Thursday, February 3, 2011

നിലാവ്...

ഒരു കുഞ്ഞു സൂര്യന്റെ തലോടലേറ്റ് ഒരു പുതിയ ദിവസത്തിലേക്ക് നാം ജന്മമെടുക്കുന്നു...
തെളിഞ്ഞ ആകാശവും തിളങ്ങുന്ന പകലും സ്വസ്ഥമായ കാലാവസ്ഥയും നമ്മുടെ മനസ്സിനും തനുവിനും ശാന്തി പകരുകയും ചെയ്യുന്നു...സായന്തനം കഴിഞ്ഞു രാവിന്റെ ഒന്നാം യാമത്തിലേക്ക് കടക്കുമ്പോള്‍ അസ്തമിച്ച പകലിനെ കുറിച്ചുള്ള ഓര്‍മ്മകളും ആകാശത്തിന്റെ വിശാലതയില്‍നിന്നും ഊര്‍ന്നിറങ്ങുന്ന നിലാവിനെ കുറിച്ചുള്ള ചിന്തകളും നമ്മുടെ മനസ്സിലെത്തുന്നു...നേരം മങ്ങിത്തുടങ്ങുമ്പോഴേക്കും ആനന്ദ തിരികള്‍ കൊളുത്തി ആകാശത്തിന്റെ ഗോപുരവാതില്‍ തുറന്നു ഒഴുകിയെത്തുന്ന നറുനിലാവ്...
ഒരു പൂത്തിങ്കള്‍ പോലെ ആര്‍ദ്രവും പുഞ്ചിരിപോലെ മൃദുലവുമായ നിലാവ്...!
കണ്ണും മനസ്സും നിറയെ കോരിക്കുടിച്ച് ആഹ്ലാദത്തോടെ പകലിന്റെ എല്ലാ ക്ഷീണവും മറന്നു തണുത്ത വെള്ളത്തിലൊന്നു മുങ്ങിക്കുളിച്ചു പുഞ്ചിരി പെയ്യുന്ന ആകാശത്തെ നോക്കി വെറുതെ കിടക്കാന്‍ എന്തുരസമാണ്...കണ്ണെത്താ ദൂരത്തു പരന്നുകിടക്കുന്ന നദികളുടെ ഓളങ്ങളില്‍ ഇളകിയോടുന്ന നിലാവും ഒരു തോണിയുടെ ഉള്ളില്‍ കെട്ടികിടക്കുന്ന തെളിവെള്ളത്തില്‍ മുഴുത്തിങ്കള്‍ ചിരിക്കുന്നതും നിലാവുള്ള രാത്രികളില്‍ എന്തൊരു സുന്ദരമാണ്...
രാത്രിയില്‍ മുറ്റത്തിറങ്ങി നില്‍ക്കുമ്പോള്‍ എവിടെയോ പൂത്ത നിശാഗന്ധി പൂക്കളുടെയും രാത്രിമുല്ലയുടെയും സൗരഭ്യം ഇളംകാറ്റില്‍ ഒഴുകിയെത്തും.നിലാവിന്റെ ഏതോ ഓര്‍മ്മയില്‍ സ്വയം മറന്നു നില്‍ക്കുന്ന മരങ്ങള്‍...തെങ്ങോലകള്‍ക്കിടയിലൂടെയും മരചില്ലകള്‍ക്കിടയിലൂടെയും നിലാത്തുള്ളികള്‍ അരിച്ചിറങ്ങുമ്പോള്‍ നേര്‍ത്ത മഞ്ഞും നിലാവും ഇഴചേര്‍ന്നു രാപ്പാടികളുടെ മന്ത്രസംഗീതം ഉയരുന്ന ഈ രാത്രികള്‍ എല്ലാവരുടെയും സ്വപ്നമാണ്...നിലാവിന്റെ കുളിരുള്ള യാമത്തില്‍ ആകാശത്തെ നോക്കിക്കിടന്നു നക്ഷത്രങ്ങളെ എണ്ണി രാപ്പാടികളുടെ ദിവ്യമായ സംഗീതത്തില്‍ ലയിച്ചു എല്ലാ ദുഃഖങ്ങളും മറക്കുന്ന ഒരു പുണ്യം നമ്മുടെ ജീവിതത്തില്‍ ഉണ്ടാവട്ടെ...!

പ്രിയ നിലാവേ, നീ മായല്ലേ....

12 comments:

  1. ആശാനെ കറുത്തവാവും വേണം..പിന്നെ വെയില്‍ മഴ എല്ലാം..എങ്കിലും എപ്പോഴും മനസ്സിലൊരു നന്മയുടെ നിലാവ് തെളിയട്ടെ...

    ReplyDelete
  2. ഇത് വെറും വെടിവട്ടമൊന്നുമല്ലല്ലോ, കാല്പനികതയില്‍ മുങ്ങി രമിക്കുകയാണല്ലൊ ഷമീറെ. കവിഹൃദയം ഉണരുമോ? കവിതയൊന്ന് പിറക്കുമോ? സുന്ദരവും സുഖദവുമായ ഒരു ജീവിതം ആശംസിക്കുന്നു.

    ReplyDelete
  3. നിലാവ് പെയ്യുന്ന എത്രയെത്ര രാത്രികള്‍ക്ക് നാം സാക്ഷികലായിരിക്കുന്നു.
    നിലാവിന്റെ നേര്മല്ല്യം എന്നൊക്കെ പറയാറില്ലേ,
    ആ എന്തോ ഒന്ന് നമ്മുക്കൊക്കെ കൈമോശം വന്നുപോയി...!
    അതാവാം, നമ്മുടെ ആസ്വാദനത്തിന്റെ അപര്യാപ്തതയും...

    മുഹമ്മദ്‌ ഭായി & അജി ഭായി....
    നന്ദി, നന്ദി, നന്ദി....

    ReplyDelete
  4. ഇത്തിരി മനസ്സിലായി

    ReplyDelete
  5. നിലാവിന്റെ വെള്ളി വെളിച്ചം പോലെ മനോഹരമായ എഴുത്ത്...

    ReplyDelete
  6. നിലാവേ മായുമോ...കിനാവും നോവുമായ്..

    മായല്ലേ..മറയല്ലേ..

    ReplyDelete
  7. നിലാവിന്റെ വെളിച്ചവും
    നിശാഗന്ധിയുടെ മണവും
    മഴ്വില്ലിന്റെ നിറവും
    കുരുന്നുകളുടെ പുഞ്ചിരിയും
    ഇതൊന്നും ആരെയും അലോസരപ്പെടുത്തില്ല....

    ആശംസകൾ!

    ReplyDelete
  8. സ്നേഹം അക്ഷരങ്ങളായി ഇവിടെ നിലാവ് പടര്‍ത്തിയ എല്ലാവര്ക്കും നന്ദി...!!!
    മുരളിയേട്ടന്‍, ഹാഷിം ഭായി, റിയാസ്, രാംജി സര്‍, മുനീര്‍ ഭായി, മുഹമ്മദ്‌ കുഞ്ഞി ഭായി...

    ReplyDelete
  9. നിലാവിന്റെ വെള്ളിവെളിച്ചം പരന്നൊഴികിയ ആ നയന മനോഹരമായ രാത്രിയില്‍ മുറ്റത്തിറങ്ങി നില്‍ക്കുമ്പോള്‍ എവിടെയോ പൂത്ത നിശാഗന്ധി പൂക്കളുടെയും രാത്രിമുല്ലയുടെയും സൗരഭ്യം ഇളംകാറ്റില്‍ ഒഴുകിയെത്തും കാഴ്ച ഈ എഴുത്തിലും കണ്ടു.. വളരെ മനോഹരമായിരിക്കുന്നു .കാവ്യ ഭംഗി വിളിച്ചോതുന്ന പോസ്റ്റ് അഭിനന്ദനങ്ങൾ ...

    ReplyDelete
  10. ഈ തുടക്കകാരന് നിങ്ങള്‍ നല്‍കുന്ന സ്നേഹം എനിക്കൊരു ആവേശമാകുന്നു...!
    നന്ദിയും കടപ്പാടും വാക്കുകളില്‍ മാത്രമായി ഒതുക്കുന്നില്ല.

    ReplyDelete

ആശാനേ...വെടിവെട്ടം കേട്ടിട്ട് ഒന്നും മിണ്ടാതെ പോവാണോ...?
എന്തെങ്കിലും ഒന്നു പറഞ്ഞിട്ട് പോന്നേയ്...