Thursday, March 31, 2011

ആദ്യത്തെ പ്രണയലേഖനത്തിന്റെ മധുരം.

അന്നുരാവിലെ പതിവിനു വിപരീതമായി ഞാന്‍ നേരത്തെ എണീറ്റു. സാധാരണ ഉമ്മവന്നു കുത്തിപോക്കിയാലല്ലാതെ എണീക്കാത്ത ഞാന്‍ തലയും ചൊറിഞ്ഞു എണീറ്റു വരുന്നത് കണ്ടപ്പോള്‍ ഉമ്മാക്ക് അത്ഭുതം തോന്നിട്ടുണ്ടാവും..! ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോഴൊക്കെ മനസ്സില്‍ ആകാംക്ഷയുടെ വേലിയേറ്റമായിരുന്നു. ഇന്നലെ ആദ്യമായി ഞാന്‍ കൊടുത്ത പ്രണയ ലേഖനത്തിനു ഇന്ന് മറുപടി കിട്ടുമെന്ന ചെറുതല്ലാത്ത പ്രതീക്ഷ എന്നില്‍ നിന്നും ഉറക്കത്തെ മാറ്റിനിര്‍ത്തിയെന്ന കാര്യം പാവം ഉമ്മാക്ക് അറിയില്ലാലോ...!

"ആ... എന്തുപറ്റി, ഇന്ന് നേരത്തെ കടതുറക്കാന്‍ പോകുന്നുണ്ടല്ലോ..?"
ഉപ്പാക്കും അത്ഭുതം..!

ഉപ്പ നല്ലനിലയില്‍ നടത്തിക്കൊണ്ടുവരുന്ന ബേക്കറി (ബെസ്റ്റ് ബേക്കറി) കട രാവിലെ ഐശ്വര്യമായി തുറക്കല്‍ എന്റെ ജോലിയാണ്. അതുപോലെ, ഉച്ചഭക്ഷണം കഴിഞ്ഞു ഉപ്പാക്ക് കുറച്ചുനേരം ഒന്ന് കിടക്കണം. ആ സമയത്തും കടയില്‍ എന്റെ എകാതിപത്യ ഭരണമാണ്. രാവിലെ എട്ടുമണിക്ക് തുറക്കാന്‍ ഉപ്പ പറയാറുണ്ടെങ്കിലും അത്തരം കൃത്യനിഷ്ടയിലോന്നും എനിക്ക് വിശ്വാസമില്ലാത്തതുകൊണ്ട് ആ സമയമൊന്നും ഞാന്‍ പാലിക്കാറില്ല. ഇന്ന് ധൃതിപിടിച്ച് നേരത്തെ തുറക്കാനുള്ള എന്റെ ആത്മാര്‍ഥത ഉപ്പയെ ആശ്ച്ചര്യപെടുത്തിയതില്‍ എനിക്ക് അത്ഭുതം തോന്നിയില്ല. കാരണം, എന്റെ ലക്‌ഷ്യം കട തുറക്കലല്ലായെന്നു ഈ ഉപ്പയുണ്ടോ അറിയുന്നു...!
വരാന്തയില്‍ ചാരിവെച്ചിരുന്ന സൈക്കിള്‍ തിടുക്കത്തില്‍ മുറ്റത്തെക്കിരക്കി. വ്യക്തമായി തെളിയില്ലെങ്കിലും ഇളകിയാടുന്ന അതിന്റെ കണ്ണാടിയിലൂടെ തലമുടി ഒന്നുകൂടി തട്ടിയൊതുക്കി. പിന്നെ, സൈക്കിളില്‍ കയറി ആഞ്ഞുചവിട്ടി. റോഡിലെക്കെത്തിയാല്‍ എല്ലാവരും പരിചയക്കാരാണ്‌, അതുകൊണ്ട്
'അവള്‍' മെയിന്‍ റോഡിലേക്ക് കേറുന്നതിനു മുന്‍പുള്ള ഇടവഴിയാണ് എന്റെ ലക്‌ഷ്യം. വൈകിയാല്‍ ഇടവഴിയിലെ കണ്ടുമുട്ടല്‍ മിസ്സായിപോകും..!


കുറച്ചു ദിവസ്സായിട്ടുള്ളൂ, ഞാനവളെ ശ്രദ്ധിച്ചു തുടങ്ങിയിട്ട്. ബേക്കറിയുടെ മുന്നിലൂടെയാണ്‌ അവളുടെ സ്കൂളിലേക്കുള്ള യാത്ര. ആദ്യമൊക്കെ വെറുമൊരു കൌതുകത്തോടെ നോക്കിനില്‍ക്കും. ചിലപ്പോഴൊക്കെ ആ കണ്ണുകള്‍ എന്നെയും തഴുകിയുണര്‍ത്തി കടന്നുപോകും; ഒരു കടാക്ഷം പോലെ...!

മിനിഞ്ഞാന്ന് രാത്രി ഉറക്കമോഴിച്ചിരുന്നെഴുതിയ പ്രണയലേഖനം...! ഒരുപാട് എഴുതണമെന്നുണ്ടായിരുന്നു, എന്നിട്ടും വളരെ കുറച്ചു വരികളില്‍ ഒതുക്കി. അവളുടെ ക്ലാസ്സില്‍ പഠിക്കുന്ന ഷഫീക്കിന്റെ നിര്‍ബന്ധമാണ്‌ ഇങ്ങനെയൊരു സാഹസത്തിനു പ്രേരണ.

ബേക്കറി കടയിലെ സ്ഥിരം സന്ദര്‍ശകനാണ് ഷഫീക്ക്. റോഡിലൂടെ പോകുന്ന പെണ്‍പിള്ളാരെ നോക്കി കമ്മെന്റടിക്കാനുള്ള ഒരു സുരക്ഷിത മേഖലയായി എന്റെ ഷോപ്പ് അവനുപയോഗിക്കുന്നു. പ്രായത്തില്‍ എന്നെക്കാള്‍ ചെറുതാണെങ്കിലും ഇത്തരം വിഷയങ്ങളില്‍ ശിഷ്യപെട്ടുപോകുന്ന പ്രകൃതം.
ഞാന്‍ എന്റെ ഉള്ളില്‍ വിരിയുന്ന മൊട്ടിനെ കുറിച്ച് അവനോടുപറഞ്ഞു. അവന്റെ കൂട്ടത്തിലേക്ക് ഒരാളെകൂടി കിട്ടിയ സന്തോഷം ആ മുഖത്തു ഞാന്‍ കണ്ടു. ട്യൂഷന്‍ സെന്റെറില്‍ ഇരുവരും ഒരേ ക്ലാസ്സിലാനെന്നരിഞ്ഞതോടെ ഞാനും ഹാപ്പിയായി. എനിക്ക് വേണ്ടി എന്ത് ത്യാഗവും ചെയ്യാന്‍ ഷഫീക്കും..!

"ഷമീര്‍ക്ക ഒരു കത്തെഴുതി തായോ, അവള്‍ക്കു കൊടുക്കേണ്ട കാര്യം ഞാനേറ്റു..."

ആ ഉറപ്പു ഒന്നുകൂടി ഉറപ്പിക്കാന്‍ ഒരു ജ്യൂസും മുട്ടപഫ്സും ഉപ്പയറിയാതെ ഞാനവനു കൊടുത്തു..!

പക്ഷെ, കത്തെഴുതി, കവറിലാക്കി കൊടുത്തപ്പോള്‍ അവന്‍ കാലുമാറി..!

"ഇത് ഞാന്‍ കൊടുക്കുന്നതിനേക്കാള്‍ നല്ലത് ഷമീര്‍ക്ക നേരിട്ട് കൊടുക്കുന്നതാ..."

"ഏയ്‌, അത് ശരിയാവില്ല..! നീ കൊടുക്കാമെന്നു പറഞ്ഞതുകൊണ്ട് മാത്രാ ഞാന്‍ എഴുതിയത് തന്നെ..!"

ഒടുവില്‍, അവന്‍ തന്നെ ഒരു ഉപായം കണ്ടെത്തി, തലേദിവസം നോട്ട്സ് എഴുതിയെടുക്കാനെന്നും പറഞ്ഞു അവളുടെ ഒരു നോട്ടുബുക്ക് ഷഫീക്ക് വാങ്ങിക്കൊണ്ടുവന്നു. തിരിച്ചുകൊടുക്കുമ്പോള്‍ അതിനുള്ളില്‍ വെച്ച് ലെറ്റെരും കൊടുക്കാമെന്ന ഐഡിയ എനിക്കും ബോധിച്ചു.

അങ്ങിനെ, ഈ ഇടവഴിയില്‍ വച്ചുതന്നെ എന്റെകൂടി സാമിപ്യത്തില്‍ ഷഫീക്ക് പുസ്തകം തിരികെയെല്പിച്ചു. ബാക്കി കാര്യങ്ങള്‍ ക്ലാസ്സില്‍ വെച്ച് അവളോട്‌ പറയാമെന്നു ഷഫീക്ക് ഏറ്റു, കടയില്‍നിന്നും ജ്യൂസും പഫ്സും ഉപ്പയരിയാതെ വീണ്ടും ഞാന്‍ മുക്കി..!


ഇന്നിപ്പോള്‍, ഈ ഇടവഴിയില്‍, അവളുടെ മറുപടിക്കായി ഒറ്റയ്ക്ക് കാത്തുനില്‍ക്കാന്‍ എനിക്ക് പേടിതോന്നിയില്ല, ഷഫീക്കിനെ ഏല്‍പ്പിച്ച ദൌത്യം അവന്‍ ഭംഗിയായി കൈകാര്യം ചെയ്തുവെന്നത് എനിക്ക് ധൈര്യം നല്‍കി.

കുറച്ചുനേരം കഴിഞ്ഞുള്ളു, അകലെനിന്നും അവളുടെ വരവ് ഞാന്‍ കണ്ടു..! ആ നീല ചുരിദാറിന്റെ തിളക്കം പണ്ടേ എന്റെ മനസ്സ് കീഴടക്കിയിരുന്നു... അവള്‍ അടുത്തു വരുന്തോറും എന്റെ ഹൃദയമിടിപ്പ്‌ ഉച്ചത്തിലായി. എന്തെങ്കിലും ചോദിക്കാനായി ഒരു വാക്ക് പോലും മനസ്സില്‍ ഞാന്‍ കരുതിയിട്ടില്ലാലോ...! എന്താ ചോദിക്കാ..? അവളുടെ മുഖത്തു ഒരു പുഞ്ചിരി ഒളിച്ചിരിപ്പുണ്ടോ..? ദാ.. എന്റെ വളരെയടുത്ത്, അവളെത്തി.

"ഇന്നലെ ഷഫീക്ക് വല്ലതും പറഞ്ഞിരുന്നോ...?"
ഞാന്‍ അത്രക്കും ഒപ്പിച്ചു.

മറുപടിയില്ല, മുഖത്തേക്ക് നോക്കുന്നെയില്ല. പക്ഷെ... ആ പുഞ്ചിരി അവിടെത്തന്നെയുണ്ട്..!

"ഹല്ലോ... എന്റെ പേര് ഷമീര്‍.."
പിന്നെയും ഏശിയില്ല. പടച്ചോനെ, ഇനി ചെവി കേള്‍ക്കാണ്ടാണോ...?

അവള്‍ എന്നെയും കടന്നു പോകുന്നു..! ഒരിക്കല്‍ക്കൂടി വിളിച്ചുനോക്കി, പക്ഷെ എന്റെ ശബ്ദം പുറത്തേക്ക് വന്നേയില്ല. മെയിന്‍ റോഡിനു മുന്പായി ഒരു ശ്രമംകൂടി നടത്താനായി, ഞാന്‍ സൈക്കിള്‍ റിവേര്‍സ് തിരിച്ചു, ഒന്ന് മോന്നോട്ടാഞ്ഞു പിടിച്ചു.
അള്ളോ..! സൈക്കിള്‍ നീങ്ങുന്നില്ല, ടയര്‍ കറങ്ങുന്നുമുണ്ട്. ആരുടെയോ കൈകളില്പെട്ടു സൈക്കിളും ഞാനും വായുവില്‍ നില്‍ക്കുകയാണെന്ന് അപ്പോള്‍ തിരിച്ചറിവുണ്ടായി.
തിരിഞ്ഞു നോക്കിയപ്പോള്‍, പിന്നില്‍ കരുത്തിരുണ്ടൊരു ആജാനുബാഹു, അറവുകാരന്‍ പരീതുക്ക..!!!

"ഹി ഹി, പരീതുക്ക..."

"നീയാ ബെസ്റ്റ് ബേക്കറീലെ പയ്യനല്ലേ...?"

"അതെ...."

"നീയെന്താ ഇവിടെ...?"

"ഹില്ല, വെറുതെ.....!"

"എന്തായിത്...?"

"യേത്..."
പരീതുക്കയുടെ കയ്യില്‍ ഞാനെഴുതിയ ലെറ്റര്‍..!

"മുട്ടേന്നു വിരിഞ്ഞിട്ടില്ല, അവന്ടൊരു പ്രേമലേഖനം...!"
മൂപ്പരത് ചുരുട്ടിക്കൂട്ടി എന്റെനേരെ വലിച്ചെറിഞ്ഞു.

"ഞാനൊരു തമാശക്ക്..."

"നിന്റെ ഉപ്പാനെ ഞാന്‍ കാണട്ടെ... ന്റെ മോളെടുത്താ നിന്റെ തമാശ."

പരീതുക്ക സൈക്കിളില്‍ നിന്നും പിടിവിട്ടതും ഞാന്‍ മുന്നോട്ടു കുതിച്ചു. ശക്തി ചോര്‍ന്നുപോയ കാലുകളേക്കാള്‍ തളര്‍ന്ന മനസ്സുമായി..., ഒന്ന് പിന്തിരിഞ്ഞു നോക്കാന്‍ പോലും ധൈര്യമില്ലായിരുന്നു...!


അതോടെ അവസാനിച്ചു, ബെസ്റ്റ് ബേക്കറിയില്‍ നിന്നുള്ള എന്റെ എത്തിനോട്ടങ്ങള്‍. ഇക്കാര്യങ്ങളൊന്നും പരീതുക്ക ഉപ്പയോട്‌ പറഞ്ഞില്ലെങ്കിലും, പിന്നീടുള്ള പല രാത്രികളിലും ഒരു പേടിപ്പെടുത്തുന ഭീകര രൂപമായി പരീതുക്ക നിറഞ്ഞുനിന്നിരുന്നു....


(ഇതാണ് എന്റെ ആദ്യ പ്രണയ ലേഖനത്തിന്റെ കഥ. പക്ഷെ, എന്റെ ആദ്യ പ്രണയം ഇതൊന്നുമല്ലാട്ടോ...! അതുമായി ഞാന്‍ പിന്നെ വരാം.)

Saturday, March 26, 2011

ഉമ്മച്ചി, ഒരു ക്ലൂ തരോ..?


വര്‍ഷപരീക്ഷ തുടങ്ങി. പാഠപുസ്തകങ്ങള്‍ വീണ്ടും വീണ്ടും മറിച്ചുനോക്കി പഠിച്ചതൊക്കെ ഒരാവര്‍ത്തികൂടി ഓടിച്ചുനോക്കി മക്കളെക്കാള്‍ ടെന്‍ഷന്‍ തലക്കുപിടിച്ചു മാതാപിതാക്കളും..! എന്റെ ഇത്തത്തയും തിരക്കിലാണ്; ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന മകന്‍ മിച്ചുവുമായി ദിവസവുമുള്ള ഗുസ്തി ഇപ്പോള്‍ കൂടുതല്‍ നേരെത്തേയും ഉച്ചത്തിലുമായി. മിച്ചുവാണെങ്കില്‍ ഇത്തത്തയെ ദേഷ്യം പിടിപ്പിക്കുന്ന കോപ്രായങ്ങലുമായി അരങ്ങുതകര്‍ക്കുന്നു.

ഒന്നാംക്ലാസിലെ GK വിഭാഗത്തിലെ പാഠ ഭാഗങ്ങളായിരുന്നു അവനു കൂടുതല്‍ ബുദ്ധിമുട്ട്. ഇത്താത്ത എത്രയോ പ്രാവശ്യം പറഞ്ഞുകൊടുത്തിട്ടും മഹത് വ്യക്തികളുടെ പേരുകള്‍ അവന്റെ ഓര്‍മ്മയില്‍ നില്‍ക്കുന്നില്ല.

"ചന്ദ്രനില്‍ കാലുകുത്തിയ ആദ്യത്തെ മനുഷ്യന്‍...?"
ഇത്താത്ത ചോദ്യം ആവര്‍ത്തിക്കുന്നു.

"ഉമ്മിച്ചി, ഒരു ക്ലൂ തരോ...?"
കുറച്ചുനേരം ആലോചിച്ചിട്ട് മിച്ചുവിന്റെ സ്ഥിരം ചോദ്യം.

പെട്ടന്ന് ഓര്‍ത്തെടുക്കാന്‍ മിച്ചുവിനു പറ്റുന്നില്ല. ആദ്യത്തെ അക്ഷരം കിട്ടിയാല്‍ പിന്നെ അവനു ഓര്‍മ്മയില്‍ വന്നോളും. നീല്‍ ആംസ്റ്റ്രോങ്ങ് എന്ന പേരിന്റെ തുടക്കം മറക്കാതിരിക്കാന്‍ വേണ്ടി 'ബ്ലു' കളര്‍ ഓര്‍ത്തുവെച്ചാല്‍ മതിയെന്ന ഇത്താത്തയുടെ ഐഡിയ തുടക്കത്തില്‍ വിജയമായിരുന്നു. പിന്നീട് ചോദിക്കുമ്പോഴൊക്കെ അവന്റെ ഉത്തരം ബ്ലൂ ആംസ്റ്റ്രോങ്ങ് എന്നായി മാറിയതോടെ ആ ഐഡിയ ഉപേക്ഷിച്ചു...!

പ്രശസ്ത തബലിസ്റ്റ് സാക്കിര്‍ ഹുസൈന്റെ പേരും ഇതുപോലെ മിച്ചുവിനു കീറാമുട്ടിയായി. എത്രവട്ടം പറഞ്ഞുകൊടുത്തിട്ടും അവന്റെ തലയില്‍ കേറുന്നില്ല. ഒടുവില്‍ ഇത്താത്തയുടെ മറ്റൊരു ഐഡിയ പിറന്നു...

"മിച്ചു... പാച്ചൂന്റെ വാപ്പിച്ചീടെ പേര് ഓര്‍ത്താല്‍ മതി, അപ്പൊ ഈ പേര് ഓര്‍മ്മയില്‍ വന്നോളും."

തെക്കേ വീട്ടിലെ, മിച്ചുവിന്റെ കളിക്കൂട്ടുകാരനായ പാച്ചുവിന്‍റെ വാപ്പിചിയുടെ പേര് സക്കീര്‍ എന്നാണു. പെട്ടന്ന് ഓര്‍ത്തെടുക്കാനായി ഇത്താത്ത അങ്ങിനെ ഒരു ക്ലൂ കൊടുത്തു. അത് കുറിക്കുകൊണ്ടു...!

"സാക്കിര്‍ ഹുസൈന്‍..."
മിച്ചുവിനെ ഉത്തരവും റെഡി. ഇത്തത്താക്കും തൃപ്തിയായി.

പിറ്റേന്ന്,
രാവിലെ പരീക്ഷക്കുപോകാനുള്ള തയ്യാറെടുപ്പിനിടയില്‍, ഇത്താത്ത ഒന്നുകൂടി ചില ചോദ്യങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചു. അതിനിടയില്‍ വന്നു, നമ്മുടെ തബലിസ്റ്റ് വിദ്വാനെ കുറിച്ചുള്ള ചോദ്യം.
മിച്ചു ഒന്ന് ആലോചിച്ചു, എന്നിട്ട് ഇത്തത്തയെ ഒന്ന് നോക്കി, പിന്നെ ഒരു ചോദ്യം....!

"ഉമ്മിച്ചി... ഉമ്മിച്ചി... തെക്കേല പാച്ചുവിന്‍റെ വാപ്പിച്ചീടെ പേരെന്താ...?"

Saturday, March 19, 2011

ഇങ്ങനേയും ഒരു പരീക്ഷക്കാലം


പഠിപ്പിന്റെ കൊടുംചൂടില്‍ ഒരു പരീക്ഷക്കാലം...!

അക്കൊല്ലം മാര്‍ച്ചു മാസത്തിലെ തൊട്ടുമുന്‍പുള്ള ലക്കത്തില്‍ ബാലരമ ഇറങ്ങിയത്‌ ഈയൊരു പരസ്യത്തോടെയായിരുന്നു...

"ഇനി പരീക്ഷയെ പേടിക്കണ്ട, മുഴുവന്‍ മാര്‍ക്കും വാങ്ങി ജയിക്കാന്‍ ഒരു എളുപ്പവഴി...!!! അടുത്തലക്കം ബാലരമയോടൊപ്പം, കോപ്പികള്‍ ഇന്ന് തന്നെ ഉറപ്പുവരുത്തുക."

പുസ്തകങ്ങളുമായി പഞ്ചഗുസ്തി നടത്തിയിരുന്ന എനിക്ക് അതൊരു ആശ്വാസവും ആവേശവുമായി. ഇപ്രാവശ്യമെങ്കിലും മാന്യമായി ജയിച്ചു കയറണമെന്ന ആഗ്രഹം കൊണ്ടെന്തോ പുസ്തകം അടച്ചുവെച്ചു ബാലരമയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങി.

അന്ന് ദ്വൈവാരിക ആയിരുന്ന ബാലരമ, വീട്ടില്‍ കൊണ്ടുവന്നിരുന്നത് പത്രം കൊണ്ടുവരുന്ന ആന്റണി ചേട്ടനാണ്. ഏഴുമണിക്ക് തുടങ്ങുന്ന മദ്രസ്സയില്‍ പോകാനായി, മടിയോടെ ആറെമുക്കാലിനു എണീറ്റ്‌ കുളിക്കാതെ, പല്ലുതേക്കാതെ പോയിരുന്ന ഞാന്‍, ആ ലക്കം ഇറങ്ങാന്‍ സമയമായതു മുതല്‍ രാവിലെ എണീറ്റ്‌ കിഴക്കേ വരാന്തയില്‍ കുത്തിയിരിക്കും. ആന്റണി ചേട്ടന്റെ സൈക്കിളിന്റെ ബെല്‍ അകലെനിന്നു കേള്ക്കുമ്പോള്‍തന്നെ ഞാന്‍ റെഡി.

"ചേട്ടാ, ബാലരമ വന്നോ...?"

"എത്തിയിട്ടില്ല..."

സൈക്കിളില്‍ ഇരുന്നുകൊണ്ടുതന്നെ പത്രം വരാന്തയിലേക്ക്‌ നീട്ടിയെറിഞ്ഞു, തിരിച്ചുപോകുമ്പോള്‍ തലവെട്ടിച്ചു കൊണ്ട് സ്ഥിരം കേള്‍ക്കുന്ന മറുപടി.

ആ ലക്കത്തിനു വേണ്ടി കൂടുതല്‍ കോപ്പികള്‍ ആവശ്യമുള്ളതിനാല്‍ ചെറുകിട കടക്കാര്‍ മൊത്തവും വാങ്ങിയെന്നും അതുകൊണ്ട് ഇപ്രാവശ്യത്തെ ലക്കം ഉണ്ടാവില്ലെന്നും മറ്റും ആന്റനിയെട്ടന്‍ ഉപ്പയോട്‌ പറയുന്നത് കേട്ടു. അത് സാരമില്ലെന്ന ഉപ്പയുടെ മറുപടിയില്‍ ആന്റനിയെട്ടന്‍ തൃപ്തനാവുന്നതും ഞാന്‍ കണ്ടു. എനിക്ക് സങ്കടം വന്നുപോയി, ഇനിയെന്ത് വഴി...? ഞാന്‍ നല്ല മാര്‍ക്കുവാങ്ങി ജയിക്കണമെന്ന് ഉപ്പാക്ക് ആഗ്രഹമില്ലേ...?

പരീക്ഷയാണെങ്കില്‍ അടുത്തെത്തി, ഇനിയും തുടങ്ങാത്ത പഠിപ്പിന്റെ ഭാരം എന്നെ കൂടുതല്‍ മടിയനാക്കി.

സ്കൂളിലേക്ക് പോകുന്നവഴിയില്‍ ഒരു ബുക്ക്‌ ഷോപ്പുണ്ട്, ആശാ ബുക്ക്സ്റ്റാള്‍. അവിടെ കയറിയിറങ്ങലായിരുന്നു പിന്നീടുലുള്ള എന്റെ സത്യാന്വേഷണം.

"എല്ലാം വിറ്റുതീര്‍ന്നു, ഇനി പുതിയ സ്റ്റോക്ക്‌ വന്നാല്‍ ഇവിടെ തൂക്കിയിടും. അപ്പൊ വന്നു വാങ്ങിക്കോ..."

ഒടുവില്‍ സഹികെട്ട കടയിലെ യൂസഫുക്ക അരിശം കൊണ്ടു. പിന്നെ, പുറത്ത് തൂക്കിയിട്ടിരുന്ന പുസ്തകങ്ങളില്‍ പരതലായി എന്റെ പണി.

പരീക്ഷയുടെ സമയമടുത്തു. ഇനിയും കാത്തിരുന്നാല്‍ എന്റെ പഠിത്തം തന്നെ വഴിയാധാരമാകുമെന്നു തിരിച്ചറിഞ്ഞ ഞാന്‍ വീണ്ടും പഞ്ചഗുസ്തി പുനരാരംഭിച്ചു. ആന്റനിയെട്ടന്‍ ചെയ്ത കൊടുംപാതകം ഇടയ്ക്കിടയ്ക്ക് മനസ്സിലേക്ക് കുത്തിക്കേറിവരുമ്പോള്‍ അന്നത്തെ പത്രത്തിന്റെ മുന്‍പേജില്‍ കുത്തിവരച്ചു സംത്രിപ്തിയടയും. പരീക്ഷ തുടങ്ങിയിട്ടും ബാലരമയ്ക്കു വേണ്ടിയുള്ള തെരച്ചില്‍ ഞാന്‍ നിര്‍ത്തിയിരുന്നില്ല. പക്ഷെ, നിരാശാജനകമായ വേദന തന്നുകൊണ്ട് അവസാനത്തെ കണക്കു പരീക്ഷയും അന്ത്യംകുറിച്ചു...!

രണ്ടുമാസത്തെ വേനലവധി, പാടവും പറമ്പും ഇളക്കിമറിക്കാന്‍ ഞങ്ങള്‍ക്ക് കിട്ടിയ ഒഴിവുകാലം. കൂടുതല്‍ സന്തോഷം നല്‍കിക്കൊണ്ട് ഇത്താമ്മ (ഉമ്മയുടെ ജേഷ്ടത്തി) വന്നു, പിന്നെ ബാക്കിയുള്ള ദിവസങ്ങള്‍ ആടിത്തിമിര്‍ക്കാന്‍ ഇത്താമ്മയോടൊപ്പം ഞാനും ഇത്താത്തയും പറവൂരുള്ള ഇത്താമ്മയുടെ വീട്ടിലേക്ക് പോയി. എല്ലാ വേനലവധിക്കും ഇത് പതിവാണ്, മക്കളില്ലാത്ത അവര്‍ക്ക് ഞങ്ങളായിരുന്നു കൂട്ടിനു. ഓരോ ഒഴിവുകാലം വരുമ്പോളും വീടൊരുക്കി ഞങ്ങളെ കാത്തിരിക്കും. ഞങ്ങള്‍ക്കും അതൊരു സംതൃപ്തിയുടെ കാലമായിരുന്നു.

പതിവുപോലെ ഞങ്ങള്‍ക്ക് വായിക്കാനായി ഒരുപാട് കഥാപുസ്തകങ്ങള്‍ അവിടെ വാങ്ങിവെചിട്ടുണ്ടായിരുന്നു. ബാലരമ, പൂമ്പാറ്റ, മലര്‍വാടി, ബാലമംഗളം... അടക്കിവെചിരിക്കുന്നവയില്‍ നിന്നും ഏതില്‍ തുടങ്ങണമെന്നറിയാതെ ഒരു നിമിഷം സംശയിച്ചു നിന്നുപോയി. അതിനിടയില്‍ ഞാന്‍ കണ്ടു, ആ ബാലരമ..! ഞാന്‍ അന്വേഷിച്ചു നടന്ന അതേ ലക്കം...!! അവസാന പരീക്ഷക്ക്‌ മുന്‍പെങ്കിലും ഒന്ന് കിട്ടിയിരുന്നെങ്കിലെന്നു ഒരുപാട് ആശിച്ചുപോയ അതേ പുസ്തകം...!!!

ഒട്ടും താമസിച്ചില്ല, ഞാനത് കയ്യിലെടുത്തു മറിച്ചുനോക്കി.

"പരീക്ഷയെ പേടിക്കേണ്ട- കൂടുതല്‍ മാര്‍ക്കുവാങ്ങാന്‍ എളുപ്പവഴികള്‍...!"

ബാലരമയോടൊപ്പം ഒരു ചെറു പുസ്തകമായിരൂന്നു അത്. പെട്ടന്ന് തന്നെ വായിച്ചുതീര്‍ക്കുന്നതിനു പകരം സാവധാനം മനസ്സിരുത്തി വായിച്ചു തുടങ്ങി..

എളുപ്പവഴികള്‍ അതില്‍ അക്കമിട്ടു എഴുതിയിരിക്കുന്നു...

1. സൂര്യ പ്രകാശ ലഭിക്കുന്ന സ്ഥലം പഠിക്കാനായി തെരഞ്ഞെടുക്കുക.

2. പ്രകാശത്തിനു അഭിമുഖമായി ഇരിക്കുക.

വായന ഒരുനിമിഷം നിര്‍ത്തി, ഞാന്‍ അലഞ്ഞുനടന്ന പുസ്തകം ഇതുതന്നെയാണോ..? തിരിച്ചും മറിച്ചും നോക്കി, അതെ ഇതുതന്നെ..! വായന പിന്നെ വേഗത്തിലായി, റിവിഷനുകളെ കുറിച്ചും പഠനത്തിന്റെ സമയത്തെ കുറിച്ചുമൊക്കെ എഴുതിയ പേജുകള്‍ വേഗത്തില്‍ മറിച്ച്‌ കൊണ്ടിരുന്നു, ഒടുവില്‍ അവസാന പേജും തീര്‍ന്നു. എന്നിട്ടും എനിക്കു ത്രിപ്തി കിട്ടിയില്ല,

കാരണം പഠിക്കാതെ ജയിക്കാനുള്ള ഒരൊറ്റ എളുപ്പവഴിയും ഞാനതില്‍ കണ്ടില്ലല്ലോ....!

Friday, March 11, 2011

ഒരു ബസ് യാത്ര.



കയ്യിലുള്ള സഞ്ചി കനംതൂങ്ങുന്നു.   കദീസാത്ത നടത്തത്തിനു വേഗതക്കൂട്ടി, ബസ്‌ സ്റ്റോപ്പിലേക്ക് ഇനിയും കുറച്ചുകൂടി നടക്കണം...

"ഇത്താ, സ്ടാന്റിലെക്കാനെങ്കില്‍ കേറിക്കോ..?

ഒരു ഓട്ടോക്കാരന്‍ പയ്യന്‍ തല പുറത്തേക്കിട്ടു പല്ലിളിക്കുന്നു...
ഇല്ലെന്നു പറഞ്ഞു തല വെട്ടിച്ചു. ഹും..! അങ്ങാടിയിലേക്ക് അഞ്ചു രൂപ കൊടുക്കണം. അതുവേണ്ട...!  കദീസാത്ത നടക്കാന്‍ തന്നെ തീരുമാനിച്ചു.

"ഹല്ലാ, ഇതാര്... കയ്യേ....?"

അള്ളോ, കരിങ്കന്നന്‍ അന്ത്രുക്ക...! നാട്ടില്‍ (കു)പ്രസിദ്ധിയാണ് അന്ത്രുക്കയുടെ കരിങ്കന്നും കരിനാക്കും. ചെറുപ്പത്തില് ഒരുപാട് കഥകള്‍ കേട്ടിട്ടുണ്ട്, അന്ന് കാണുന്പോഴെക്കെ ഉള്ളില്‍ ഒരു പേടിയായിരുന്നു.

"എന്താ, അന്ത്രുക്ക സുഖല്ലേ...?"

"ആ... എന്ത് സുഖം, മരുന്നും മന്ത്രോക്കെയായി ഇങ്ങനെ പോണു..."

അന്ത്രുക്ക തലചൊറിഞ്ഞു.  കദീസാത്ത പെഴ്സില്‍നിന്നും അഞ്ചു രൂപയെടുത്ത്‌ അന്ത്രുക്കാടെ നേരെ നീട്ടി. ഓട്ടോയില്‍ പോയാല്‍മതിയായിരുനെന്നു കദീസാത്തക്കപ്പോള്‍ തോന്നാതിരിന്നില്ല.

"നിന്നെ ഇങ്ങോട്ടുന്നും തീരെ കാണാറില്ലല്ലോ, കയ്യേ...?. കെട്ട്യോനും കുട്ട്യോള്‍ക്കും ഒക്കെ സുഖല്ലേ...?"

"തിരക്കല്ലേ അന്ത്രുക്ക, പിള്ളാരെ പഠിപ്പ്‌, ഇക്കാന്റെ ജോലി...! വല്ലപ്പോഴൊക്കെ വരാറുണ്ട്, ഉമ്മാനെ കണ്ടു അപ്പോത്തന്നെ പോകും."

"എന്താ നിന്റെ കയ്യില്..?"
കയിലുള്ള സഞ്ചി അന്ത്രുക്കയുടെ നോട്ടത്തില്‍നിന്നും മറച്ചുപിടിച്ചിട്ടും അങ്ങേരു അത് കണ്ടു...!

"ങാ, ഇത് പിള്ളാര്‍ക്ക് വേണ്ടി ജബ്ബാര്‍ തന്നതാ..."

"ഹോ.. ഹോ, ജബ്ബാര്‍  ഗള്‍ഫീന്ന് വന്നിട്ടുണ്ടല്ലേ...."

"ഊം... ഞാന്‍ പൊക്കോട്ടെ, അന്ത്രുക്കാ... 4.10 നു ഒരു ബസ്സുണ്ട്, അതു കിട്ടിയാല്‍ വീടിന്റെ അടുത്തുപോയി ഇറങ്ങാം...!"

കൂടുതല്‍ വിശദീകരിക്കാന്‍ നില്‍ക്കാതെ കദീസാത്ത  തിരക്കുകൂട്ടി നടന്നു..!  അന്ത്രുക്കാടെ കണ്ണ് അപ്പോഴും സഞ്ചിയിലേക്ക് തന്നെയാണെന്ന് കദീസാത്ത  ശ്രദ്ദിച്ചു. നടത്തത്തിനിടയില്‍ സഞ്ചി മുന്നിലേക്ക്‌ മാറ്റി അന്ത്രുക്കയില്‍ നിന്നും മറച്ചുപിടിച്ചു.

ഇന്നലെയാണ് ജബ്ബാര്‍  ദുബൈയില്‍ നിന്നും വന്നത്. നാല് പെങ്ങമ്മാരുടെ ഒരേയൊരു കുഞ്ഞാങ്ങള..! മറ്റു മൂന്നു പെങ്ങന്മാരും വരുന്നതിനു മുന്നേ ഓടിപിടിച്ചു വന്നതാ  കദീസാത്ത. മൂത്തയാലയതുകൊണ്ട്  മാത്രമല്ല, കൂട്ടത്തില്‍ അല്പം പ്രാരാബ്തക്കാരിയുമാണ്. കൂടാതെ മൂന്നു പെണ്മക്കളും.  സാധനങ്ങള്‍ കാര്‍ഗോ വഴിവരാന്‍ ഇനിയും രണ്ടുമൂന്നു ദിവസം പിടിക്കുമെന്ന്  ജബ്ബാര്‍ പറഞ്ഞപ്പോള്‍ ആദ്യം ദേഷ്യമാണ് വന്നത്. ഇത്രക്കും തിരക്കുപിടിച്ച് വന്നത് ഇത് കേള്‍ക്കാനാണോ..? ഇളയ മോള് സാബിറ ഫോണിലൂടെ പറഞ്ഞേല്‍പ്പിച്ച 'റോയല്‍ മിറാജ്' സ്പ്രേ  ജബ്ബാര്‍ മറക്കാതെ കൊണ്ടുവന്നിട്ടുണ്ട്. അത് കദീസാത്തയെ ഏല്പിച്ചു. കൂട്ടത്തില്‍ പെണ്‍കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ ജെട്ടി, പാന്റീസ്‌ തുടങ്ങി കുറച്ചു 'ഇന്നെര്‍' വസ്ത്രങ്ങളും. മനസ്സില്ലാ മനസ്സോടെ തിരികെ യാത്രയാവുന്പോള്‍ കിഴക്കെപ്പര്‍ത്തെ മൂവാണ്ടന്‍ മാവിലുണ്ടായ മാങ്ങ ഉമ്മ കുറച്ചു ആ സഞ്ചിയിലിട്ടു കൊടുത്തു. കാര്യമായിട്ടോന്നുമില്ലെങ്കിലും സഞ്ചി നിറഞ്ഞു. എന്നിട്ടും,  പരാതി ബാക്കിയായ കദീസാത്തയുടെ മുഖം കണ്ടിട്ടാവണം, കാര്‍ഗോ കിട്ടിയാല്‍ അന്നുതന്നെ അവരെ കാണാന്‍ വരാമെന്ന ഉറപ്പും ജബ്ബാര്‍ കൊടുത്തു.

കദീസാത്ത ബസ്‌ സ്റ്റോപ്പില്‍ എത്തിയതും ബസ്‌ വന്നതും ഒരുമിച്ചായിരുന്നു. സാമാന്യം നല്ല തിരക്കുണ്ടായിരുന്നു..! കന്പിയില്‍ തൂങ്ങിനില്‍ക്കാന്‍ സ്ഥലം കിട്ടി. കോളേജു കുട്ടികളാണ് അധികവും. അവരുടെ ചറപറ വര്‍ത്തമാനം ഉച്ചത്തില്‍ കേള്‍ക്കാം. കണ്ടക്റ്റര്‍ പരിചയക്കാരനാണ്‌, ഒരു സീറ്റിനായി ഹൈക്കമാണ്ടിനെ കണ്ടപോലെ നോക്കി ചിരിച്ചെങ്കിലും കോളേജു പെണ്‍കുട്ടികള്‍ക്കിടയില്‍ നിന്നും ആ വിരുതന്‍ ഒന്ന് മിണ്ടുകപോലും ചെയ്തില്ല. നിവൃത്തിയില്ലാതെ കദീസാത്ത രോഷം ഉള്ളിലൊതുക്കി കന്പിയില്‍ത്തന്നെ തൂങ്ങിനിന്നു, ആരെങ്കിലും എണീക്കുന്നതും കാത്തു.

പെട്ടന്ന് ബസ്സിനുള്ളില്‍ ഒരു നിശബ്ദത...! അതിന്റെ തുടര്‍ച്ചയെന്നോണം കൂട്ടച്ചിരി. എല്ലാവരും താഴേക്കു നോക്കുന്നു. കദീസാത്തയും നോക്കി,
ഒരു ജെട്ടി താഴെ വീണു കിടക്കുന്നു...!

"ആരുടെതെങ്കിലും ഊരിപ്പോയതാവും..."
ഒരു കോളേജു പയ്യന്‍ വിളിച്ചുപറഞ്ഞു.

"ഒന്ന് തപ്പിനോക്ക്യെ..."
വേറൊരുത്തന്റെ കമന്റ്‌.

പൊട്ടിച്ചിരികള്‍ ഉച്ചത്തിലായി. കാഴ്ചകാണാന്‍ പെണ്‍കുട്ടികള്‍ എത്തിനോക്കുന്നു. കണ്ടക്റ്റര്‍ കാലുകൊണ്ട്‌ അത് വെളിയിലേക്ക്  തട്ടിത്തെറിപ്പിച്ചു. എന്നിട്ടും ചിരി നില്‍ക്കുന്നില്ല. കദീസാത്തയും ഓര്‍ത്ത്‌ ചിരിച്ചുപോയി.
ബസ്‌ പാലപെട്ടി വളവു കഴിഞ്ഞു പിന്നെയും മുന്നോട്ട് നീങ്ങി.

കുറച്ചുകഴിഞ്ഞില്ല, പിന്നെയും കൂട്ടച്ചിരി. ഇപ്രാവശ്യം സ്ത്രീകളുടെ ഭാഗത്ത് നിന്നാണ് തുടങ്ങിയത്. എല്ലാവരുടെയും നോട്ടം താഴെക്കുതന്നെ..! അതാ, താഴെ വീണ്ടുമൊരു ജെട്ടി...!!! ഇപ്രാവശ്യം വേറൊരു കളര്‍.

"ഇതെന്താ... തൃശൂര്‍ പൂരത്തിന്റെ  കുടമാറ്റമാണോ...?"
കദീസാത്ത ഉറക്കെ ചോദിച്ചുപോയി.

 ബസ്സില്‍ പൊട്ടിച്ചിരിയുടെ മാലപ്പടക്കം. കണ്ടക്റ്റര്‍ എല്ലാവരുടെ മുഖത്തേക്കും രൂക്ഷമായൊന്നു നോക്കി. ആ നോട്ടം കൂടുതല്‍ ചിരിക്കു വക നല്‍കി. അയാള്‍ എന്തോ പിരുപിരുത്തുകൊണ്ട് കാലുകൊണ്ട്‌ തട്ടിത്തട്ടി അതും പുറത്തേക്കിട്ടു. പിന്നില്‍ നിന്നും മുന്നില്‍ നിന്നും കമന്റുകളുടെ പ്രാവാഹമാണ്.
കോളേജു കുട്ടികള്‍ക്ക് പറഞ്ഞു ചിരിക്കാനുള്ള വകയായി. എല്ലാവരും പരസ്പരം കളിയാക്കി അടക്കം പറയുന്നുമുണ്ട്.

"ഇനിയും പ്രതീക്ഷയോടെ ഞങ്ങള്‍ കാത്തിരിക്കുന്നു..."

ഒരുത്തന്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു,  കദീസാത്ത വാപൊത്തി ചിരിയില്‍ പങ്കുകൊണ്ടു.
പറഞ്ഞു തീര്‍ന്നില്ല, അപ്പോഴേക്കും ആരോ വിളിച്ചുപറഞ്ഞു...

"ദേ.., പിന്നേം...! ദ്... ഐറ്റം വേറയാ..."
എല്ലാവര്‍ക്കുമൊപ്പം കദീസാത്തയും കണ്ടു. ഒരു സ്പ്രേ ബോട്ടില്‍..!  ഒന്ന് കൂടി സൂക്ഷിച്ചുനോക്കി...
അള്ളോ..! ഇത് അതല്ലേ...? ജബ്ബാര്‍  തന്ന റോയല്‍ മിറാജ് സ്പ്രേ..!!!
ആരുംകാണാതെ കദീസാത്ത സഞ്ചി ഉയര്‍ത്തി അടിയില്‍ തപ്പിനോക്കി, ന്റുമ്മോ..! സഞ്ചിയുടെ അടിഭാഗം പൊളിഞ്ഞിരിക്കുന്നു...! അപ്പൊ ചോര്‍ച്ച എന്റെ സഞ്ചിയില്‍ നിന്നാണോ...?  ഇത്രയും നേരം കുടമാറ്റം നടത്തിയത് താന്‍ തന്നെയാനെന്നസത്യം ഉള്‍ക്കിടലത്തോടെ കദീസാത്ത തിരിച്ചറിഞ്ഞു. ഇനിയും ഇവിടെ നിന്നാല്‍ ബാക്കിയുള്ളതും ഒപ്പം മാനവും ബസ്സ് കേറുമെന്നു കദീസാത്തക്ക് ഉറപ്പായിരുന്നു.

"ഒന്ന് നിര്‍ത്തനെ... ആളിരങ്ങാനുണ്ട്"
സഞ്ചി അടിയോടടക്കം താങ്ങിപിടിച്ച് കയ്യത്ത വിളിച്ചുപറഞ്ഞു. ഇറങ്ങാനായി ഡോരിലേക്ക് നീങ്ങുമ്പോള്‍ സ്പ്രേ ബോട്ടില്‍ കാലില്‍ തടഞ്ഞു. സാബിറ മോള്‍ക്കുള്ള സ്പ്രേ..! ഉള്ളിലുള്ള വേദന പുറത്തുകാട്ടാതെ മുഖത്തു പരിഹാസം വരുത്തി, ഈര്ഷ്യത്തോടെ ബോട്ടില്‍ കാലുകൊണ്ടുതന്നെ തട്ടിത്തെറിപ്പിച്ചു.

ഏതാണ് താനിറങ്ങിയ സ്ഥലമെന്നു മനസ്സിലാക്കാന്‍ കദീസാത്തക്ക് പിന്നെയും സമയം വേണ്ടിവന്നു. അടുത്ത ബസ്സിനായി കാത്തു നില്‍ക്കുമ്പോള്‍ അന്ത്രുക്കയുടെ നോട്ടത്തെ കുറിചോര്‍ത്തുപോയി. പിന്നെ കുറേനേരം ഒരു ദു:സ്വപ്നംപോലെ ആ കണ്ണുകള്‍ അവരെ പിന്തുടര്‍ന്നു...!


(ഇതൊരു സംഭവ കഥയാണ്‌, കഥാപാത്രങ്ങള്‍ക്ക് മാറ്റം വരുത്തിയെന്നുള്ളൂ...! ഈ സംഭവം എന്നോട് പറഞ്ഞുതന്ന എന്റെ ഇളയ സഹോദരിക്ക് ഇവിടെയും കടപ്പാട് അറിയിക്കുന്നു.)

Tuesday, March 1, 2011

കൊച്ചു കൊച്ചു കള്ളത്തരങ്ങള്‍.


ഇനി രണ്ടു ദിവസം സ്കൂള്‍ അവധിയാണ്. വെള്ളിയാഴ്ച ദിവസം സ്കൂള്‍ വിടാനുള്ള ബെല്ലു കെട്ടാല്‍ മനസ്സില്‍ സന്തോഷത്തിന്റെ പെരുമ്പറ മുഴങ്ങും.  പഠിപ്പിന്റെ ഭാരമില്ലാത്ത രണ്ടു ദിവസം.  പുസ്തങ്ങള്‍ക്ക് തല്‍ക്കാലം വിട..!
ഇന്നലെ പകുതിയില്‍ വെച്ചു നിര്‍ത്തിയ കളികളുടെ ബാക്കി പൂര്‍ത്തിയാകാനുള്ള ആവേശമാണ് മനസ്സില്‍..., അല്ലെങ്കിലും ഞങ്ങള്‍ ജയിക്കേണ്ട കളിയായിരുന്നു അത്...!
വീടിന്റെ തൊട്ടടുത്തുളള പള്ളി പറമ്പാണു ഞങ്ങളുടെ കളിസ്ഥലം. വീട്ടിലെത്തി കഴിഞ്ഞാല്‍ പുസ്തകങ്ങള്‍ അലമാരയിലേക്ക് വലിച്ചെറിഞ്ഞു ഒരോട്ടമാണ്. മഗ്‌രിബു വാങ്ക് കേള്‍ക്കുമ്പോഴേ കളിനിര്‍ത്തുള്ളൂ, അതും പള്ളിയിലെ ഉസ്താതിനെ പേടിച്ചു മാത്രം..!

ഇന്നലെ, കളിച്ചു കളിച്ചു സമയം പോയതറിഞ്ഞില്ല.
പകുതിയില്‍ നിര്‍ത്തിയത് ബാക്കി നാളെ തുടരാമെന്ന ഉറപ്പിലായിരുന്നു. ഇന്ന് അത് കളിച്ചു തീര്‍ക്കണം, ജയിക്കണം. മനസ്സ് ഇപ്പോഴേ പള്ളിപ്പറമ്പിലെത്തിയിരുന്നു.  പുസ്തക സഞ്ചിയും തൂക്കി ഞാന്‍ പിന്നാലേയും.

സ്കൂളില്‍ നിന്നും വീട്ടിലേക്കുള്ള എന്റെ കൂട്ട് ഇത്താത്ത തന്നെയാണ്. ഇത്താത്തയുടെയും കൂട്ടുകാരികളുടെയും പിന്നിലായി ഞാന്‍ നടക്കും. വഴിയരികിലെ പാടത്തും തോട്ടിലും കുറേനേരം നോക്കിനില്‍ക്കാന്‍ തോന്നാറുണ്ട്, പക്ഷെ, ഇത്താത്ത സമ്മതിക്കില്ല. അനുസരിച്ചില്ലെങ്കില്‍ വീട്ടില് ‍ചെന്നു ഉപ്പയോട്‌ പറഞ്ഞു കൊടുക്കും. അതുകൊണ്ട് അനുസരിച്ച് കൂടെ നടക്കുന്നു...
അടുത്തവര്‍ഷം ഇത്താത്ത സ്കൂള്‍ മാറിപ്പോകും, അന്നേരം എനിക്ക് സ്വതന്ത്രം കിട്ടും.
ഹും !!!, അപ്പോള്‍ ഞാന്‍ കാണിച്ചുതരാം...
വീട്ടിലെത്തും മുന്‍പേ പള്ളിപ്പറമ്പില്‍ നിന്നും കൂട്ടുകാരുടെ ആരവം കേട്ടു തുടങ്ങിയിരുന്നു. കുപ്പായത്തിന്റെ ബട്ടണുകള്‍ ഞാന്‍ അപ്പഴേ അഴിച്ചുതുടങ്ങി. സ്കൂള്‍ ബാഗ്‌ തോളില്‍നിന്നും കയ്യിലേക്ക് പിടിച്ചു എറിയാന്‍ തയ്യാറായി....
വീട്ടിലെത്തുമ്പോള്‍ കിഴക്കേ വരാന്തയില്‍ ഉപ്പയെ കണ്ടു..! ഇത് പതിവില്ലാത്തതാണ്. വൈകുന്നേരങ്ങളില്‍ ഉപ്പ പള്ളിമുക്കിലെ ചായക്കടയിലോ മറ്റോ പോവാറാണു പതിവ്. മോന്തിയാവുമ്പഴേ തിരിച്ചെത്തൂ.
പുറത്തു കളിക്കാന്‍ പോകുന്നത് ഉപ്പാക്ക് ഇഷ്ട്ടമല്ല. വീട്ടിലിരുന്നു കളിക്കാനാണു ഓര്‍ഡര്‍.

ഉപ്പാക്കെന്തറിയാ...? ഈ ഇത്താത്തയോടപ്പമിരുന്നു എന്തുകളി, കല്ലുകളിയോ..? അതിനു എന്നെ കിട്ടൂല...
ഞാന്‍ പതിവായി ഉപ്പയറിയാതെ മുങ്ങും. ഉപ്പ  തിരിച്ചു വരുമ്പോഴേക്കും കളിയൊക്കെ കഴിഞ്ഞു ഒന്നുമറിയാത്തവനെ പോലെ ഞാനിരിക്കും. അതിനുപിന്നില്‍ ഉമ്മയുടെ ചെറിയ സമ്മതവും ഇല്ലാതില്ല.
ദാ...ഇപ്പോള്‍, പള്ളിപ്പറമ്പിലേക്കുള്ള എന്റെ ഓട്ടത്തിന് തടസ്സമായി ഉപ്പ ഇരിക്കുന്നു.
ഇനി എന്തുചെയ്യും...?  വേദനയ്ക്ക് കൂടുതല്‍ കരുത്തു നല്‍കിക്കൊണ്ട് പള്ളിപ്പറമ്പിലെ ഒച്ചപ്പാട് ഉയര്‍ന്നുകൊണ്ടിരുന്നു.
ചായയും എനിക്കേറ്റവും ഇഷ്ട്ടമുള്ള പോത്തന്‍ ബിസ്കറ്റും മുന്നിലിരുന്നിട്ടും കഴിക്കാന്‍ തോന്നിയതേയില്ല.
ഉപ്പ ഇന്ന് പുറത്തേക്ക് പോകുന്നില്ലെന്ന് തോന്നുന്നു. എന്റെ അവസാന പ്രതീക്ഷയും വീണുടയുന്നു...

"എടാ... ഷമീറേ..." ഉപ്പ വിളിക്കുന്നു...!

ഹാവൂ, ഇനിയിപ്പോ കളിക്കാന്‍ പൊയ്ക്കോളാന്‍ പറയാനാണോ...? എന്റെയുള്ളില്‍ ഒരു വെളിച്ചം വീണു.

"ന്താ, ഉപ്പാ..."

"നീയാ തീപ്പെട്ടിയെടുത്തെ..."

വിരലുകള്‍ക്കിടയില്‍ കാജ ബീഡി തിരികി തീപ്പെട്ടി എടുക്കാനായി വിളിച്ചതാ...
ആ വെളിച്ചവും പൊലിഞ്ഞു...
ഉപ്പാടെ കീശയില്‍ നിന്നും തീപ്പെട്ടി എടുക്കുമ്പോള്‍ അതിന്റെ കൂടെ രണ്ടു രൂപയുടെ ഒരു മുഷിഞ്ഞ നോട്ടും പുറത്തേക്കുവന്നു. പൈസ തിരികെ അവിടെത്തന്നെ വെച്ച് തീപ്പെട്ടിയുമായി ഉപ്പയുടെ അരികിലെത്തി. ബീഡി കത്തിച്ച ശേഷം തീപ്പെട്ടി എന്നെ തിരികെയെല്‍പ്പിച്ചു. തീപ്പെട്ടി തിരിച്ചു വെക്കുമ്പോള്‍ ആ രണ്ടു രൂപ പിന്നെയും എന്റെ കയ്യില്‍പറ്റി. സ്കൂളിനടുത്തുള്ള അയമുക്കാടെ കടയിലെ നാരങ്ങ മിഠായിയും നെല്ലിക്ക അമ്മായിയുടെ ഉപ്പിലിട്ട നെല്ലിക്കയും മനസ്സിലൂടെ മിന്നിമറഞ്ഞു. കളിക്കാന്‍ പോകാന്‍ കഴിയാത്ത വേദനയും കൂടിയായപ്പോള്‍, പിന്നെ ഒന്നും ആലോചിച്ചില്ല, ആ രണ്ടു രൂപ എന്റെ ട്രൌസറിന്റെ പോക്കറ്റിലായി.
തിരികെ ഹാളിലെ സോഫയില്‍ വന്നിരുന്നത് ഒരു പണക്കാരന്റെ അഹങ്കാരത്തോടെയാണ്. നാളെ സ്കൂലിലെത്തുമ്പോള്‍, പത്തിന്റെം ഇരുപതിന്റെം പൈസയുമായി വരാറുള്ള രാജേഷിനെക്കാളും അമീറിനേക്കാളും വലിയ ഒരു പൈസക്കാരനാവും ഞാന്‍. വാങ്ങേണ്ട മിഠായിയും പങ്കുവെച്ചുകൊടുക്കേണ്ട കൂട്ടുകാരുടെ മുഖങ്ങളും മനസ്സില്‍ മിന്നിമറഞ്ഞു.
അതിനിടയില്‍, ഉപ്പ പള്ളിമുക്കിലേക്ക് പോകാനായി ഷര്‍ട്ട്‌ ധരിച്ചു പുറത്തേക്കിറങ്ങുന്നത് ഞാന്‍ ശ്രദ്ധിച്ചു. തെക്കെ പറമ്പിന്റെ  വേലിയും കഴിഞ്ഞു ഉപ്പയുടെ തലവെട്ടം മറയുന്നതുവരെ ഞാന്‍ നോക്കിനിന്നു. പിന്നെ, വടക്കേ ഇടവഴിയിലൂടെ പള്ളിപ്പറമ്പിലേക്കോടി.
ഞാന്‍ വളരെ വൈകിപ്പോയിരുന്നു, കളി കഴിയാനായിരിക്കുന്നു. പിന്നെ വെറുമൊരു കാഴ്ചക്കാരനായി കണ്ടു നിന്നു. അല്ലെങ്കിലും കളിക്കാനുള്ള ആവേശം ഇല്ലാതായപോലെ, നാരങ്ങ മിഠായിയും അയമുക്കാടെ പീടികയും എന്നെ വല്ലാതെ മോഹിപ്പിക്കുന്നു. സ്കൂളില്‍ പോകാന്‍ ഇനിയും രണ്ടുദിവസം കാത്തിരിക്കണമെന്ന കാര്യം അന്ന് ആദ്യമായി എന്നെ വേദനിപ്പിച്ചു. അത്രേം വരെ ക്ഷമിക്കാന്‍ എനിക്ക് കഴിയുന്നില്ല.
വീടിന്റെ കുറച്ചപ്പുറം ഒരു ചെറിയ കടയുണ്ട്, സ്കൂളില്‍ പോകുന്ന വഴിയില്‍ കണ്ടിട്ടുള്ളതാ. പിന്നെ അവിടെ നിന്നില്ല, ട്രൌസറിന്റെ പോക്കറ്റില്‍ കയ്യിട്ടു സാമ്പത്തിക ഭദ്രത ഉറപ്പാക്കിയ ശേഷം നേരെ വെച്ചുപിടിച്ചു, ആ കടയിലേക്ക്....
ചെറിയൊരു പെട്ടിക്കടയാണ്, അതിനുള്ളിലിരുന്നു ഒരു വെല്ലിപ്പ ബീഡി തെറുക്കുന്നു. ഏതു മിഠായി വാങ്ങണം എന്നറിയാതെ അവിടെത്തന്നെ കുറച്ചുനേരം  ചുറ്റിപറ്റി നിന്നു. അവിടെ നാരങ്ങ മിഠായി കണ്ടില്ല, വേറെന്തു വാങ്ങാന്‍... അപ്പോഴാണ്‌ സ്ലൈറ്റ് പെന്‍സില്‍ ഞാന്‍ കണ്ടത്. ഒടിഞ്ഞ പെന്‍സില്‍ കഷ്ണവും ഇത്താത്ത ഉപയോഗിച്ച ബാക്കിയായ കഷ്ണങ്ങളും മാത്രമായിരുന്നു എന്റെ പെന്‍സില്‍ ശേഖരണത്തില്‍ അതുവരെ ഉണ്ടായിരുന്നത്. പത്തു പെന്സിലുള്ള ഒരു പാക്കറ്റ് വാങ്ങി ട്രൌസറിന്റെ കീശയില്‍ പൂഴ്ത്തിവെച്ചു ബാക്കി കിട്ടിയ ഒരു രൂപ പോക്കറ്റിലും ഇട്ടു ഞാന്‍ വീട്ടിലേക്കു നടന്നു.

വീട്ടിലെത്തിയപ്പോള്‍ കിഴക്കേ വരാന്തയില്‍ എല്ലാവരും കൂടി നില്‍ക്കുന്നു. ഉപ്പയും, ഉമ്മയും, വാപ്പുമ്മയും ഒക്കെയുണ്ട്. എന്നിക്കെന്തോ പന്തികേട്‌ തോന്നി. ഞാന്‍ നടത്തം നിര്‍ത്തി. കൈകൊണ്ടു കീശയുടെ ഭാഗം മറച്ചുപിടിച്ചു.

"ഡാ... ഇങ്ങട് വാടാ..."

ഉപ്പ വളരെ ദേഷ്യത്തിലായിരുന്നു.
ഒന്ന് മടിച്ചെങ്കിലും വിളിയുടെ ശക്തി എന്നെ ഉപ്പയുടെ അരികിലെത്തിച്ചു.

"എന്താടാ പോക്കറ്റില്.."

"ഒന്നുമില്ല..."

പറഞ്ഞു തീരും മുന്‍പേ പോക്കറ്റിലെ പെന്‍സില്‍ പാക്കറ്റ് ഉപ്പ പുറത്തെടുത്തിരുന്നു. അതിന്റെ കൂടെ ആ ഒരുരൂപയും പുറത്തേക്ക് തെറിച്ചു വീണു.

"എന്താണിത്..."

"പെന്‍സില്‍..."

"നിനക്ക് ആരാ തന്നെ...?"

"എന്റെ ക്ലാസ്സിലെ ഒരു കുട്ടി തന്നതാ..." അത്രയ്ക്കും ഞാന്‍ ഒപ്പിച്ചു.
അപ്പോഴേക്കും ആദ്യ അടി വീണിരുന്നു. പിന്നെയും കിട്ടി ഒന്നുകൂടി. മൂന്നാമത്തെ അടിക്കു മുമ്പേ വാപ്പുമ്മ ഇടയില്‍ കയറി, പകുതി വാപ്പുമ്മാക്കും കൊണ്ടു.  ഉപ്പ നിന്ന് വിറക്കുകയാണ്. വാപ്പുമ്മ എന്നെ വീടിനകത്തേക്ക്  പിടിച്ചുമാറ്റി.  ഉപ്പ അരിശം തീരും വരെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് ഉമ്മയോടും ദേഷ്യപ്പെടുന്നുണ്ട്.

"നിനക്ക് പെന്‍സില്‍ വെങ്ങാന്‍ പൈസ വേണമെങ്കില്‍ ഞാന്‍ തരുമായിരുന്നില്ലേ...?"

വാപ്പുമ്മയുടെ വിറയ്ക്കുന്ന കൈകള്‍ എന്നെ തലോടുന്നു.
ചെയ്ത തെറ്റിന്റെ ആഴം തിരിച്ചറിഞ്ഞിട്ടല്ലങ്കിലും എന്റെ കണ്ണ് നിറഞ്ഞൊഴുകി... അന്ന് വീട്ടില്‍ എല്ലാവരുടെയും മുഖത്തു മ്ലാനത മാത്രം.
ഭക്ഷണമൊന്നും കഴിക്കാന്‍ കൂട്ടാക്കാതെ ഞാന്‍ കിടന്നു. അടികൊണ്ടു ചുവന്നു വീര്‍ത്ത വടുവില്‍ ഉമ്മ വന്നു തടവുന്നു...

"മോനെ, ചോറ് തിന്നെടാ... ഒരുനേരം പട്ടിണി കിടന്നാല്‍ ഒരു പ്രാവിന്റെ ഇറച്ചി കുറയും....."

"കുറയട്ടെ, നല്ലോണം കുറയട്ടെ...."

മുഖം തലയണയില്‍ പൂഴ്ത്തി ഞാന്‍ കിടന്നു.

"എന്താ ഇവിടെ, അവനു ഭക്ഷണം വേണ്ടങ്കില്‍ വേണ്ടാ..., നിങ്ങളുപോയി കഴിച്ചോ..." ഉപ്പയുടെ ശബ്ദം.

ഞാന്‍ കണ്ണുകള്‍ മുറുക്കിയടച്ചുതന്നെ കിടന്നു. എന്റെ പുറത്തു ഉപ്പയുടെ കൈകളുടെ സ്പര്‍ശം ഞാന്‍ തിരിച്ചറിഞ്ഞു.  തലപൊക്കി നോക്കാന്‍ എനിക്ക് കഴിഞ്ഞില്ല,  അത്രയ്ക്കുമുണ്ടായിരുന്നു എന്റെയുള്ളിലെ കുറ്റബോധം...!

<<<<<<<<<<<<<<<<<<<>>>>>>>>>>>>>>>>>>>>>

വര്‍ഷങ്ങള്‍ക്കു ശേഷം ഒരിക്കല്‍ എന്റെ ഡയറിയില്‍ ഈ കാര്യങ്ങള്‍ കാണാനിടയായ ഉപ്പ എന്നോട് ചോദിച്ചു.

"നീ ഇതൊന്നും മറന്നില്ലടാ...."

എന്റെ ജീവിതത്തില്‍ വല്ല നന്മയും അവശേഷിക്കുന്നുണ്ടങ്കില്‍ അത് ഈ ഉപ്പയുടെ ശാസനയിലൂടെ കിട്ടിയതാണെന്ന് എനിക്ക് പറയണമെന്നുണ്ടായിരുന്നു. പക്ഷെ, ഉപ്പയുടെ മുഖത്തുനോക്കി വലിയ വലിയ കാര്യങ്ങള്‍ പറയാന്‍ ഇന്നും എനിക്ക് അറിയില്ല. അതുകൊണ്ട് ഞാന്‍ ചിരിക്കുക മാത്രം ചെയ്തു, കൂടെ ഉപ്പയും....!