Thursday, January 20, 2011

എനിക്കുമുണ്ടായിരുന്നു ഒരു കുഞ്ഞാട്...!

അക്കൊല്ലം ഞങ്ങളുടെ ആട് പ്രസവിച്ചത് ഒരേയൊരു കുഞ്ഞാടിനെ..!
വൈകുന്നേരം സ്കൂള്‍ വിട്ടു വന്നപ്പോള്‍ ഉമ്മയാണ് പറഞ്ഞത്, ഒരു കുഞ്ഞാടെയുള്ളൂന്നു. രണ്ടു കുഞ്ഞുങ്ങളെ കഞ്ഞി കൊടുത്തും പുല്ലു കൊടുത്തും പരസ്പരം പങ്കിട്ടു വളര്താമെന്ന എന്റെയും ഇത്താത്തയുടെയും സ്വപ്‌നങ്ങള്‍ പിന്നെ, മഞ്ചു എന്ന് ഞങ്ങള്‍ പേരിട്ട, ചെറിയ മുടന്തുള്ള കുഞ്ഞാടിന്റെ പിന്നാലെയായി...!
മഞ്ചുവിന് സ്വസ്ഥമായി ഇരിക്കാനും നടക്കാനും പറ്റാതായി. ഞാനും ഇത്താത്തയും സദാസമയവും അതിന്റെ പിന്നാലെ. ഇടയ്ക്കിടെ ഞങ്ങള്‍ വഴക്കിന്റെ വക്കിലുമെതും.
ഒടുവില്‍, ഉമ്മ തന്നെ ഞങ്ങളുടെ മുന്നില്‍ ഒരു നിര്‍ദ്ദേശം വെച്ചു,
മഞ്ചുവിനെ നന്നായി നോക്കുന്നവര്‍ക്ക് അവളെ സ്വന്തമാക്കാം.
അന്നുമുതല്‍ പിന്നെ മത്സരമായി..!
സ്കൂള്‍ വിട്ടുവന്നാല്‍ ആദ്യം തന്നെ മഞ്ചുവിനെ പാലുകുടിപ്പിക്കാനും പുല്ലുതിന്നിക്കാനും തൊടിയിലോട്ടു ഇറങ്ങലായി...! ഞങ്ങള്‍ക്കുള്ള ചായയും ബിസ്കട്ടുമായി ഉമ്മ ഞങ്ങളുടെ പിന്നാലെയും...
പലരാത്രികളിലും മഞ്ചു ഞങ്ങളുടെ കൂടെയാണ് കടന്നിരുന്നത്. അവളുടെ മുടന്ത് നേരെയാക്കാന്‍, ഞാനും ഇത്താത്തയും ഇടയ്ക്കിടയ്ക്ക് കാലില്‍ തടവിക്കൊടുത്തും ഉഴിഞ്ഞുകൊടുത്തും വിഫലശ്രമം നടത്താറുണ്ടായിരുന്നു...
ആയിടയ്ക്കാണ് നാട്ടില്‍ ആടിനെയും കോഴിയെയും പിടിച്ചു കൊന്നുതിന്നുന്ന ഏതോ  അജ്ഞാതജീവി ഇറങ്ങിയിട്ടുണ്ടെന്ന് കേട്ടത്..! വടക്കേല നബീസത്താടെ ആടിനേം കിഴക്കേലെ വിലാസിനിചേചിടെ കോഴിയേം രാത്രി വന്നു ആരോ കടിച്ചു കൊന്നുത്രേ..! ഞങ്ങളുടെ ഉള്ളില്‍ പേടികൂടി, ഞങ്ങളുടെ പ്രിയപ്പെട്ട മഞ്ചു...!
ഒടുവില്‍ ഉപ്പയോട്‌ പറഞ്ഞ്‌ ആട്ടിന്കൂട് വടക്കുവശത്ത്, വീടിനോട് ചേര്‍ന്ന് മാറ്റി വെപ്പിച്ചു. എന്നിട്ടും ചിലരാത്രികള്‍ ഞങ്ങളുടെ ഉറക്കം, മഞ്ചുവിന്റെ ചെറിയ ചെറിയ ശബ്ദങ്ങള്‍ക്ക്‌ വഴിമാറിയിരുന്നു.
മഞ്ചു ഞങ്ങളുമായി വളരെ അടുത്ത് ഇടപഴുകിയിരുന്നു. ഞങ്ങളുടെ നീട്ടിയുള്ള വിളികള്‍ക്ക് ഉത്തരമെന്നോണം അരികിലേക്ക് ഇപ്പോഴുമവള്‍ പാഞ്ഞെതുമായിരുന്നു.
അവള്‍ തുള്ളിച്ചാടി ഓടിവരുമ്പോള്‍ ഒരു രക്ഷാകര്താവിന്റെ തെല്ലു അഹങ്കാരത്തോടെ അവളുടെ നെറ്റിയില്‍ തലോടുമായിരുന്നു.
ഒരു മഴക്കാലം,
സ്കൂള്‍ വെക്കേഷന്‍ കഴിഞ്ഞു നാലില്‍ നിന്നും ജയിച്ചു അഞ്ചാം ക്ലാസ്സിലെ പാഠങ്ങളുമായി മല്ലിടുന്ന ഒരു രാത്രി, നല്ല കോരിച്ചൊരിയുന്ന മഴ..! പതിവുപോലെ കരണ്ടും പോയി. ചിമ്മിനി വെട്ടത്തില്‍ ചോറുതന്നു ഞങ്ങളെ പായിവിരിച്ചു കിടത്തി,
ഉമ്മയും ഉപ്പയും ഭക്ഷണം കഴിക്കാനിരുന്നു.  ഇത്താത്ത ഉറങ്ങിയിട്ടില്ലെന്നു തോന്നുന്നു. ഞാന്‍ പെട്ടുന്നുറങ്ങി.
എന്തോ ഒരു ശബ്ദം കേട്ട് ഞാന്‍ ഞെട്ടിയെഴുനേറ്റു, എന്റെ അടുത്ത് ഇത്താത്തയെ കാണുന്നില്ല, കട്ടിലില്‍ ഉമ്മയും ഉപ്പയുമില്ല, വടക്കെപുറത്തു ആരൊക്കെയോ ഉച്ചത്തില്‍ സംസാരിക്കുന്നു.തള്ളയാടിന്റെ ദയനീയമായ അലര്‍ച്ച ഞാന്‍ കേട്ട്. ഞാന്‍ വടക്കേപുരതെക്ക് ഓടി. എമെര്‍ജെന്സിയും ടോര്‍ച്ചുമായി വടക്കേല അബുക്കയും കിഴക്കേലെ കുട്ടേട്ടനും ആട്ടിന്‍ കൂടിനടുത്ത് നല്‍ക്കുന്നു.അവിടേക്ക് എന്നെ കടത്തിവിട്ടില്ല. മഞ്ചുവിനെ കെട്ടിയിരുന്ന കയര്‍ അനാഥമായി അവിടെ കിടക്കുന്നു.
വടക്കേപുറത്തെ വരാന്തയില്‍ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഇരിക്കുന്ന ഇത്താത്തയെ ഇടിമിന്നലിന്റെ വെളിച്ചത്തില്‍ ഞാന്‍ കണ്ടു.

13 comments:

 1. കുഞ്ഞാടിനോടുള്ള സ്നേഹം തുളുമ്പുന്ന പോസ്റ്റ്

  ReplyDelete
 2. ചെറുപ്പത്തിലെ ഏറ്റവും സൗന്ദര്യമുള്ള കളിയായിരുന്നു ആടുകളുമായുള്ള സമ്പര്‍ക്കം. ഞാന്‍ സ്കൂള്‍ വിട്ട് വന്നാലും പൊകുമ്പൊഴും മച്ചിങ്ങ കടല്‍ വെല്ലത്തിലിട്ടത് അവയെ തീറ്റാന്‍ കൊന്ദുപൊകുന്നത് അങനെ എല്ലാം മധുരിക്കുന്ന ഓര്‍മ്മകള്‍ തന്നെ.
  നന്നായി.

  ReplyDelete
 3. പാവം കുഞ്ഞാട് ..നന്നായി എഴുതി

  ReplyDelete
 4. കൊള്ളാം നന്നായിട്ടുണ്ട്...  അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക

  ReplyDelete
 5. അരീക്കോടന്‍ സര്‍, രാംജി സര്‍, ഫൈസു ഭായ് & റിയാസ് ഭായ്...
  ഈ തുടക്കകാരന് നിങ്ങള്‍ നല്‍കുന്ന പിന്തുണ എനിക്ക് ആവേശമാണ്...! 
  പോരായ്മകള്‍ പരിഹരിക്കുമെന്നുരപ്പു നല്‍കുന്നു...! 
  നന്ദി... നന്ദി... നന്ദി...

  ReplyDelete
 6. എന്തായിരുന്നു മഞ്ജു വിനു സംഭവിച്ചത് ? അത് പറയാമായിരുന്നു ...ആരെങ്കിലും മോഷ്ടിച്ചോ ? പട്ടിയോ കുറുക്കനോ പിടിച്ചോ ? അഴിഞ്ഞു ഇരുട്ടില്‍ ഓടി പോയോ ? എന്ത് സംഭവിച്ചു ...????

  ReplyDelete
 7. പിന്നെ മഞ്ചുവിനെ കണ്ടുകിട്ടിയില്ല അല്ലേ?

  (തുടക്കക്കാരന് വേറൊരു തുടക്കക്കാരന്റെ ഉപദേശം. എഴുതി പോസ്റ്റ് ചെയ്യുന്നതിനുമുമ്പ് ഒന്ന് വായിച്ചു നോക്കിയാല്‍ അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാം. നല്ലൊരു ബിരിയാണി വച്ചിട്ട് വിളമ്പികൊടുക്കുമ്പോള്‍ അതില്‍ ഇടയ്ക്കിടെ കല്ലു കടിച്ചാല്‍ ആസ്വാദ്യത പോവില്ലേ? അതുപോലെയാണ് അക്ഷരത്തെറ്റുകളും.)

  ReplyDelete
 8. തളിക്കുളത്ത് പുലിയൊന്നുമില്ലല്ലോ...?
  അവസാനം മൂട്ടതട്ടെത്തിക്കില്ല...അതാണിതിന്റെ പോരായ്മ.

  ReplyDelete
 9. കൊള്ളാം തുടക്കം മോശല്യ. എഴുതുക ഇനിയും.

  ReplyDelete
 10. എന്ത് പറ്റി മഞ്ജുവിന്?!

  തുടക്കം മോശമായില്ല, ഇനിയും എഴുതൂ.

  ReplyDelete
 11. ചെറുപ്പത്തിന്‍റെ പേടിസ്വപ്നമായിരുന്നു ഈച്ചാം പുലി..അതെന്തു പുലി ആണെന്ന് എനിക്കുമറിയില്ല.കൂട്ടുകാരെല്ലാം പേടിപ്പിക്കും ആടിനെ പിടിക്കുന്ന ഈച്ചാം പുലി ഇറങ്ങിയിട്ടുണ്ട്.വീട്ടിലെ കിങ്ങിണി കുട്ടിയെ ഓര്‍ത്ത് ഉറക്കം പോകും കുറച്ചു ദിവസം.നല്ല ഓര്‍മ്മകള്‍. സഹജീവികളോട് നിറഞ്ഞ സ്നേഹം.നല്ല മനസ്സിന് നമസ്കാരം.

  ReplyDelete
 12. രണ്ടാമത്തെ പോസ്റ്റ്‌ വായിക്കുന്നത് ഇപ്പോള്‍.
  കുഞ്ഞാടിനോടുള്ള സ്നേഹം നന്നായി പകര്‍ത്തിയ പോസ്റ്റ്‌.

  ReplyDelete

ആശാനേ...വെടിവെട്ടം കേട്ടിട്ട് ഒന്നും മിണ്ടാതെ പോവാണോ...?
എന്തെങ്കിലും ഒന്നു പറഞ്ഞിട്ട് പോന്നേയ്...