്ന തിരക്കിലാണ്. ഉമ്മയ്ക്കുള്ള ഭക്ഷണവും എടുത്തുവെച്ചു കഴിക്കാനായി ഇരുന്നു. ഞാന്‍ പുറത്തുനിന്നും ഭക്ഷണം കഴിച്ചെന്നു പറയാന്‍ അന്നെരമെനിക്ക് തോന്നിയില്ല. വയറില്‍ ഇത്തിരി സ്ഥലം പോലും ബാക്കിയില്ലെങ്കിലും ഉമ്മയോടൊപ്പം ഞാനിരുന്നു.

"ഉമ്മാ, എനിക്കൊരു പിടിഉരുള..."
ഞാന്‍ വാ തുറന്നുപിടിച്ചു.

ഇടത്തെ കൈകൊണ്ടു എന്റെ താടിയില്‍ പിടിച്ചു, എനിക്ക് ഇന്നും എന്റെ നാവിന്റെ തുന്പത്ത് രുചിക്കൂട്ട് നല്‍കുന്ന ഉമ്മയുടെ പിടി ചോറ് വായിലേക്ക് വെച്ചുതന്നു. ഉമ്മയുടെ കണ്ണ് നിറഞ്ഞുവോ...? ഇല്ല, കാണാന്‍ കഴിയുന്നില്ല... എന്റെ കണ്ണില്‍ കണ്ണുനീര്‍ പടര്‍ന്നിരിക്കുന്നു.

എനിക്ക് കിട്ടാവുന്നതിനേക്കാള്‍ ഏറ്റവും വിലപ്പെട്ട പിറന്നാള്‍ സമ്മാനമാണ് ഈ കിട്ടിയതെന്ന് അന്നേരം ഞാന്‍ തിരിച്ചറിഞ്ഞോ, ആവോ...?

Thursday, March 31, 2011

ആദ്യത്തെ പ്രണയലേഖനത്തിന്റെ മധുരം.

അന്നുരാവിലെ പതിവിനു വിപരീതമായി ഞാന്‍ നേരത്തെ എണീറ്റു. സാധാരണ ഉമ്മവന്നു കുത്തിപോക്കിയാലല്ലാതെ എണീക്കാത്ത ഞാന്‍ തലയും ചൊറിഞ്ഞു എണീറ്റു വരുന്നത് കണ്ടപ്പോള്‍ ഉമ്മാക്ക് അത്ഭുതം തോന്നിട്ടുണ്ടാവും..! ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോഴൊക്കെ മനസ്സില്‍ ആകാംക്ഷയുടെ വേലിയേറ്റമായിരുന്നു. ഇന്നലെ ആദ്യമായി ഞാന്‍ കൊടുത്ത പ്രണയ ലേഖനത്തിനു ഇന്ന് മറുപടി കിട്ടുമെന്ന ചെറുതല്ലാത്ത പ്രതീക്ഷ എന്നില്‍ നിന്നും ഉറക്കത്തെ മാറ്റിനിര്‍ത്തിയെന്ന കാര്യം പാവം ഉമ്മാക്ക് അറിയില്ലാലോ...!

"ആ... എന്തുപറ്റി, ഇന്ന് നേരത്തെ കടതുറക്കാന്‍ പോകുന്നുണ്ടല്ലോ..?"
ഉപ്പാക്കും അത്ഭുതം..!

ഉപ്പ നല്ലനിലയില്‍ നടത്തിക്കൊണ്ടുവരുന്ന ബേക്കറി (ബെസ്റ്റ് ബേക്കറി) കട രാവിലെ ഐശ്വര്യമായി തുറക്കല്‍ എന്റെ ജോലിയാണ്. അതുപോലെ, ഉച്ചഭക്ഷണം കഴിഞ്ഞു ഉപ്പാക്ക് കുറച്ചുനേരം ഒന്ന് കിടക്കണം. ആ സമയത്തും കടയില്‍ എന്റെ എകാതിപത്യ ഭരണമാണ്. രാവിലെ എട്ടുമണിക്ക് തുറക്കാന്‍ ഉപ്പ പറയാറുണ്ടെങ്കിലും അത്തരം കൃത്യനിഷ്ടയിലോന്നും എനിക്ക് വിശ്വാസമില്ലാത്തതുകൊണ്ട് ആ സമയമൊന്നും ഞാന്‍ പാലിക്കാറില്ല. ഇന്ന് ധൃതിപിടിച്ച് നേരത്തെ തുറക്കാനുള്ള എന്റെ ആത്മാര്‍ഥത ഉപ്പയെ ആശ്ച്ചര്യപെടുത്തിയതില്‍ എനിക്ക് അത്ഭുതം തോന്നിയില്ല. കാരണം, എന്റെ ലക്‌ഷ്യം കട തുറക്കലല്ലായെന്നു ഈ ഉപ്പയുണ്ടോ അറിയുന്നു...!
വരാന്തയില്‍ ചാരിവെച്ചിരുന്ന സൈക്കിള്‍ തിടുക്കത്തില്‍ മുറ്റത്തെക്കിരക്കി. വ്യക്തമായി തെളിയില്ലെങ്കിലും ഇളകിയാടുന്ന അതിന്റെ കണ്ണാടിയിലൂടെ തലമുടി ഒന്നുകൂടി തട്ടിയൊതുക്കി. പിന്നെ, സൈക്കിളില്‍ കയറി ആഞ്ഞുചവിട്ടി. റോഡിലെക്കെത്തിയാല്‍ എല്ലാവരും പരിചയക്കാരാണ്‌, അതുകൊണ്ട്
'അവള്‍' മെയിന്‍ റോഡിലേക്ക് കേറുന്നതിനു മുന്‍പുള്ള ഇടവഴിയാണ് എന്റെ ലക്‌ഷ്യം. വൈകിയാല്‍ ഇടവഴിയിലെ കണ്ടുമുട്ടല്‍ മിസ്സായിപോകും..!


കുറച്ചു ദിവസ്സായിട്ടുള്ളൂ, ഞാനവളെ ശ്രദ്ധിച്ചു തുടങ്ങിയിട്ട്. ബേക്കറിയുടെ മുന്നിലൂടെയാണ്‌ അവളുടെ സ്കൂളിലേക്കുള്ള യാത്ര. ആദ്യമൊക്കെ വെറുമൊരു കൌതുകത്തോടെ നോക്കിനില്‍ക്കും. ചിലപ്പോഴൊക്കെ ആ കണ്ണുകള്‍ എന്നെയും തഴുകിയുണര്‍ത്തി കടന്നുപോകും; ഒരു കടാക്ഷം പോലെ...!

മിനിഞ്ഞാന്ന് രാത്രി ഉറക്കമോഴിച്ചിരുന്നെഴുതിയ പ്രണയലേഖനം...! ഒരുപാട് എഴുതണമെന്നുണ്ടായിരുന്നു, എന്നിട്ടും വളരെ കുറച്ചു വരികളില്‍ ഒതുക്കി. അവളുടെ ക്ലാസ്സില്‍ പഠിക്കുന്ന ഷഫീക്കിന്റെ നിര്‍ബന്ധമാണ്‌ ഇങ്ങനെയൊരു സാഹസത്തിനു പ്രേരണ.

ബേക്കറി കടയിലെ സ്ഥിരം സന്ദര്‍ശകനാണ് ഷഫീക്ക്. റോഡിലൂടെ പോകുന്ന പെണ്‍പിള്ളാരെ നോക്കി കമ്മെന്റടിക്കാനുള്ള ഒരു സുരക്ഷിത മേഖലയായി എന്റെ ഷോപ്പ് അവനുപയോഗിക്കുന്നു. പ്രായത്തില്‍ എന്നെക്കാള്‍ ചെറുതാണെങ്കിലും ഇത്തരം വിഷയങ്ങളില്‍ ശിഷ്യപെട്ടുപോകുന്ന പ്രകൃതം.
ഞാന്‍ എന്റെ ഉള്ളില്‍ വിരിയുന്ന മൊട്ടിനെ കുറിച്ച് അവനോടുപറഞ്ഞു. അവന്റെ കൂട്ടത്തിലേക്ക് ഒരാളെകൂടി കിട്ടിയ സന്തോഷം ആ മുഖത്തു ഞാന്‍ കണ്ടു. ട്യൂഷന്‍ സെന്റെറില്‍ ഇരുവരും ഒരേ ക്ലാസ്സിലാനെന്നരിഞ്ഞതോടെ ഞാനും ഹാപ്പിയായി. എനിക്ക് വേണ്ടി എന്ത് ത്യാഗവും ചെയ്യാന്‍ ഷഫീക്കും..!

"ഷമീര്‍ക്ക ഒരു കത്തെഴുതി തായോ, അവള്‍ക്കു കൊടുക്കേണ്ട കാര്യം ഞാനേറ്റു..."

ആ ഉറപ്പു ഒന്നുകൂടി ഉറപ്പിക്കാന്‍ ഒരു ജ്യൂസും മുട്ടപഫ്സും ഉപ്പയറിയാതെ ഞാനവനു കൊടുത്തു..!

പക്ഷെ, കത്തെഴുതി, കവറിലാക്കി കൊടുത്തപ്പോള്‍ അവന്‍ കാലുമാറി..!

"ഇത് ഞാന്‍ കൊടുക്കുന്നതിനേക്കാള്‍ നല്ലത് ഷമീര്‍ക്ക നേരിട്ട് കൊടുക്കുന്നതാ..."

"ഏയ്‌, അത് ശരിയാവില്ല..! നീ കൊടുക്കാമെന്നു പറഞ്ഞതുകൊണ്ട് മാത്രാ ഞാന്‍ എഴുതിയത് തന്നെ..!"

ഒടുവില്‍, അവന്‍ തന്നെ ഒരു ഉപായം കണ്ടെത്തി, തലേദിവസം നോട്ട്സ് എഴുതിയെടുക്കാനെന്നും പറഞ്ഞു അവളുടെ ഒരു നോട്ടുബുക്ക് ഷഫീക്ക് വാങ്ങിക്കൊണ്ടുവന്നു. തിരിച്ചുകൊടുക്കുമ്പോള്‍ അതിനുള്ളില്‍ വെച്ച് ലെറ്റെരും കൊടുക്കാമെന്ന ഐഡിയ എനിക്കും ബോധിച്ചു.

അങ്ങിനെ, ഈ ഇടവഴിയില്‍ വച്ചുതന്നെ എന്റെകൂടി സാമിപ്യത്തില്‍ ഷഫീക്ക് പുസ്തകം തിരികെയെല്പിച്ചു. ബാക്കി കാര്യങ്ങള്‍ ക്ലാസ്സില്‍ വെച്ച് അവളോട്‌ പറയാമെന്നു ഷഫീക്ക് ഏറ്റു, കടയില്‍നിന്നും ജ്യൂസും പഫ്സും ഉപ്പയരിയാതെ വീണ്ടും ഞാന്‍ മുക്കി..!


ഇന്നിപ്പോള്‍, ഈ ഇടവഴിയില്‍, അവളുടെ മറുപടിക്കായി ഒറ്റയ്ക്ക് കാത്തുനില്‍ക്കാന്‍ എനിക്ക് പേടിതോന്നിയില്ല, ഷഫീക്കിനെ ഏല്‍പ്പിച്ച ദൌത്യം അവന്‍ ഭംഗിയായി കൈകാര്യം ചെയ്തുവെന്നത് എനിക്ക് ധൈര്യം നല്‍കി.

കുറച്ചുനേരം കഴിഞ്ഞുള്ളു, അകലെനിന്നും അവളുടെ വരവ് ഞാന്‍ കണ്ടു..! ആ നീല ചുരിദാറിന്റെ തിളക്കം പണ്ടേ എന്റെ മനസ്സ് കീഴടക്കിയിരുന്നു... അവള്‍ അടുത്തു വരുന്തോറും എന്റെ ഹൃദയമിടിപ്പ്‌ ഉച്ചത്തിലായി. എന്തെങ്കിലും ചോദിക്കാനായി ഒരു വാക്ക് പോലും മനസ്സില്‍ ഞാന്‍ കരുതിയിട്ടില്ലാലോ...! എന്താ ചോദിക്കാ..? അവളുടെ മുഖത്തു ഒരു പുഞ്ചിരി ഒളിച്ചിരിപ്പുണ്ടോ..? ദാ.. എന്റെ വളരെയടുത്ത്, അവളെത്തി.

"ഇന്നലെ ഷഫീക്ക് വല്ലതും പറഞ്ഞിരുന്നോ...?"
ഞാന്‍ അത്രക്കും ഒപ്പിച്ചു.

മറുപടിയില്ല, മുഖത്തേക്ക് നോക്കുന്നെയില്ല. പക്ഷെ... ആ പുഞ്ചിരി അവിടെത്തന്നെയുണ്ട്..!

"ഹല്ലോ... എന്റെ പേര് ഷമീര്‍.."
പിന്നെയും ഏശിയില്ല. പടച്ചോനെ, ഇനി ചെവി കേള്‍ക്കാണ്ടാണോ...?

അവള്‍ എന്നെയും കടന്നു പോകുന്നു..! ഒരിക്കല്‍ക്കൂടി വിളിച്ചുനോക്കി, പക്ഷെ എന്റെ ശബ്ദം പുറത്തേക്ക് വന്നേയില്ല. മെയിന്‍ റോഡിനു മുന്പായി ഒരു ശ്രമംകൂടി നടത്താനായി, ഞാന്‍ സൈക്കിള്‍ റിവേര്‍സ് തിരിച്ചു, ഒന്ന് മോന്നോട്ടാഞ്ഞു പിടിച്ചു.
അള്ളോ..! സൈക്കിള്‍ നീങ്ങുന്നില്ല, ടയര്‍ കറങ്ങുന്നുമുണ്ട്. ആരുടെയോ കൈകളില്പെട്ടു സൈക്കിളും ഞാനും വായുവില്‍ നില്‍ക്കുകയാണെന്ന് അപ്പോള്‍ തിരിച്ചറിവുണ്ടായി.
തിരിഞ്ഞു നോക്കിയപ്പോള്‍, പിന്നില്‍ കരുത്തിരുണ്ടൊരു ആജാനുബാഹു, അറവുകാരന്‍ പരീതുക്ക..!!!

"ഹി ഹി, പരീതുക്ക..."

"നീയാ ബെസ്റ്റ് ബേക്കറീലെ പയ്യനല്ലേ...?"

"അതെ...."

"നീയെന്താ ഇവിടെ...?"

"ഹില്ല, വെറുതെ.....!"

"എന്തായിത്...?"

"യേത്..."
പരീതുക്കയുടെ കയ്യില്‍ ഞാനെഴുതിയ ലെറ്റര്‍..!

"മുട്ടേന്നു വിരിഞ്ഞിട്ടില്ല, അവന്ടൊരു പ്രേമലേഖനം...!"
മൂപ്പരത് ചുരുട്ടിക്കൂട്ടി എന്റെനേരെ വലിച്ചെറിഞ്ഞു.

"ഞാനൊരു തമാശക്ക്..."

"നിന്റെ ഉപ്പാനെ ഞാന്‍ കാണട്ടെ... ന്റെ മോളെടുത്താ നിന്റെ തമാശ."

പരീതുക്ക സൈക്കിളില്‍ നിന്നും പിടിവിട്ടതും ഞാന്‍ മുന്നോട്ടു കുതിച്ചു. ശക്തി ചോര്‍ന്നുപോയ കാലുകളേക്കാള്‍ തളര്‍ന്ന മനസ്സുമായി..., ഒന്ന് പിന്തിരിഞ്ഞു നോക്കാന്‍ പോലും ധൈര്യമില്ലായിരുന്നു...!


അതോടെ അവസാനിച്ചു, ബെസ്റ്റ് ബേക്കറിയില്‍ നിന്നുള്ള എന്റെ എത്തിനോട്ടങ്ങള്‍. ഇക്കാര്യങ്ങളൊന്നും പരീതുക്ക ഉപ്പയോട്‌ പറഞ്ഞില്ലെങ്കിലും, പിന്നീടുള്ള പല രാത്രികളിലും ഒരു പേടിപ്പെടുത്തുന ഭീകര രൂപമായി പരീതുക്ക നിറഞ്ഞുനിന്നിരുന്നു....


(ഇതാണ് എന്റെ ആദ്യ പ്രണയ ലേഖനത്തിന്റെ കഥ. പക്ഷെ, എന്റെ ആദ്യ പ്രണയം ഇതൊന്നുമല്ലാട്ടോ...! അതുമായി ഞാന്‍ പിന്നെ വരാം.)

Tuesday, March 1, 2011

കൊച്ചു കൊച്ചു കള്ളത്തരങ്ങള്‍.


ഇനി രണ്ടു ദിവസം സ്കൂള്‍ അവധിയാണ്. വെള്ളിയാഴ്ച ദിവസം സ്കൂള്‍ വിടാനുള്ള ബെല്ലു കെട്ടാല്‍ മനസ്സില്‍ സന്തോഷത്തിന്റെ പെരുമ്പറ മുഴങ്ങും.  പഠിപ്പിന്റെ ഭാരമില്ലാത്ത രണ്ടു ദിവസം.  പുസ്തങ്ങള്‍ക്ക് തല്‍ക്കാലം വിട..!
ഇന്നലെ പകുതിയില്‍ വെച്ചു നിര്‍ത്തിയ കളികളുടെ ബാക്കി പൂര്‍ത്തിയാകാനുള്ള ആവേശമാണ് മനസ്സില്‍..., അല്ലെങ്കിലും ഞങ്ങള്‍ ജയിക്കേണ്ട കളിയായിരുന്നു അത്...!
വീടിന്റെ തൊട്ടടുത്തുളള പള്ളി പറമ്പാണു ഞങ്ങളുടെ കളിസ്ഥലം. വീട്ടിലെത്തി കഴിഞ്ഞാല്‍ പുസ്തകങ്ങള്‍ അലമാരയിലേക്ക് വലിച്ചെറിഞ്ഞു ഒരോട്ടമാണ്. മഗ്‌രിബു വാങ്ക് കേള്‍ക്കുമ്പോഴേ കളിനിര്‍ത്തുള്ളൂ, അതും പള്ളിയിലെ ഉസ്താതിനെ പേടിച്ചു മാത്രം..!

ഇന്നലെ, കളിച്ചു കളിച്ചു സമയം പോയതറിഞ്ഞില്ല.
പകുതിയില്‍ നിര്‍ത്തിയത് ബാക്കി നാളെ തുടരാമെന്ന ഉറപ്പിലായിരുന്നു. ഇന്ന് അത് കളിച്ചു തീര്‍ക്കണം, ജയിക്കണം. മനസ്സ് ഇപ്പോഴേ പള്ളിപ്പറമ്പിലെത്തിയിരുന്നു.  പുസ്തക സഞ്ചിയും തൂക്കി ഞാന്‍ പിന്നാലേയും.

സ്കൂളില്‍ നിന്നും വീട്ടിലേക്കുള്ള എന്റെ കൂട്ട് ഇത്താത്ത തന്നെയാണ്. ഇത്താത്തയുടെയും കൂട്ടുകാരികളുടെയും പിന്നിലായി ഞാന്‍ നടക്കും. വഴിയരികിലെ പാടത്തും തോട്ടിലും കുറേനേരം നോക്കിനില്‍ക്കാന്‍ തോന്നാറുണ്ട്, പക്ഷെ, ഇത്താത്ത സമ്മതിക്കില്ല. അനുസരിച്ചില്ലെങ്കില്‍ വീട്ടില് ‍ചെന്നു ഉപ്പയോട്‌ പറഞ്ഞു കൊടുക്കും. അതുകൊണ്ട് അനുസരിച്ച് കൂടെ നടക്കുന്നു...
അടുത്തവര്‍ഷം ഇത്താത്ത സ്കൂള്‍ മാറിപ്പോകും, അന്നേരം എനിക്ക് സ്വതന്ത്രം കിട്ടും.
ഹും !!!, അപ്പോള്‍ ഞാന്‍ കാണിച്ചുതരാം...
വീട്ടിലെത്തും മുന്‍പേ പള്ളിപ്പറമ്പില്‍ നിന്നും കൂട്ടുകാരുടെ ആരവം കേട്ടു തുടങ്ങിയിരുന്നു. കുപ്പായത്തിന്റെ ബട്ടണുകള്‍ ഞാന്‍ അപ്പഴേ അഴിച്ചുതുടങ്ങി. സ്കൂള്‍ ബാഗ്‌ തോളില്‍നിന്നും കയ്യിലേക്ക് പിടിച്ചു എറിയാന്‍ തയ്യാറായി....
വീട്ടിലെത്തുമ്പോള്‍ കിഴക്കേ വരാന്തയില്‍ ഉപ്പയെ കണ്ടു..! ഇത് പതിവില്ലാത്തതാണ്. വൈകുന്നേരങ്ങളില്‍ ഉപ്പ പള്ളിമുക്കിലെ ചായക്കടയിലോ മറ്റോ പോവാറാണു പതിവ്. മോന്തിയാവുമ്പഴേ തിരിച്ചെത്തൂ.
പുറത്തു കളിക്കാന്‍ പോകുന്നത് ഉപ്പാക്ക് ഇഷ്ട്ടമല്ല. വീട്ടിലിരുന്നു കളിക്കാനാണു ഓര്‍ഡര്‍.

ഉപ്പാക്കെന്തറിയാ...? ഈ ഇത്താത്തയോടപ്പമിരുന്നു എന്തുകളി, കല്ലുകളിയോ..? അതിനു എന്നെ കിട്ടൂല...
ഞാന്‍ പതിവായി ഉപ്പയറിയാതെ മുങ്ങും. ഉപ്പ  തിരിച്ചു വരുമ്പോഴേക്കും കളിയൊക്കെ കഴിഞ്ഞു ഒന്നുമറിയാത്തവനെ പോലെ ഞാനിരിക്കും. അതിനുപിന്നില്‍ ഉമ്മയുടെ ചെറിയ സമ്മതവും ഇല്ലാതില്ല.
ദാ...ഇപ്പോള്‍, പള്ളിപ്പറമ്പിലേക്കുള്ള എന്റെ ഓട്ടത്തിന് തടസ്സമായി ഉപ്പ ഇരിക്കുന്നു.
ഇനി എന്തുചെയ്യും...?  വേദനയ്ക്ക് കൂടുതല്‍ കരുത്തു നല്‍കിക്കൊണ്ട് പള്ളിപ്പറമ്പിലെ ഒച്ചപ്പാട് ഉയര്‍ന്നുകൊണ്ടിരുന്നു.
ചായയും എനിക്കേറ്റവും ഇഷ്ട്ടമുള്ള പോത്തന്‍ ബിസ്കറ്റും മുന്നിലിരുന്നിട്ടും കഴിക്കാന്‍ തോന്നിയതേയില്ല.
ഉപ്പ ഇന്ന് പുറത്തേക്ക് പോകുന്നില്ലെന്ന് തോന്നുന്നു. എന്റെ അവസാന പ്രതീക്ഷയും വീണുടയുന്നു...

"എടാ... ഷമീറേ..." ഉപ്പ വിളിക്കുന്നു...!

ഹാവൂ, ഇനിയിപ്പോ കളിക്കാന്‍ പൊയ്ക്കോളാന്‍ പറയാനാണോ...? എന്റെയുള്ളില്‍ ഒരു വെളിച്ചം വീണു.

"ന്താ, ഉപ്പാ..."

"നീയാ തീപ്പെട്ടിയെടുത്തെ..."

വിരലുകള്‍ക്കിടയില്‍ കാജ ബീഡി തിരികി തീപ്പെട്ടി എടുക്കാനായി വിളിച്ചതാ...
ആ വെളിച്ചവും പൊലിഞ്ഞു...
ഉപ്പാടെ കീശയില്‍ നിന്നും തീപ്പെട്ടി എടുക്കുമ്പോള്‍ അതിന്റെ കൂടെ രണ്ടു രൂപയുടെ ഒരു മുഷിഞ്ഞ നോട്ടും പുറത്തേക്കുവന്നു. പൈസ തിരികെ അവിടെത്തന്നെ വെച്ച് തീപ്പെട്ടിയുമായി ഉപ്പയുടെ അരികിലെത്തി. ബീഡി കത്തിച്ച ശേഷം തീപ്പെട്ടി എന്നെ തിരികെയെല്‍പ്പിച്ചു. തീപ്പെട്ടി തിരിച്ചു വെക്കുമ്പോള്‍ ആ രണ്ടു രൂപ പിന്നെയും എന്റെ കയ്യില്‍പറ്റി. സ്കൂളിനടുത്തുള്ള അയമുക്കാടെ കടയിലെ നാരങ്ങ മിഠായിയും നെല്ലിക്ക അമ്മായിയുടെ ഉപ്പിലിട്ട നെല്ലിക്കയും മനസ്സിലൂടെ മിന്നിമറഞ്ഞു. കളിക്കാന്‍ പോകാന്‍ കഴിയാത്ത വേദനയും കൂടിയായപ്പോള്‍, പിന്നെ ഒന്നും ആലോചിച്ചില്ല, ആ രണ്ടു രൂപ എന്റെ ട്രൌസറിന്റെ പോക്കറ്റിലായി.
തിരികെ ഹാളിലെ സോഫയില്‍ വന്നിരുന്നത് ഒരു പണക്കാരന്റെ അഹങ്കാരത്തോടെയാണ്. നാളെ സ്കൂലിലെത്തുമ്പോള്‍, പത്തിന്റെം ഇരുപതിന്റെം പൈസയുമായി വരാറുള്ള രാജേഷിനെക്കാളും അമീറിനേക്കാളും വലിയ ഒരു പൈസക്കാരനാവും ഞാന്‍. വാങ്ങേണ്ട മിഠായിയും പങ്കുവെച്ചുകൊടുക്കേണ്ട കൂട്ടുകാരുടെ മുഖങ്ങളും മനസ്സില്‍ മിന്നിമറഞ്ഞു.
അതിനിടയില്‍, ഉപ്പ പള്ളിമുക്കിലേക്ക് പോകാനായി ഷര്‍ട്ട്‌ ധരിച്ചു പുറത്തേക്കിറങ്ങുന്നത് ഞാന്‍ ശ്രദ്ധിച്ചു. തെക്കെ പറമ്പിന്റെ  വേലിയും കഴിഞ്ഞു ഉപ്പയുടെ തലവെട്ടം മറയുന്നതുവരെ ഞാന്‍ നോക്കിനിന്നു. പിന്നെ, വടക്കേ ഇടവഴിയിലൂടെ പള്ളിപ്പറമ്പിലേക്കോടി.
ഞാന്‍ വളരെ വൈകിപ്പോയിരുന്നു, കളി കഴിയാനായിരിക്കുന്നു. പിന്നെ വെറുമൊരു കാഴ്ചക്കാരനായി കണ്ടു നിന്നു. അല്ലെങ്കിലും കളിക്കാനുള്ള ആവേശം ഇല്ലാതായപോലെ, നാരങ്ങ മിഠായിയും അയമുക്കാടെ പീടികയും എന്നെ വല്ലാതെ മോഹിപ്പിക്കുന്നു. സ്കൂളില്‍ പോകാന്‍ ഇനിയും രണ്ടുദിവസം കാത്തിരിക്കണമെന്ന കാര്യം അന്ന് ആദ്യമായി എന്നെ വേദനിപ്പിച്ചു. അത്രേം വരെ ക്ഷമിക്കാന്‍ എനിക്ക് കഴിയുന്നില്ല.
വീടിന്റെ കുറച്ചപ്പുറം ഒരു ചെറിയ കടയുണ്ട്, സ്കൂളില്‍ പോകുന്ന വഴിയില്‍ കണ്ടിട്ടുള്ളതാ. പിന്നെ അവിടെ നിന്നില്ല, ട്രൌസറിന്റെ പോക്കറ്റില്‍ കയ്യിട്ടു സാമ്പത്തിക ഭദ്രത ഉറപ്പാക്കിയ ശേഷം നേരെ വെച്ചുപിടിച്ചു, ആ കടയിലേക്ക്....
ചെറിയൊരു പെട്ടിക്കടയാണ്, അതിനുള്ളിലിരുന്നു ഒരു വെല്ലിപ്പ ബീഡി തെറുക്കുന്നു. ഏതു മിഠായി വാങ്ങണം എന്നറിയാതെ അവിടെത്തന്നെ കുറച്ചുനേരം  ചുറ്റിപറ്റി നിന്നു. അവിടെ നാരങ്ങ മിഠായി കണ്ടില്ല, വേറെന്തു വാങ്ങാന്‍... അപ്പോഴാണ്‌ സ്ലൈറ്റ് പെന്‍സില്‍ ഞാന്‍ കണ്ടത്. ഒടിഞ്ഞ പെന്‍സില്‍ കഷ്ണവും ഇത്താത്ത ഉപയോഗിച്ച ബാക്കിയായ കഷ്ണങ്ങളും മാത്രമായിരുന്നു എന്റെ പെന്‍സില്‍ ശേഖരണത്തില്‍ അതുവരെ ഉണ്ടായിരുന്നത്. പത്തു പെന്സിലുള്ള ഒരു പാക്കറ്റ് വാങ്ങി ട്രൌസറിന്റെ കീശയില്‍ പൂഴ്ത്തിവെച്ചു ബാക്കി കിട്ടിയ ഒരു രൂപ പോക്കറ്റിലും ഇട്ടു ഞാന്‍ വീട്ടിലേക്കു നടന്നു.

വീട്ടിലെത്തിയപ്പോള്‍ കിഴക്കേ വരാന്തയില്‍ എല്ലാവരും കൂടി നില്‍ക്കുന്നു. ഉപ്പയും, ഉമ്മയും, വാപ്പുമ്മയും ഒക്കെയുണ്ട്. എന്നിക്കെന്തോ പന്തികേട്‌ തോന്നി. ഞാന്‍ നടത്തം നിര്‍ത്തി. കൈകൊണ്ടു കീശയുടെ ഭാഗം മറച്ചുപിടിച്ചു.

"ഡാ... ഇങ്ങട് വാടാ..."

ഉപ്പ വളരെ ദേഷ്യത്തിലായിരുന്നു.
ഒന്ന് മടിച്ചെങ്കിലും വിളിയുടെ ശക്തി എന്നെ ഉപ്പയുടെ അരികിലെത്തിച്ചു.

"എന്താടാ പോക്കറ്റില്.."

"ഒന്നുമില്ല..."

പറഞ്ഞു തീരും മുന്‍പേ പോക്കറ്റിലെ പെന്‍സില്‍ പാക്കറ്റ് ഉപ്പ പുറത്തെടുത്തിരുന്നു. അതിന്റെ കൂടെ ആ ഒരുരൂപയും പുറത്തേക്ക് തെറിച്ചു വീണു.

"എന്താണിത്..."

"പെന്‍സില്‍..."

"നിനക്ക് ആരാ തന്നെ...?"

"എന്റെ ക്ലാസ്സിലെ ഒരു കുട്ടി തന്നതാ..." അത്രയ്ക്കും ഞാന്‍ ഒപ്പിച്ചു.
അപ്പോഴേക്കും ആദ്യ അടി വീണിരുന്നു. പിന്നെയും കിട്ടി ഒന്നുകൂടി. മൂന്നാമത്തെ അടിക്കു മുമ്പേ വാപ്പുമ്മ ഇടയില്‍ കയറി, പകുതി വാപ്പുമ്മാക്കും കൊണ്ടു.  ഉപ്പ നിന്ന് വിറക്കുകയാണ്. വാപ്പുമ്മ എന്നെ വീടിനകത്തേക്ക്  പിടിച്ചുമാറ്റി.  ഉപ്പ അരിശം തീരും വരെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് ഉമ്മയോടും ദേഷ്യപ്പെടുന്നുണ്ട്.

"നിനക്ക് പെന്‍സില്‍ വെങ്ങാന്‍ പൈസ വേണമെങ്കില്‍ ഞാന്‍ തരുമായിരുന്നില്ലേ...?"

വാപ്പുമ്മയുടെ വിറയ്ക്കുന്ന കൈകള്‍ എന്നെ തലോടുന്നു.
ചെയ്ത തെറ്റിന്റെ ആഴം തിരിച്ചറിഞ്ഞിട്ടല്ലങ്കിലും എന്റെ കണ്ണ് നിറഞ്ഞൊഴുകി... അന്ന് വീട്ടില്‍ എല്ലാവരുടെയും മുഖത്തു മ്ലാനത മാത്രം.
ഭക്ഷണമൊന്നും കഴിക്കാന്‍ കൂട്ടാക്കാതെ ഞാന്‍ കിടന്നു. അടികൊണ്ടു ചുവന്നു വീര്‍ത്ത വടുവില്‍ ഉമ്മ വന്നു തടവുന്നു...

"മോനെ, ചോറ് തിന്നെടാ... ഒരുനേരം പട്ടിണി കിടന്നാല്‍ ഒരു പ്രാവിന്റെ ഇറച്ചി കുറയും....."

"കുറയട്ടെ, നല്ലോണം കുറയട്ടെ...."

മുഖം തലയണയില്‍ പൂഴ്ത്തി ഞാന്‍ കിടന്നു.

"എന്താ ഇവിടെ, അവനു ഭക്ഷണം വേണ്ടങ്കില്‍ വേണ്ടാ..., നിങ്ങളുപോയി കഴിച്ചോ..." ഉപ്പയുടെ ശബ്ദം.

ഞാന്‍ കണ്ണുകള്‍ മുറുക്കിയടച്ചുതന്നെ കിടന്നു. എന്റെ പുറത്തു ഉപ്പയുടെ കൈകളുടെ സ്പര്‍ശം ഞാന്‍ തിരിച്ചറിഞ്ഞു.  തലപൊക്കി നോക്കാന്‍ എനിക്ക് കഴിഞ്ഞില്ല,  അത്രയ്ക്കുമുണ്ടായിരുന്നു എന്റെയുള്ളിലെ കുറ്റബോധം...!

<<<<<<<<<<<<<<<<<<<>>>>>>>>>>>>>>>>>>>>>

വര്‍ഷങ്ങള്‍ക്കു ശേഷം ഒരിക്കല്‍ എന്റെ ഡയറിയില്‍ ഈ കാര്യങ്ങള്‍ കാണാനിടയായ ഉപ്പ എന്നോട് ചോദിച്ചു.

"നീ ഇതൊന്നും മറന്നില്ലടാ...."

എന്റെ ജീവിതത്തില്‍ വല്ല നന്മയും അവശേഷിക്കുന്നുണ്ടങ്കില്‍ അത് ഈ ഉപ്പയുടെ ശാസനയിലൂടെ കിട്ടിയതാണെന്ന് എനിക്ക് പറയണമെന്നുണ്ടായിരുന്നു. പക്ഷെ, ഉപ്പയുടെ മുഖത്തുനോക്കി വലിയ വലിയ കാര്യങ്ങള്‍ പറയാന്‍ ഇന്നും എനിക്ക് അറിയില്ല. അതുകൊണ്ട് ഞാന്‍ ചിരിക്കുക മാത്രം ചെയ്തു, കൂടെ ഉപ്പയും....!

Tuesday, February 15, 2011

ഒരു പെരുന്നാള്‍ സമ്മാനം


ടിക്ക്... ടിക്ക്...
വാങ്കിനു മുമ്പ് മുക്രിക്കയുടെ പതിവുള്ള രണ്ടു മുട്ടല്‍. ഇശാ വാങ്കും കഴിഞ്ഞു ഇനിയേതാ വാങ്കെന്നു ചിന്തിക്കുമ്പോഴാണു അടുക്കളയില് ‍നിന്നും ഉമ്മ വിളിച്ചുപറഞ്ഞത്‌,
"മാസം കണ്ടു, നാളെ പെരുന്നാളായി"
പറഞ്ഞു തീരും മുമ്പ് തക്ബീര്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നു...!
പിന്നെ, അതൊരു ഉത്സാഹമായി പടര്‍ന്നു.... രണ്ടു മൂന്നു വട്ടം ഞാനും അതേറ്റു ചൊല്ലി....
പുണ്ണ്യമായ റംസാന് വിടപറഞ്ഞു കൊണ്ട്‌ ശവ്വാലിന്റെ പൊന്നമ്പിളി ആകാശത്ത് വിരിഞ്ഞു... ഞങ്ങള്‍ കുട്ടികള്‍ക്ക് അതൊരു ആഘോഷക്കാലം.

നോമ്പ് കഴിഞ്ഞു പോകുന്നതില്‍ വേദനയോടെ നിസ്കാര പായയിലിരുന്നു കരഞ്ഞ വാപ്പുമ്മയെ കണ്ടപ്പോള്‍ അത്ഭുതം തോന്നി. പെരുന്നാളായാല്‍ സന്തോഷിക്കലല്ലേ വേണ്ടത്..? അന്നേരം മടിയിലേക്ക്‌ പിടിച്ചിരുത്തി വാപ്പുമ്മ പറഞ്ഞ വലിയ വലിയ കാര്യങ്ങള്‍ ഒന്നും മനസ്സില്‍ കേറിയിരുന്നില്ല.


ഖുര്‍'ആന്‍ ഒത്തു മാതിയാക്കി പതിയെ എണീറ്റു, വടക്കേല് ഈ സമയം എല്ലാരും ഒത്തുകൂടിട്ടുണ്ടാവും, ഞങ്ങളുടെ സ്ഥിരം താവളമാണത്.വാങ്ങി വെച്ച പടക്കങ്ങളും പൂത്തിരികളും ഒരുമിച്ചിരുന്നു കത്തിച്ചു തീര്‍ക്കണം, അതാണ്‌ പതിവ്.
ഉപ്പ പള്ളിയില്‍നിന്നും വരാന്‍ ഇനിയും വൈകും. ഉമ്മ നല്ല തിരക്കിലുമാണ്, പൊതുവേ അടുക്കളയില്‍ ഉമ്മ അങ്ങിനെയാണ്.
"ഉമ്മാ, ഞാന്‍ വടക്കേ പോണു..."
സമ്മതത്തിനു കാത്തുനില്‍ക്കാതെ വേഗം ഇറങ്ങുമ്പോള്‍ പടിഞ്ഞാപ്പുറത്തു ഇത്തയും അനിയത്തിമാരും മൈലാഞ്ചി ഇടുന്ന തിരക്കിലാണ്. കൂടെ അയല്‍വക്കത്തെ കുട്ടികളുമുണ്ട്.അവര്‍ പെരുന്നാള് പണ്ടേ ഉറപ്പിച്ച മട്ടാനെന്നു തോന്നുന്നു...!


വടക്കേ വീട്ടിലെ തെക്കേ വരാന്തയില്‍ എല്ലാവരും ഒത്തുകൂടിയിട്ടുണ്ട്...!
കമ്പിത്തിരിയും, മേശാപ്പൂവും, തലച്ചക്രവും പിന്നെ പടക്കങ്ങളും ഓരോന്നായി പുറത്തെടുത്തു. പിന്നെ ഒരു മത്സരമായിരുന്നു; എല്ലാം ആവേശപൂര്‍വ്വം കത്തിച്ചു തീര്‍ക്കാനായി. അപ്പോഴേക്കും ഉമ്മയുടെ വിളി വന്നു. മനസ്സില്ലാ മനസ്സോടെ വീട്ടിലേക്കോടി. ഉപ്പ അപ്പോഴും എത്തിയിട്ടുണ്ടയിരുന്നില്ല.
ചോറ് തിന്നു കൈ കഴുകുമ്പോഴാണു ഒരു വെള്ളിടി പോലെ ആ കാര്യം ഓര്‍മ്മവന്നത്. പെരുന്നാളിന്നു ഇടാനുള്ള ഷര്‍ട്ടും പാന്റും തുന്നക്കടയില്‍ നിന്നും വാങ്ങിയിട്ടില്ല...!!!
പുതിയ ഷര്‍ട്ടും പാന്റുമില്ലാതെ എന്ത് പെരുന്നാള്‍..? എന്ത് ആഘോഷം...? മനസ്സ് ഉരുകിപ്പോയി, ശരീരത്തിന് ഒരു വിറയല്‍... ആകെ വിയര്‍ത്തുപോയി...
"നിനക്കിവിടെ വെറുതെ ഇരുന്ന നേരത്ത് അതൊന്നു പോയി വാങ്ങാമായിരുന്നില്ലേ..."
ഉമ്മയുടെ ചോദ്യം കൂടുതല്‍ നോവിച്ചുപോയി.
"ഞാന്‍ പോയിരുന്നു, അപ്പൊ കഴിഞ്ഞിട്ടുണ്ടായില്ല.. അതാ"
തുന്നക്കാരന്‍ ജലീല്‍ക്കയെ മനസ്സില്‍ വിചാരിച്ചു മേശമേല്‍ ഒരു ഇടി...!
ശരിയാണ്, ഒരു മണിക്കൂറിലേറെ നേരം അവിടെപോയി കാത്തിരുന്നു. പെരുന്നാള്‍ തിരക്കുകൊണ്ട് അയാള്‍ എന്നെ ശ്രദ്ധിക്കുക പോലുമുണ്ടായില്ല.
"ഞാന്‍ തയ്ച്ചു വെച്ചോളാം, നീ പൊക്കോ..."
എന്റെ ഇരിപ്പു കണ്ട് ദയ തോന്നിയിട്ടാവാം, ജലീല്‍ക്ക അങ്ങിനെ പറഞ്ഞത്. അത് കേള്‍ക്കാത്തപോലെ വീണ്ടും അവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നപ്പോള്‍ ജലീല്‍ക്ക വീണ്ടും പറഞ്ഞു, "നാളെ എന്തായാലും പെരുന്നാളാവില്ല, ഇന്ന് മാസം കാണാന്‍ ഒരു സാധ്യതയുമില്ല" ആ ഒരു ഉറപ്പായിരിക്കാം എന്നെയും പറ്റിച്ചത്...!
ഇനിയിപ്പോ എന്തുചെയ്യും...? രാത്രിയായി, കട പൂട്ടിയിട്ടുണ്ടാവും.. അല്ലെങ്കില്‍ തന്നെ ഈ സമയത്ത് എങ്ങിനെ പോകാന്‍...?
"സാരല്യാ, നാളെ രാവിലെ വാങ്ങാം" ഉമ്മയുടെ ആശ്വാസ വാക്കുകളില്‍ നിന്നൊന്നും എനിക്ക് തൃപ്തി കിട്ടിയില്ല...!
ഇത്താത്തയും അനിയത്തിമാരും എന്റെ വേദന കാണുന്നേയില്ല. മൈലാഞ്ചിയിട്ടത് കുറഞ്ഞുപോയ വിഷമമാണ് അവരുടെ മുഖത്ത്. കൈ തിരിച്ചും മറിച്ചും നോക്കി എന്തൊക്കെയോ പിറുപിറുക്കുന്നു...
കൈമുട്ടുകൊണ്ട് ഇത്താത്തക്ക് ഒരു തട്ടുകൊടുത്തു അവരെ എന്റെ പ്രശ്നത്തിലേക്ക് ഞാന്‍ ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചു.
"നന്നായി, മുഴുവന്‍ നോമ്പും പിടിക്കാത്തവര്‍ക്ക് പുതിയ ഡ്രസ്സ്‌ വേണ്ട"
തിരിച്ചു അതിനേക്കാള്‍ ശക്തിയില്‍ എന്റെ മുതുകില്‍ ഇടിച്ചുകൊണ്ട് ഇത്താത്ത ഇതുപറഞ്ഞപ്പോള്‍ വായ കൊണ്ട് ഗോഷ്ട്ടി കാണിച്ചു ഞാന്‍ തിരിച്ചടിച്ചു. തര്‍ക്കിക്കാന്‍ നിന്നില്ല, അല്ലെങ്കിലും, എല്ലാ നോമ്പുമെടുത്ത ഇത്താത്തയുടെ മുന്നില്‍ വെറും ഏഴു നോമ്പുമെടുത്ത എനിക്ക് എന്ത് വീമ്പാണുള്ളത്..?
ഉറക്കം വരില്ലെന്നറിയാം, എന്നാലും നേരത്തെ കിടക്കണം. രാവിലെ എഴുന്നേറ്റു തുന്നിയത് വാങ്ങണം. പഴയ പാന്റ്സും ഷര്‍ട്ടുമിട്ട് പോകുന്ന എന്നെ നോക്കി കളിയാക്കുന്ന കബീറിന്റേയും, സഗീറിന്റേയും മുഖങ്ങളാണ് മനസ്സില്‍...

*** *** ***

നേരം വെളുക്കുന്നതെയുള്ളൂ... അതിന്നിടയില്‍ എത്ര തവണ എണീറ്റ്‌ സമയം നോക്കിയെന്നു ഓര്‍മ്മയില്ല. ഈ നേരമെന്താ ഇനിയും വെളുക്കാത്തെ..? കോഴികൂവാന്‍ മറന്നുപോയോ..? കുറച്ചുനേരം കൂടി തിരിഞ്ഞും മറിഞ്ഞും കിടന്നു. പള്ളിയില്‍ നിന്നും തക്ബീര്‍ ഉയരുന്നു.
അല്‍ഫിയ ടൈലേഴ്സ് തുറന്നിട്ടുണ്ടാവോ..? ജലീല്ക്ക തുന്നിക്കഴിഞ്ഞിട്ടുണ്ടാവുമോ..? പല്ലു തേക്കുമ്പോഴും ചിന്ത അതുമാത്രമായിരുന്നു.


ഉപ്പയെ അവിടെയൊന്നും കണ്ടില്ല, ഹബീബ് ഇക്കാടെ ചായക്കടയിലേക്ക് പോയിട്ടുണ്ടാവും. അതൊരു പതിവാണ്, വീട്ടില്‍ നിന്നും ചായ കുടിച്ചാലും, ചായക്കടയില്‍ പോയി ഒരെണ്ണം കുടിച്ചാലേ ഉപ്പാക്ക് തൃപ്തിയാവൂ.., തിരിച്ചുവരുമ്പോള്‍ റൊട്ടിയോ, വെട്ടു കേക്കോ ഉണ്ടാവും, രാവിലത്തെ ചായയുമായി ഞങ്ങള്‍ ആ പലഹാരത്തിനായി കാത്തിരിക്കും..
അടുക്കളയില്‍ ഉമ്മ പെരുന്നാളിന്റെ ഒരുക്കത്തിലാണ്, കൂട്ടിനു ഇത്താത്തയുമുണ്ട്.ഞാന്‍ വേഗം പുറത്തേക്കിറങ്ങി, ലക്‌ഷ്യം ഒന്നേയുള്ളൂ... അല്‍ഫിയ ടൈലേഴ്സ്.


പോകുന്നവഴി വടക്കേല കബീറിന്റെ വീട്ടില്‍ കയറി. അവന്റെയടുത്ത് സൈക്കിളുണ്ട്, അത്യാവശ്യങ്ങള്‍ക്ക് ഞാനത് വാങ്ങാറുണ്ട്. പക്ഷെ, ഇപ്രാവശ്യം പ്രതീക്ഷ തെറ്റി..! പുറത്തു സൈക്കിള്‍ കാണാനില്ല, കബീര്‍ ഇറച്ചി വാങ്ങാന്‍ പോയത്രേ..!
പിന്നെ നിന്നില്ല, ഓടി. കുറച്ചു ദൂരം പോകാനുണ്ട്. കിതപ്പ് അറിഞ്ഞതേയില്ല..! പോകുന്ന വഴിയിലൊക്കെ പെരുന്നാളിന്റെ ആവേശം നിറക്കുന്ന കാഴ്ചകള്‍..! അതൊന്നും ശ്രദ്ധിക്കാന്‍ ഞാന്‍ മെനക്കെട്ടില്ല.
ഓട്ടത്തിന് വേഗം കൂട്ടി...!
അല്‍ഫിയ ടൈലേഴ്സ് എന്ന ബോര്‍ഡ് അകലെ നിന്നും ഞാന്‍ കണ്ടു, രണ്ടു കടകളുള്ള ചെറിയൊരു കെട്ടിടമാണ്. ഒന്നില്‍ 'ഊത്തുളി' എന്ന് സ്നേഹത്തോടെ നാട്ടുകാര് വിളിക്കുന്ന ഇബ്രാഹിം ഇക്കയുടെ പച്ചക്കറിക്കടയാണ്... പഴക്കുലകള്‍ നിരനിരയായി ഞാണ്ട് കിടക്കുന്നത് കൊണ്ട് ജലീല്ക്ക കട തുറന്നിട്ടുണ്ടോ എന്ന് കാണാന്‍ പറ്റുന്നില്ല...!
കടയുടെ മുന്നിലെത്തിയപ്പോള്‍,
പക്ഷെ....പ്രതീക്ഷകളെല്ലാം തകര്‍ന്നുപോയി. വാതില്‍ പലകയുടെ കൊളുത്തില്‍ ഒരു ബോര്‍ഡ് കിടക്കുന്നു...
"ഇന്ന് കടമുടക്കം"
എന്റെ കണ്ണ് നിറഞ്ഞുപോയി. ആരും കാണാതിരിക്കാന്‍ ഷര്‍ട്ടിന്റെ അറ്റം കൊണ്ടു മുഖം പൊത്തിപിടിച്ച്‌ തിരിച്ചുനടന്നു. നേരത്തെ ഓടിയതിന്റെ ക്ഷീണം ഇപ്പോള്‍ പതിന്മടങ്ങായി ശരീരത്തില്‍ പടരുന്നു, കൈകാലുകള്‍ക്കു നേരിയ വിറയല്‍ പോലെ.

വീടിന്റെ കിഴക്കേ വരാന്തയില്‍ ചെരുപ്പ് കാണുന്നുണ്ട്, ഉപ്പ വന്നിട്ടുണ്ട്. അടുക്കളയിലൂടെ ഞാന്‍ അകത്തുകടന്നു, കാര്യങ്ങള്‍ ഉമ്മാട് പറയുമ്പോഴേക്കും ഞാന്‍ കരഞ്ഞുപോയി...! എന്റെ കരച്ചില്‍ കണ്ടു ഉമ്മ ചിരിക്കുന്നു... ഇതെന്തു ഉമ്മ..? ചിരിക്കുന്നോ..?
"ഡാ, നിന്റെ ഷര്‍ട്ടും പാന്റും ഇന്നലെ രാത്രിതന്നെ ഉപ്പ കൊണ്ടുവന്നു. നീ കടയിലേക്ക് പോകുന്നേരം എന്നോട് ഒന്ന് ചോദിക്കേണ്ടേ...?" എന്റെ കൈത്തണ്ടയില്‍ നുള്ളിക്കൊണ്ടാണ് ഉമ്മ അത് പറഞ്ഞത്. എനിക്ക് വേദനിച്ചില്ല, പകരം ചിരിയാണ് മുഖത്തു വിരിഞ്ഞത്.
"എവിടെ..?"
ശബ്ദം പുറത്തുവന്നില്ല, ആംഗ്യം മാത്രം. ഉമ്മ അകത്തേക്ക് ചൂണ്ടികാണിച്ചു.
അകത്തു ഉപ്പ പത്രം വായനയിലാണ്. പിന്നിലൂടെ ചെന്ന് കെട്ടിപിടിച്ചു മുതുകിലൊരു മുത്തം കൊടുത്തു. പിറകില്‍നിന്നും ഉപ്പ എന്നെ മുന്നിലേക്ക്‌ പിടിച്ചുനിര്‍ത്തി ചേര്‍ത്തുപിടിച്ചു എന്റെ മൂര്‍ദ്ദാവില്‍ ഒരു വലിയ മുത്തം തന്നു. എന്റെ ജീവിതത്തില്‍ എനിക്ക് കിട്ടിയിട്ടുള്ള ഏറ്റവും വലിയ സമ്മാനം; ഉപ്പയുടെ പെരുന്നാള്‍ സമ്മാനം..!!!