Friday, May 27, 2011

അവന്‍.കോരിച്ചൊരിയുന്ന ഒരു മഴയത്ത്, അന്നാണ് ആദ്യമായി ഞാനവനെ കാണുന്നത്. കാറിന്റെ കാറ്റുതീര്‍ന്ന ടയര്‍ മാറ്റുകയായിരുന്നു അവനപ്പോള്‍. നനഞ്ഞു കുതിര്‍ന്ന ഷര്‍ട്ടിനു ഉള്ളിലൂടെ പുറത്തേക്കുന്തിയ അവന്റെ ശോഷിച്ച എല്ലുകള്‍ കാണാമായിരുന്നു....

അതിനു ശേഷം അവനെ കണ്ടത്, വെളുപ്പിന്, ഒരു മഞ്ഞുകാലാത്താണ്. തണുത്തു വിറങ്ങലിച്ചു വളരെ പ്രയാസപ്പെട്ടു പത്രകെട്ടുകള്‍ നെഞ്ചത്തടക്കിപിടിച്ചു ബസ്ടാന്റിലൂടെ എന്തൊക്കെയോ വിളിച്ചുപറഞ്ഞു നടക്കുകയായിരുന്നു അവനപ്പോള്‍. ചരടിന്മേല്‍ പിണച്ചുവെച്ച ട്രൌസര്‍ താഴേക്കിറങ്ങി, ഒട്ടിയ വയര്‍ മുഴുവനായി പുറത്തു കാണാമായിരുന്നു....

ഇപ്പോള്‍ ഈ വേനല്‍ച്ചൂടിന്റെ നട്ടുച്ചയ്ക്ക്, അവനെ കണ്ടത്, വിലങ്ങുവെച്ചു രണ്ടു പോലീസുകാരുടെ മദ്ധ്യത്തിലായി നടത്തികൊണ്ടുപോകുന്പോഴാണ്. ആരോ വലിച്ചുകീറിയ അവന്റെ ഷര്‍ട്ടില്‍ ചോരപാടുകള്‍ കാണാമായിരുന്നു. എങ്കിലും, അന്നേരം കൂടുതല്‍ സുരക്ഷിതനായി തോന്നി അവനപ്പോള്‍....

Tuesday, May 3, 2011

ഓര്‍മകളില്‍ ഒരു സുഗന്ധം...!ഓര്‍മകളില്‍ ഒരു സുഗന്ധം...!!!

ബാല്യത്തിന്റെ വര്‍ണങ്ങളില്‍ ഇതിന്റെ സാന്നിധ്യം ഏറെയായിരുന്നു...!
വാശിപിടിച്ചും കരഞ്ഞും
മുതിര്‍ന്നവരുടെ കയ്യില്‍നിന്നും
ഇത് സ്വന്തമാക്കുമ്പോള്‍
അതിരറ്റ സന്തോഷമായിരുന്നു...
പിന്നീട്, സ്വന്തമായി ഉണ്ടാക്കാന്‍
പഠിച്ചപ്പോള്‍ അതിലേറെ വലുതില്ലെന്ന ഭാവമായിരുന്നു...!
ഓടി തളരുമ്പോഴും,
ഒരു വിശ്രമത്തിന് ശേഷം
പിന്നെയും മുറ്റത്തും പറമ്പിലും
ഓടി നടക്കുമ്പോഴും
ഈ ബാല്യം ഇത്രയ്ക്കു
ആനന്ദമായി അനുഭവപെട്ടിരുന്നോ..?
രാത്രിയില്‍ കിടന്നുറങ്ങുമ്പോള്‍
അരികത്തു പാര്‍ക്ക് ചെയ്തു വെച്ചിരുന്ന ഈ
ഓലപമ്പരം പിറ്റേന്ന്
വാടിതലരുമ്പോള്‍ ഒഴിവാക്കാന്‍
ഏറെ മടിതോന്നിയിരുന്നു..!

കുട്ടിക്കാലത്തിന്റെ
നന്മകള്‍ക്കൊപ്പം
നമ്മളെയും വിട്ടകന്ന
ഈ ഓലപമ്പരത്തിന്റെ
ഓര്‍മകള്‍ക്ക് മുന്നില്‍
ഒരുനിമിഷം...

Saturday, April 23, 2011

ജന്മദിനം: ഒരു ഫ്ളാഷ് ബാക്ക്.


എന്റെ ജന്മദിനം വളരെ കൃത്യമായി അവള്‍ ഓര്‍ത്തുവെച്ചിരിക്കുന്നു...! എനിക്ക് എന്നോടുതന്നെ അഭിമാനം തോന്നി, അവളോട്‌ കൂടുതല്‍ ആഴത്തിലുള്ള സ്നേഹവും.

കോളേജിന്റെ ഗേറ്റിനു മുന്നില്‍ അവള്‍ എന്നെ കാത്തുനിന്നിരുന്നു, ഒരു കള്ളച്ചിരിയോടെ നീട്ടിയ കവര്‍ വളരെ ആശ്ചര്യത്തോടെയാണ് വാങ്ങി തുറന്നു നോക്കിയത്, ഒരു ആശംസാകാര്‍ഡ്..! അതിലെ വലിയ അക്ഷരങ്ങളില്‍ എഴുതിയ ജന്മദിനസന്ദേശം വായിച്ചിട്ടും മതിവരുന്നില്ല, അതിനടിയിലായി എഴുതിച്ചേര്‍ത്ത പേര് അവളെ കൂടുതല്‍ സുന്ദരിയാക്കിയത് പോലെ തോന്നി. സത്യത്തില്‍ ഈ ദിവസം എന്റെ ഓര്‍മ്മയില്‍ തന്നെ ഇല്ലായിരുന്നു, അല്ലെങ്കിലും ജന്മദിനങ്ങള്‍ ഓര്‍ത്തുവെച്ചിട്ടു എന്ത് കാര്യം..?

തെല്ലൊരു അഹങ്കാരത്തോടെ എന്റെ ഒപ്പമുണ്ടായിരുന്ന റിയാസിനും ബൈജുവിനും ആ കാര്‍ഡ് കാട്ടിക്കൊടുത്തു..! അവരും അന്നേരമാണ് എന്റെ ജന്മദിനം ഓര്‍മ്മിചെടുത്തത്. ഇന്നത്തെ പാര്‍ട്ടി എന്റെ തലയില്‍ കെട്ടിവെച്ചു ജന്മദിനം ആഘോഷിക്കാന്‍ അവര്‍ പ്ലാനും തയ്യാറാക്കി.
രാവിലെ എട്ടുമണിമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ക്ലാസ്. അതുകഴിഞ്ഞ് കാണാമെന്ന ഉറപ്പില്‍ ഞാനെന്റെ ക്ലാസ്സിലേക്ക് നടക്കുന്നതിനിടയില്‍ എക്കണോമിക്സ് ഗ്രൂപ്പിന്റെ ബി ബാച്ചിലെക്കൊന്നു നോക്കാന്‍ കൊതിച്ചു, എനിക്കറിയാം അവിടെ രണ്ടുകണ്ണുകള്‍ എന്റെ നോട്ടത്തിന്നായി കാത്തിരിക്കുന്നുണ്ടെന്ന്.

ഇന്റെര്‍വെല്‍ സമയത്ത് അവളെ കാണാന്‍ വേണ്ടിത്തന്നെ വരാന്തയിലൂടെ നടന്നു, അപ്രതീക്ഷിതമായി മുന്നില്‍ വന്നപ്പോള്‍ എന്ത് പറയണമെന്നറിയാതെ വെറുതെ നോക്കി നിന്നുപോയി. പിന്നിലേക്ക്‌ വീണ ഷാള്‍ ഇടത്തെ കൈകൊണ്ടു നെറ്റിയിലേക്ക് വലിച്ചിട്ടു അവള്‍ എന്നെ നോക്കി ചിരിച്ചു.

"എപ്പഴാ പാര്‍ട്ടി....?"
കൂടെയുണ്ടായിരുന്ന ഒരു കൂട്ടുകാരി കട്ടുറുമ്പായി..

"ഞങ്ങളെയും കൂട്ടണം...."
മറ്റൊരു കൂട്ടുകാരി.

"ഓക്കേ, ഇന്ന് ക്ലാസ് കഴിഞ്ഞിട്ട് കാണാം"
ഞാന്‍ ഉറപ്പുകൊടുത്തു.

കീശയിലെ കനത്തില്‍ എനിക്ക് സംശയമുള്ളതിനാല്‍ ഒരു ഉറപ്പിനായി റിയാസിനേയും ബൈജുവിനെയും ഞാന്‍ കൂടെക്കൂട്ടി. ക്ലാസ് കഴിഞ്ഞു ഞങ്ങള്‍ സ്ഥിരം കണ്ടുമുട്ടാറുള്ള വഴിയില്‍ അവളും കൂട്ടുകാരികളും കാത്തുനിന്നിരുന്നു. അവര്‍ മൂന്നുനാല് പേരുണ്ടായിരുന്നു.

"റിയാസേ, നിന്റെ കയ്യില്‍ കാശ് ഇരിപ്പില്ലേ...? എന്റേത് തികയുമെന്നു തോന്നുന്നില്ല."
എനിക്ക് ബേജാര് തുടങ്ങിയിരുന്നു.

അതൊന്നും നീ പേടിക്കണ്ട എന്ന അര്‍ത്ഥത്തില്‍ റിയാസ് കണ്ണിറുക്കി കാണിച്ചു...!

കോളേജിനടുത്തുള്ള ഹോട്ടലില്‍ കേറാന്‍ അവള്‍ക്കും കൂട്ടുകാരികള്‍ക്കും എന്തോ ഒരു മടി, അത് നല്ലതെന്ന് എനിക്കും തോന്നി. കുറച്ചകലെയുള്ള മറ്റൊരു ഹോട്ടലിലേക്ക് പോകാന്‍ തയ്യാരാവുന്നതിനിടയില്‍ ഞാന്‍ ടെലിഫോണ്‍ ബൂത്തിലേക്ക് കയറി. വരാന്‍ കുറച്ചു വൈകുമെന്ന് ഉമ്മയോട് പറയാന്‍ തെക്കേല സുലൈഖത്താക്ക് ഫോണ് വിളിച്ചുപറഞ്ഞു ഏല്പിച്ചു, കൂടെ കാരണമായി ഒരു നുണയും പറഞ്ഞു.

ചിരിയും കളിയുമായി സമയം പോയതറിഞ്ഞില്ല, മനസ്സ് നിറഞ്ഞു കുറച്ചുനേരം പരസ്പരം സ്വകാര്യങ്ങള്‍ പങ്കുവെച്ചു അവള്‍ എന്റെ ജന്മദിനം മറക്കാനാവാത്തതാക്കി.
ഒടുവില്‍, യാത്രപറഞ്ഞു പോരാന്‍ മടിതോന്നി, വല്ലാത്തൊരു വേദന മനസ്സിനെ കീഴടക്കിയിരുന്നു...!
റിയാസിന്റെ ബൈക്കിനു പിന്നിലിരുന്നു വീട്ടിലേക്കുള്ള സ്ഥിരം യാത്രയില്‍ നിന്നും വിത്യസ്തമായി ബൈക്കിനോപ്പം മനസ്സ് പറക്കുന്നില്ല, അതവിടെ, അവളില്‍നിന്നും വിട്ടുപോരുന്നെയില്ല..! റിയാസ് എന്തൊക്കയോ പറയുന്നുണ്ട്, ഞാന്‍ ഒന്നും കേട്ടത് പോലുമില്ല.വീട്ടിലേക്കുള്ള വളവു തിരിഞ്ഞപ്പോള്‍ തന്നെ ഞാന്‍ കണ്ടു; കിഴക്കേ വരാന്തയില്‍ റോഡിലേക്ക് നോക്കി ഉമ്മ ഇരിക്കുന്നു. എന്നെയും നോക്കിയാണ് ആ ഇരിപ്പ്, എനിക്കറിയാം ഭക്ഷണം കഴിച്ചിട്ടുണ്ടാവില്ല. ഉമ്മ അങ്ങിനെയാണ്, എത്ര വൈകിയാലും ഞാന്‍ വരാന്‍ കാത്തിരിക്കും.
റിയാസിനോട് യാത്രപറഞ്ഞു ഞാന്‍ വീട്ടിലേക്കു നടന്നു.

"എന്തേ ഇത്രേം വൈകി....?"

"റിയാസിന് രണ്ടുമൂന്നു പുസ്തകങ്ങള്‍ വാങ്ങാനുണ്ടായിരുന്നു, ഞാന്‍ സുലൈഖത്തയോട് വിളിച്ചു പറഞ്ഞിരുന്നല്ലോ....?"

"ആ... സുലൈഖത്ത പറഞ്ഞു."

എന്റെ കയ്യില്‍നിന്നും പുസ്തകസഞ്ചി വാങ്ങി അലമാരയിലേക്ക് വച്ച് ഉമ്മ ധൃതിയില്‍ അടുക്കളയിലേക്കു നടന്നു. ഡൈനിംഗ് ടേബിളില്‍ ചോറും കറിയും മൂടിവെച്ചിരുന്നു. അതിനടുത്തായി മൂടിവെച്ച ഒരു ചെറിയ പാത്രം ഞാന്‍ തുറന്നു നോക്കി, പായസം..! എനിക്കിഷ്ടപെട്ട സേമിയപായാസം.

"ഉമ്മാ... ഇന്നെന്താ പായസം...?"

"ഡാ, നീ മറന്നാ... ഇന്ന് നിന്റെ പിറന്നാളാ...."

ഞാന്‍ ഉമ്മയെ ഒന്ന് നോക്കി, ആ കണ്ണുകളിലേക്കു, ചുളിവുകള്‍ വീഴാന്‍ തുടങ്ങിയ ആ മുഖത്തേക്ക്.... എന്റെ പിറന്നാള്‍ ദിനം മനസ്സില്‍ സൂക്ഷിച്ചുവെച്ചു എന്നെ ഒന്ന് അത്ഭുതപ്പെടുത്താന്‍ എല്ലാം ഉമ്മ ഒരുക്കിവെച്ചിരിക്കുന്നു...! നെഞ്ചില്‍നിന്നും ഒരു വിങ്ങല്‍ ഗദ്ഗദമായി തൊണ്ടയില്‍ തങ്ങിനിന്നു. ഉമ്മ എനിക്ക് ഭക്ഷണം വിളമ്പുന്ന തിരക്കിലാണ്. ഉമ്മയ്ക്കുള്ള ഭക്ഷണവും എടുത്തുവെച്ചു കഴിക്കാനായി ഇരുന്നു. ഞാന്‍ പുറത്തുനിന്നും ഭക്ഷണം കഴിച്ചെന്നു പറയാന്‍ അന്നെരമെനിക്ക് തോന്നിയില്ല. വയറില്‍ ഇത്തിരി സ്ഥലം പോലും ബാക്കിയില്ലെങ്കിലും ഉമ്മയോടൊപ്പം ഞാനിരുന്നു.

"ഉമ്മാ, എനിക്കൊരു പിടിഉരുള..."
ഞാന്‍ വാ തുറന്നുപിടിച്ചു.

ഇടത്തെ കൈകൊണ്ടു എന്റെ താടിയില്‍ പിടിച്ചു, എനിക്ക് ഇന്നും എന്റെ നാവിന്റെ തുന്പത്ത് രുചിക്കൂട്ട് നല്‍കുന്ന ഉമ്മയുടെ പിടി ചോറ് വായിലേക്ക് വെച്ചുതന്നു. ഉമ്മയുടെ കണ്ണ് നിറഞ്ഞുവോ...? ഇല്ല, കാണാന്‍ കഴിയുന്നില്ല... എന്റെ കണ്ണില്‍ കണ്ണുനീര്‍ പടര്‍ന്നിരിക്കുന്നു.

എനിക്ക് കിട്ടാവുന്നതിനേക്കാള്‍ ഏറ്റവും വിലപ്പെട്ട പിറന്നാള്‍ സമ്മാനമാണ് ഈ കിട്ടിയതെന്ന് അന്നേരം ഞാന്‍ തിരിച്ചറിഞ്ഞോ, ആവോ...?