Thursday, February 24, 2011

ഗോപാലേട്ടന്റെ ചായക്കട

ഇന്നത്തെ സായാഹ്നം നമുക്ക് ഗോപാലേട്ടന്റെ കൂടെ കൂടാം. നമ്മുടെ പ്രിയപ്പെട്ട "ശ്രീകൃഷ്ണ ടീ സ്റ്റാളില്‍.."
ഒഴിഞ്ഞു കിടക്കുന്ന ഈ ചായപീടികയിലാവട്ടെ ഇന്നത്തെ നമ്മുടെ ഒത്തുകൂടല്‍.

"ഗോപാലേട്ടാ..., നല്ല കടുപ്പത്തില്‍ തന്നെ പോന്നോട്ടെ..."


ചാനലുകളും, വാര്‍ത്താ മാധ്യമങ്ങളും നമുക്കിടയില്‍
സ്ഥാനം പിടിക്കുന്നതിനു മുമ്പ് ഡിഷും, സാറ്റലൈറ്റും ഇല്ലാതെ തന്നെ
ഗ്രാമത്തിന്റെ സ്പന്ദനങ്ങളും, ചൂടുള്ള സംവാദങ്ങളും, ചര്‍ച്ചകള്‍ക്കും
വാദ പ്രതിവാതങ്ങള്‍ക്കും ഇവിടെ സ്ഥിരം വേദിയായിരുന്നു..
സ്ഥിരം കാഴ്ചയായിരുന്നു..!
ഈ ചായപ്പതകളില്‍ നുരഞ്ഞു പൊന്തിയത്
എത്ര തലമുറകളുടെ സ്നേഹ സംവാദങ്ങളായിരുന്നു...

ഉറക്കെ പത്രം വായിക്കുന്ന ഒരാളും അതുകേട്ടു അഭിപ്രായം പറയാന്‍ കുറേപ്പേരും അവര്‍ക്കിടയില്‍ പുട്ടും കടലയും ഒപ്പം ചെറിയ ചെറിയ കമന്റുകളുമായി ഗോപാലേട്ടനും. ഓരോ ചായകുടിയും ഓരോ ആഘോഷമായിരുന്നു ഇവിടെ.

വിശക്കുന്ന വൈകുന്നേരങ്ങള്‍ക്ക് ആശ്വാസം തന്നിരുന്ന ഇത്തരം ചായക്കടകള്‍ ഇന്ന് ഗ്രാമങ്ങളില്‍ നിന്ന് പട്ടണങ്ങളിലേക്കു പുതിയ രൂപത്തില്‍ പറിച്ചു നടപ്പെടുന്നു. നമ്മുടെ ഗ്രാമാന്തരീക്ഷത്തില്‍ നാം എന്നും ആഗ്രഹിക്കുന്നു ഇതുപോലുള്ള ഒരു ചായക്കട. പണ്ട് വീട്ടില്‍ പെട്ടെന്നൊരു അതിഥി വന്നാല്‍ ഇത്തരം ചായക്കടകള്‍ ആയിരുന്നു നമുക്ക് ആശ്രയമായിരുന്നത്.

ഇന്ന് ഇത്തരം ചായക്കടകളില്‍
കയറാന്‍ പോലും നാം മടികാണിക്കുന്നു..!
നാം തന്നെയാണ് നമ്മുടെ
സുന്ദരമായ ഗ്രാമാന്തരീക്ഷത്തെ നഗരവല്‍ക്കരിക്കുന്നത്...
എന്നിട്ട് നാം സ്വയം അഹങ്കാരത്തിലേക്ക് പാകപെടുന്നു.

ഇന്നിപ്പോള്‍,
ജീവിതത്തിന്റെ കണക്കു പുസ്തകത്തില്‍
ഒരു പറ്റുകാരന്റെ വേഷം മാത്രമാണ് ഗോപാലേട്ടന്‍.


'ഇന്ന് റൊക്കം നാളെ കടം' എന്ന സ്ഥിരം ബോര്‍ഡിനു പകരം പുതിയൊരു ബോര്‍ഡ് അവിടെ തൂങ്ങുന്നുണ്ടായിരുന്നു.
"പറ്റു പുസ്തകത്തില്‍ സ്ഥലമില്ലാത്തതിനാല്‍ ദയവായി ആരും കടം പറയരുത്.
-എന്ന് ഗോപാലേട്ടന്‍."

വൈകീട്ട് ഗോപാലേട്ടനോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ആ മുഖത്ത്‌
വല്ലാത്തൊരു വേദന കാണാമായിരുന്നു..!
ഒരുപാട് നാളുകള്‍ക്ക് ശേഷം ഈ ചായക്കടക്ക് പഴയൊരു
ഓര്‍മ്മയുടെ തിളക്കം നല്‍കി നമ്മള്‍ വിടപറഞ്ഞത്‌ കൊണ്ടാവാം.
(എന്നാണു ഞാന്‍ കരുതിയത്) പിന്നീടല്ലെ മനസ്സിലായത്‌,

എല്ലാവരും "പറ്റു" വെച്ച് പറ്റിച്ചൂത്രെ..!!!

പിന്നെയും ഗോപാലേട്ടന്‍ പറ്റു പുസ്തകവുമായി,
നിങ്ങളെയും കാത്ത്....

Tuesday, February 15, 2011

ഒരു പെരുന്നാള്‍ സമ്മാനം


ടിക്ക്... ടിക്ക്...
വാങ്കിനു മുമ്പ് മുക്രിക്കയുടെ പതിവുള്ള രണ്ടു മുട്ടല്‍. ഇശാ വാങ്കും കഴിഞ്ഞു ഇനിയേതാ വാങ്കെന്നു ചിന്തിക്കുമ്പോഴാണു അടുക്കളയില് ‍നിന്നും ഉമ്മ വിളിച്ചുപറഞ്ഞത്‌,
"മാസം കണ്ടു, നാളെ പെരുന്നാളായി"
പറഞ്ഞു തീരും മുമ്പ് തക്ബീര്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നു...!
പിന്നെ, അതൊരു ഉത്സാഹമായി പടര്‍ന്നു.... രണ്ടു മൂന്നു വട്ടം ഞാനും അതേറ്റു ചൊല്ലി....
പുണ്ണ്യമായ റംസാന് വിടപറഞ്ഞു കൊണ്ട്‌ ശവ്വാലിന്റെ പൊന്നമ്പിളി ആകാശത്ത് വിരിഞ്ഞു... ഞങ്ങള്‍ കുട്ടികള്‍ക്ക് അതൊരു ആഘോഷക്കാലം.

നോമ്പ് കഴിഞ്ഞു പോകുന്നതില്‍ വേദനയോടെ നിസ്കാര പായയിലിരുന്നു കരഞ്ഞ വാപ്പുമ്മയെ കണ്ടപ്പോള്‍ അത്ഭുതം തോന്നി. പെരുന്നാളായാല്‍ സന്തോഷിക്കലല്ലേ വേണ്ടത്..? അന്നേരം മടിയിലേക്ക്‌ പിടിച്ചിരുത്തി വാപ്പുമ്മ പറഞ്ഞ വലിയ വലിയ കാര്യങ്ങള്‍ ഒന്നും മനസ്സില്‍ കേറിയിരുന്നില്ല.


ഖുര്‍'ആന്‍ ഒത്തു മാതിയാക്കി പതിയെ എണീറ്റു, വടക്കേല് ഈ സമയം എല്ലാരും ഒത്തുകൂടിട്ടുണ്ടാവും, ഞങ്ങളുടെ സ്ഥിരം താവളമാണത്.വാങ്ങി വെച്ച പടക്കങ്ങളും പൂത്തിരികളും ഒരുമിച്ചിരുന്നു കത്തിച്ചു തീര്‍ക്കണം, അതാണ്‌ പതിവ്.
ഉപ്പ പള്ളിയില്‍നിന്നും വരാന്‍ ഇനിയും വൈകും. ഉമ്മ നല്ല തിരക്കിലുമാണ്, പൊതുവേ അടുക്കളയില്‍ ഉമ്മ അങ്ങിനെയാണ്.
"ഉമ്മാ, ഞാന്‍ വടക്കേ പോണു..."
സമ്മതത്തിനു കാത്തുനില്‍ക്കാതെ വേഗം ഇറങ്ങുമ്പോള്‍ പടിഞ്ഞാപ്പുറത്തു ഇത്തയും അനിയത്തിമാരും മൈലാഞ്ചി ഇടുന്ന തിരക്കിലാണ്. കൂടെ അയല്‍വക്കത്തെ കുട്ടികളുമുണ്ട്.അവര്‍ പെരുന്നാള് പണ്ടേ ഉറപ്പിച്ച മട്ടാനെന്നു തോന്നുന്നു...!


വടക്കേ വീട്ടിലെ തെക്കേ വരാന്തയില്‍ എല്ലാവരും ഒത്തുകൂടിയിട്ടുണ്ട്...!
കമ്പിത്തിരിയും, മേശാപ്പൂവും, തലച്ചക്രവും പിന്നെ പടക്കങ്ങളും ഓരോന്നായി പുറത്തെടുത്തു. പിന്നെ ഒരു മത്സരമായിരുന്നു; എല്ലാം ആവേശപൂര്‍വ്വം കത്തിച്ചു തീര്‍ക്കാനായി. അപ്പോഴേക്കും ഉമ്മയുടെ വിളി വന്നു. മനസ്സില്ലാ മനസ്സോടെ വീട്ടിലേക്കോടി. ഉപ്പ അപ്പോഴും എത്തിയിട്ടുണ്ടയിരുന്നില്ല.
ചോറ് തിന്നു കൈ കഴുകുമ്പോഴാണു ഒരു വെള്ളിടി പോലെ ആ കാര്യം ഓര്‍മ്മവന്നത്. പെരുന്നാളിന്നു ഇടാനുള്ള ഷര്‍ട്ടും പാന്റും തുന്നക്കടയില്‍ നിന്നും വാങ്ങിയിട്ടില്ല...!!!
പുതിയ ഷര്‍ട്ടും പാന്റുമില്ലാതെ എന്ത് പെരുന്നാള്‍..? എന്ത് ആഘോഷം...? മനസ്സ് ഉരുകിപ്പോയി, ശരീരത്തിന് ഒരു വിറയല്‍... ആകെ വിയര്‍ത്തുപോയി...
"നിനക്കിവിടെ വെറുതെ ഇരുന്ന നേരത്ത് അതൊന്നു പോയി വാങ്ങാമായിരുന്നില്ലേ..."
ഉമ്മയുടെ ചോദ്യം കൂടുതല്‍ നോവിച്ചുപോയി.
"ഞാന്‍ പോയിരുന്നു, അപ്പൊ കഴിഞ്ഞിട്ടുണ്ടായില്ല.. അതാ"
തുന്നക്കാരന്‍ ജലീല്‍ക്കയെ മനസ്സില്‍ വിചാരിച്ചു മേശമേല്‍ ഒരു ഇടി...!
ശരിയാണ്, ഒരു മണിക്കൂറിലേറെ നേരം അവിടെപോയി കാത്തിരുന്നു. പെരുന്നാള്‍ തിരക്കുകൊണ്ട് അയാള്‍ എന്നെ ശ്രദ്ധിക്കുക പോലുമുണ്ടായില്ല.
"ഞാന്‍ തയ്ച്ചു വെച്ചോളാം, നീ പൊക്കോ..."
എന്റെ ഇരിപ്പു കണ്ട് ദയ തോന്നിയിട്ടാവാം, ജലീല്‍ക്ക അങ്ങിനെ പറഞ്ഞത്. അത് കേള്‍ക്കാത്തപോലെ വീണ്ടും അവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നപ്പോള്‍ ജലീല്‍ക്ക വീണ്ടും പറഞ്ഞു, "നാളെ എന്തായാലും പെരുന്നാളാവില്ല, ഇന്ന് മാസം കാണാന്‍ ഒരു സാധ്യതയുമില്ല" ആ ഒരു ഉറപ്പായിരിക്കാം എന്നെയും പറ്റിച്ചത്...!
ഇനിയിപ്പോ എന്തുചെയ്യും...? രാത്രിയായി, കട പൂട്ടിയിട്ടുണ്ടാവും.. അല്ലെങ്കില്‍ തന്നെ ഈ സമയത്ത് എങ്ങിനെ പോകാന്‍...?
"സാരല്യാ, നാളെ രാവിലെ വാങ്ങാം" ഉമ്മയുടെ ആശ്വാസ വാക്കുകളില്‍ നിന്നൊന്നും എനിക്ക് തൃപ്തി കിട്ടിയില്ല...!
ഇത്താത്തയും അനിയത്തിമാരും എന്റെ വേദന കാണുന്നേയില്ല. മൈലാഞ്ചിയിട്ടത് കുറഞ്ഞുപോയ വിഷമമാണ് അവരുടെ മുഖത്ത്. കൈ തിരിച്ചും മറിച്ചും നോക്കി എന്തൊക്കെയോ പിറുപിറുക്കുന്നു...
കൈമുട്ടുകൊണ്ട് ഇത്താത്തക്ക് ഒരു തട്ടുകൊടുത്തു അവരെ എന്റെ പ്രശ്നത്തിലേക്ക് ഞാന്‍ ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചു.
"നന്നായി, മുഴുവന്‍ നോമ്പും പിടിക്കാത്തവര്‍ക്ക് പുതിയ ഡ്രസ്സ്‌ വേണ്ട"
തിരിച്ചു അതിനേക്കാള്‍ ശക്തിയില്‍ എന്റെ മുതുകില്‍ ഇടിച്ചുകൊണ്ട് ഇത്താത്ത ഇതുപറഞ്ഞപ്പോള്‍ വായ കൊണ്ട് ഗോഷ്ട്ടി കാണിച്ചു ഞാന്‍ തിരിച്ചടിച്ചു. തര്‍ക്കിക്കാന്‍ നിന്നില്ല, അല്ലെങ്കിലും, എല്ലാ നോമ്പുമെടുത്ത ഇത്താത്തയുടെ മുന്നില്‍ വെറും ഏഴു നോമ്പുമെടുത്ത എനിക്ക് എന്ത് വീമ്പാണുള്ളത്..?
ഉറക്കം വരില്ലെന്നറിയാം, എന്നാലും നേരത്തെ കിടക്കണം. രാവിലെ എഴുന്നേറ്റു തുന്നിയത് വാങ്ങണം. പഴയ പാന്റ്സും ഷര്‍ട്ടുമിട്ട് പോകുന്ന എന്നെ നോക്കി കളിയാക്കുന്ന കബീറിന്റേയും, സഗീറിന്റേയും മുഖങ്ങളാണ് മനസ്സില്‍...

*** *** ***

നേരം വെളുക്കുന്നതെയുള്ളൂ... അതിന്നിടയില്‍ എത്ര തവണ എണീറ്റ്‌ സമയം നോക്കിയെന്നു ഓര്‍മ്മയില്ല. ഈ നേരമെന്താ ഇനിയും വെളുക്കാത്തെ..? കോഴികൂവാന്‍ മറന്നുപോയോ..? കുറച്ചുനേരം കൂടി തിരിഞ്ഞും മറിഞ്ഞും കിടന്നു. പള്ളിയില്‍ നിന്നും തക്ബീര്‍ ഉയരുന്നു.
അല്‍ഫിയ ടൈലേഴ്സ് തുറന്നിട്ടുണ്ടാവോ..? ജലീല്ക്ക തുന്നിക്കഴിഞ്ഞിട്ടുണ്ടാവുമോ..? പല്ലു തേക്കുമ്പോഴും ചിന്ത അതുമാത്രമായിരുന്നു.


ഉപ്പയെ അവിടെയൊന്നും കണ്ടില്ല, ഹബീബ് ഇക്കാടെ ചായക്കടയിലേക്ക് പോയിട്ടുണ്ടാവും. അതൊരു പതിവാണ്, വീട്ടില്‍ നിന്നും ചായ കുടിച്ചാലും, ചായക്കടയില്‍ പോയി ഒരെണ്ണം കുടിച്ചാലേ ഉപ്പാക്ക് തൃപ്തിയാവൂ.., തിരിച്ചുവരുമ്പോള്‍ റൊട്ടിയോ, വെട്ടു കേക്കോ ഉണ്ടാവും, രാവിലത്തെ ചായയുമായി ഞങ്ങള്‍ ആ പലഹാരത്തിനായി കാത്തിരിക്കും..
അടുക്കളയില്‍ ഉമ്മ പെരുന്നാളിന്റെ ഒരുക്കത്തിലാണ്, കൂട്ടിനു ഇത്താത്തയുമുണ്ട്.ഞാന്‍ വേഗം പുറത്തേക്കിറങ്ങി, ലക്‌ഷ്യം ഒന്നേയുള്ളൂ... അല്‍ഫിയ ടൈലേഴ്സ്.


പോകുന്നവഴി വടക്കേല കബീറിന്റെ വീട്ടില്‍ കയറി. അവന്റെയടുത്ത് സൈക്കിളുണ്ട്, അത്യാവശ്യങ്ങള്‍ക്ക് ഞാനത് വാങ്ങാറുണ്ട്. പക്ഷെ, ഇപ്രാവശ്യം പ്രതീക്ഷ തെറ്റി..! പുറത്തു സൈക്കിള്‍ കാണാനില്ല, കബീര്‍ ഇറച്ചി വാങ്ങാന്‍ പോയത്രേ..!
പിന്നെ നിന്നില്ല, ഓടി. കുറച്ചു ദൂരം പോകാനുണ്ട്. കിതപ്പ് അറിഞ്ഞതേയില്ല..! പോകുന്ന വഴിയിലൊക്കെ പെരുന്നാളിന്റെ ആവേശം നിറക്കുന്ന കാഴ്ചകള്‍..! അതൊന്നും ശ്രദ്ധിക്കാന്‍ ഞാന്‍ മെനക്കെട്ടില്ല.
ഓട്ടത്തിന് വേഗം കൂട്ടി...!
അല്‍ഫിയ ടൈലേഴ്സ് എന്ന ബോര്‍ഡ് അകലെ നിന്നും ഞാന്‍ കണ്ടു, രണ്ടു കടകളുള്ള ചെറിയൊരു കെട്ടിടമാണ്. ഒന്നില്‍ 'ഊത്തുളി' എന്ന് സ്നേഹത്തോടെ നാട്ടുകാര് വിളിക്കുന്ന ഇബ്രാഹിം ഇക്കയുടെ പച്ചക്കറിക്കടയാണ്... പഴക്കുലകള്‍ നിരനിരയായി ഞാണ്ട് കിടക്കുന്നത് കൊണ്ട് ജലീല്ക്ക കട തുറന്നിട്ടുണ്ടോ എന്ന് കാണാന്‍ പറ്റുന്നില്ല...!
കടയുടെ മുന്നിലെത്തിയപ്പോള്‍,
പക്ഷെ....പ്രതീക്ഷകളെല്ലാം തകര്‍ന്നുപോയി. വാതില്‍ പലകയുടെ കൊളുത്തില്‍ ഒരു ബോര്‍ഡ് കിടക്കുന്നു...
"ഇന്ന് കടമുടക്കം"
എന്റെ കണ്ണ് നിറഞ്ഞുപോയി. ആരും കാണാതിരിക്കാന്‍ ഷര്‍ട്ടിന്റെ അറ്റം കൊണ്ടു മുഖം പൊത്തിപിടിച്ച്‌ തിരിച്ചുനടന്നു. നേരത്തെ ഓടിയതിന്റെ ക്ഷീണം ഇപ്പോള്‍ പതിന്മടങ്ങായി ശരീരത്തില്‍ പടരുന്നു, കൈകാലുകള്‍ക്കു നേരിയ വിറയല്‍ പോലെ.

വീടിന്റെ കിഴക്കേ വരാന്തയില്‍ ചെരുപ്പ് കാണുന്നുണ്ട്, ഉപ്പ വന്നിട്ടുണ്ട്. അടുക്കളയിലൂടെ ഞാന്‍ അകത്തുകടന്നു, കാര്യങ്ങള്‍ ഉമ്മാട് പറയുമ്പോഴേക്കും ഞാന്‍ കരഞ്ഞുപോയി...! എന്റെ കരച്ചില്‍ കണ്ടു ഉമ്മ ചിരിക്കുന്നു... ഇതെന്തു ഉമ്മ..? ചിരിക്കുന്നോ..?
"ഡാ, നിന്റെ ഷര്‍ട്ടും പാന്റും ഇന്നലെ രാത്രിതന്നെ ഉപ്പ കൊണ്ടുവന്നു. നീ കടയിലേക്ക് പോകുന്നേരം എന്നോട് ഒന്ന് ചോദിക്കേണ്ടേ...?" എന്റെ കൈത്തണ്ടയില്‍ നുള്ളിക്കൊണ്ടാണ് ഉമ്മ അത് പറഞ്ഞത്. എനിക്ക് വേദനിച്ചില്ല, പകരം ചിരിയാണ് മുഖത്തു വിരിഞ്ഞത്.
"എവിടെ..?"
ശബ്ദം പുറത്തുവന്നില്ല, ആംഗ്യം മാത്രം. ഉമ്മ അകത്തേക്ക് ചൂണ്ടികാണിച്ചു.
അകത്തു ഉപ്പ പത്രം വായനയിലാണ്. പിന്നിലൂടെ ചെന്ന് കെട്ടിപിടിച്ചു മുതുകിലൊരു മുത്തം കൊടുത്തു. പിറകില്‍നിന്നും ഉപ്പ എന്നെ മുന്നിലേക്ക്‌ പിടിച്ചുനിര്‍ത്തി ചേര്‍ത്തുപിടിച്ചു എന്റെ മൂര്‍ദ്ദാവില്‍ ഒരു വലിയ മുത്തം തന്നു. എന്റെ ജീവിതത്തില്‍ എനിക്ക് കിട്ടിയിട്ടുള്ള ഏറ്റവും വലിയ സമ്മാനം; ഉപ്പയുടെ പെരുന്നാള്‍ സമ്മാനം..!!!

Monday, February 7, 2011

പ്രിയപ്പെട്ടവളെ...പ്രിയപ്പെട്ടവളെ...

സുഖമെന്ന് ചോദിക്കാവുന്ന ലോകത്തല്ലല്ലോ നീയിന്ന്...?
അല്ലെങ്കിലും മരണത്തിലേക്ക് പടികറിയവര്‍ക്കാന് പരമമായ സുഖമെന്ന് എത്രയെത്ര പേരാണ് എഴുതിവെച്ചിരിക്കുന്നത്....! സത്യാസത്യങ്ങള്‍‍ക്കിടയിലും നിനക്ക് സുഖമാണോയെന്ന് ഞാനെങ്ങനെ ചോദിക്കാതിരിക്കും...?

പ്രണയം എന്തെന്ന്, പ്രണയത്തിന്റെ താളമെന്തെന്നു, പ്രണയത്തിന്‍ നൊമ്പരമെന്തെന്നു പെയ്തിറങ്ങിയ ഒരു കുളിര്‍മഴപോലെ പകര്‍ന്നുതന്ന നിന്നെയോര്‍ക്കാതെ എനിക്കൊരു നിമിഷമുണ്ടോ...?
മരണത്തിന്‍ ചിറകിലേറി, മാലാഖമാരോട് കൈകോര്‍ത്തു നീയങ്ങു ദൂരേക്ക്‌ നീങ്ങിനീങ്ങിയകന്നിട്ടും മരിക്കാതെ മരിച്ചുകൊണ്ടിരിക്കുന്ന എന്റെ മനസ്സിലിപ്പോഴും നീയൊരു കനലായി എരിയുകയാണ്...
നിനക്ക് പിറകെ ധൈര്യവും എന്നെ വേര്‍പിരിഞ്ഞില്ലായിരുന്നെങ്കില്‍ മരണത്തിന്റെയൊരു വഴി തിരഞ്ഞെടുത്തു ഞാനും നിന്നെത്തേടി വരുമായിരുന്നു...ഓര്‍മ്മയുടെ കലണ്ടര്‍ ‍ദിനങ്ങളില്‍ നിന്റെ സാമിപ്യംകൊണ്ട് മാത്രം ധന്യമായെത്ര നിമിഷങ്ങളാണുണ്ടായിരുന്നത്. പക്ഷെ, ഇന്ന് ഹൃദയത്തില്‍ ഓര്‍മ്മകുറിപ്പുകളുടെ തുണ്ടുകള്‍ ചേര്‍ത്തുവെച്ചു ഞാന്‍ നിന്നെ കാണുകയാണ്..., നിന്നോട് സംസാരിക്കുകയാണ്..., നമ്മുടെ നല്ല നിമിഷങ്ങളെ ഓര്‍ക്കുകയാണ്... നമ്മുടെ പ്രണയത്തെപറ്റി ഇപ്പോഴും സുഹൃത്തുക്കള്‍ പറയാറുണ്ട്. അവരുടെ സംസാരത്തിന്റെ ജാലകം തുറന്നു വെച്ചു കഴിഞ്ഞുപോയ നാളുകളെ കുറിച്ച് പറയുമ്പോള്‍ അറിയാതെ എന്റെ കണ്ണ് നിറയാറുണ്ട്... ഏകനായി ചിലവിടുമ്പോള്‍, പാതി ചിരിയോടെ മാത്രം പുറത്തുവരുന്ന നിന്റെയാ കൊഞ്ചല്‍ കാതില്‍ അലയാടിക്കാറുണ്ട്...

അന്ന് നീ പറഞ്ഞില്ലേ.., നമ്മേ പോലെ നാം മാത്രമേയുള്ളൂവെന്നു, ശരിയാണ്...,
നിനക്കിഷ്ട്ടമെന്നു നീ പലവുരു പറഞ്ഞ ഗാനങ്ങളൊക്കെ ഒത്തിരിവട്ടം ഞാനിപ്പോഴും കേള്‍ക്കാറുണ്ട്. കാരണം, നിന്റെ ഇഷ്ട്ടം എന്റെതു കൂടിയായിരുന്നല്ലോ..? ഞാന്‍ കണ്ട കിനാവുകള്‍ നിനക്കു കൂടി വേണ്ടിയായിരുന്നില്ലേ...?

നമ്മുടെ തുടക്കം നിനക്കോര്‍മ്മയുണ്ടോ...? ക്ലാസ്മുറിയുടെ ജനാലകള്‍ക്കിടയിലൂടെ ആദ്യമായി നമ്മള്‍ കണ്ടത്..? പിന്നെ, പരിചയപ്പെട്ടത്‌..? അന്ന് നിന്റെ ചിരി ഞാനിന്നുമോര്‍ക്കുന്നു... പല്ല് പുറത്തുകാട്ടാതെയുള്ള ആ ചിരി എന്റെ മനം കവര്‍ന്നു. പിന്നേയാണല്ലോ, നമ്മുടെ പരിചയം പ്രണയത്തിനു വഴിമാറിയത്... പരസ്പരമറിയാന്‍, മനസ്സിലേറ്റാന്‍, സ്വന്തമാക്കാന്‍ കൊതിച്ച നാളുകള്‍... വെറുതെയെങ്കിലും ഒന്നുകാണാന്‍, ഒന്നുമിണ്ടാന്‍നമ്മളെത്രയാ കൊതിച്ചത്...? പിന്നെ പിന്നെ കവിത വിരിഞ്ഞൊഴുകിയ പ്രണയാക്ഷരങ്ങള്‍ എഴുതി നമ്മള്‍ പരസ്പരം സ്നേഹത്തിന്റെ കനമളക്കാന്‍ ശ്രമിച്ചത്..? ശുണ്ടി പിടിപ്പിച്ചു പരസ്പരമൊരു സാന്ത്വനത്തിന് കൊതിച്ചത്..?
മുമ്പ്, ക്ലാസ്സ്മുറിയില്‍ വെച്ച് തല്ലുകൂടിയത് നീ മറന്നുവോ..? തമാശക്കാണെങ്കിലും, എന്നെ അടിക്കാനായി ഉയര്‍ത്തിയ നിന്റെ കൈ ഞാന്‍ പിടിച്ചപ്പോള്‍ വളപ്പോട്ട് കൊണ്ട് എന്റെ കൈമുറിഞ്ഞതും നീ ഓര്‍ക്കുന്നില്ലേ..?അന്നാദ്യമായി, നിന്റെ കണ്ണില്‍നിന്നും നീര്‍ത്തുള്ളികള്‍ അടര്‍ന്നു വീഴുന്നത് ഞാന്‍ കണ്ടു. നിന്നെ സമാധാനിപ്പിക്കാന്‍, ആ വളപ്പോട്ട് കൊണ്ട് ക്ലാസ്സ്മുറിയുടെ ചുമരില്‍ ഞാനെഴുതിയ നമ്മുടെ പേരുകള്‍ ഇന്നും അവിടെത്തന്നെയുണ്ട്...! പിന്നെ നീയെനിക്ക് സമ്മാനിച്ച സ്നേഹത്തിന്‍ വിലയുള്ള എത്രയെത്ര ഉപഹാരങ്ങള്‍... പക്ഷെ, ഓര്‍മ്മയില്‍ നിന്നെയെനിക്ക് അടുത്തുകാണാന്‍ ആ ഉപഹാരങ്ങളോന്നും വേണമെന്നില്ല, നീയെന്റെ മനസ്സിലേക്കിട്ടേച്ചു പോയ നിന്റെയാ ചിരിമാത്രം മതി; എന്റെ മനം കവര്‍ന്ന നിന്റെയാ ചിരി...!


ആകസ്മികതമാത്രം, നിറഞ്ഞുനിന്ന നമ്മുടെ തുടക്കം പോലെയായിരുന്നല്ലോ നമ്മുടെ ഒടുക്കവും..! ക്ലാസ് കഴിഞ്ഞു വീട്ടിലേക്കു തിരിക്കുന്നതിനു മുമ്പ് എന്തോ ഒന്ന് പറയുവാനായി ബാക്കി വെച്ചു നീ പറഞ്ഞില്ലേ, പ്രധാനമായതെന്തോ ഒന്നു നാളെ പറയാനുണ്ടെന്ന്. പിന്നെ തിരക്കിട്ട് ബസ്സില്‍ കയറിയിട്ടും കണ്ണില്‍നിന്നും മറയുന്നതു വരെ നീ തിരിഞ്ഞു തിരിഞ്ഞു നോക്കിയത്...! അപ്പോഴും എന്നെപ്പോലെ നീയും കരുതിക്കാണില്ല, മരണത്തിന്റെ തേരിലാണ് നീ സഞ്ചരിച്ചതെന്നു..! പിന്നെ, ഇല്ലാ... എനിക്കൊന്നും ഓര്‍ക്കാന്‍ കഴിയുന്നില്ലാ...! വിവാഹക്കോടിയില്‍ കാണണമെന്ന് കൊതിച്ച നിന്നെ ഞാന്‍ പിന്നെ ക്കണ്ടത് ഒരു മരണക്കോടിയിലായിരുന്നല്ലോ..?

സ്വപ്നത്തിലാണെങ്കിലും, ഉറക്കത്തില്‍ നീയെന്റെ അരികില്‍ വരുമ്പോള്‍ മനം നിറയാറുണ്ട്. നീ മറയാതിരിക്കാന്‍, നേരം പുലരാതിരുന്നെന്കിലെന്നു ഞാന്‍ അറിയാതെ ആഗ്രഹിച്ചു പോകാറുണ്ട്. നിന്റെ ഓര്‍മ്മകള്‍ മനസ്സിനെ വല്ലാതെ നോവിക്കുമ്പോള്‍ നീയെഴുതിയ കത്തുകള്‍ ഒരാവര്‍ത്തികൂടി വായിച്ചുനോക്കാറുണ്ട്. എന്നോടൊത്തുള്ള ജീവിതം സ്വപ്നംകണ്ട് നീയെഴുതിയ വരികളില്‍ വെറുതെ നോക്കിയിരിക്കും.

ആകാശത്തെളിമയിലെ നക്ഷത്രങ്ങളെ കാണുമ്പോള്‍ അവയിലൊന്നായി നീയെന്നെ നോക്കിയിരിപ്പായിരിക്കുമെന്നു ഞാന്‍ വെറുതെയെങ്കിലും നിനക്കാറുണ്ട്. കയ്യെത്താവുന്ന ദൂരത്തില്‍നിന്നല്ലേ, കാലം നമ്മെ കാതങ്ങളോളം അകറ്റിയത്..? വിധിയോടു പരിഭവിച്ചിട്ട്‌ കാര്യമില്ലല്ലോ..? നഷ്ട്ടപെടുന്നതൊന്നും നീ സ്വന്തമായി കൊണ്ടുവന്നതല്ലല്ലോയെന്ന സാരോപദേശം മനസ്സില്‍ പതിപ്പിക്കുകയാണ് ഞാനിപ്പോള്‍. എങ്കിലും നിന്നരികിലേക്ക് ഞാനും വരുന്നു... എനിക്ക് നിന്നെ കാണണം... നമുക്കൊന്നിച്ചിനിയും ഒത്തിരി സ്വപ്‌നങ്ങള്‍ നെയ്യണം. സ്വപ്നത്തിന്റെ ജാലകത്തിലൂടെ നിനക്കൊരുപിടി പൂക്കളുമായി ഞാന്‍ വരും. എനിക്കായി കാത്തിരിക്കുക....
സ്നേഹത്തോടെ

നിന്റെ മാത്രം പ്രിയപ്പെട്ടവന്‍.

Thursday, February 3, 2011

നിലാവ്...

ഒരു കുഞ്ഞു സൂര്യന്റെ തലോടലേറ്റ് ഒരു പുതിയ ദിവസത്തിലേക്ക് നാം ജന്മമെടുക്കുന്നു...
തെളിഞ്ഞ ആകാശവും തിളങ്ങുന്ന പകലും സ്വസ്ഥമായ കാലാവസ്ഥയും നമ്മുടെ മനസ്സിനും തനുവിനും ശാന്തി പകരുകയും ചെയ്യുന്നു...സായന്തനം കഴിഞ്ഞു രാവിന്റെ ഒന്നാം യാമത്തിലേക്ക് കടക്കുമ്പോള്‍ അസ്തമിച്ച പകലിനെ കുറിച്ചുള്ള ഓര്‍മ്മകളും ആകാശത്തിന്റെ വിശാലതയില്‍നിന്നും ഊര്‍ന്നിറങ്ങുന്ന നിലാവിനെ കുറിച്ചുള്ള ചിന്തകളും നമ്മുടെ മനസ്സിലെത്തുന്നു...നേരം മങ്ങിത്തുടങ്ങുമ്പോഴേക്കും ആനന്ദ തിരികള്‍ കൊളുത്തി ആകാശത്തിന്റെ ഗോപുരവാതില്‍ തുറന്നു ഒഴുകിയെത്തുന്ന നറുനിലാവ്...
ഒരു പൂത്തിങ്കള്‍ പോലെ ആര്‍ദ്രവും പുഞ്ചിരിപോലെ മൃദുലവുമായ നിലാവ്...!
കണ്ണും മനസ്സും നിറയെ കോരിക്കുടിച്ച് ആഹ്ലാദത്തോടെ പകലിന്റെ എല്ലാ ക്ഷീണവും മറന്നു തണുത്ത വെള്ളത്തിലൊന്നു മുങ്ങിക്കുളിച്ചു പുഞ്ചിരി പെയ്യുന്ന ആകാശത്തെ നോക്കി വെറുതെ കിടക്കാന്‍ എന്തുരസമാണ്...കണ്ണെത്താ ദൂരത്തു പരന്നുകിടക്കുന്ന നദികളുടെ ഓളങ്ങളില്‍ ഇളകിയോടുന്ന നിലാവും ഒരു തോണിയുടെ ഉള്ളില്‍ കെട്ടികിടക്കുന്ന തെളിവെള്ളത്തില്‍ മുഴുത്തിങ്കള്‍ ചിരിക്കുന്നതും നിലാവുള്ള രാത്രികളില്‍ എന്തൊരു സുന്ദരമാണ്...
രാത്രിയില്‍ മുറ്റത്തിറങ്ങി നില്‍ക്കുമ്പോള്‍ എവിടെയോ പൂത്ത നിശാഗന്ധി പൂക്കളുടെയും രാത്രിമുല്ലയുടെയും സൗരഭ്യം ഇളംകാറ്റില്‍ ഒഴുകിയെത്തും.നിലാവിന്റെ ഏതോ ഓര്‍മ്മയില്‍ സ്വയം മറന്നു നില്‍ക്കുന്ന മരങ്ങള്‍...തെങ്ങോലകള്‍ക്കിടയിലൂടെയും മരചില്ലകള്‍ക്കിടയിലൂടെയും നിലാത്തുള്ളികള്‍ അരിച്ചിറങ്ങുമ്പോള്‍ നേര്‍ത്ത മഞ്ഞും നിലാവും ഇഴചേര്‍ന്നു രാപ്പാടികളുടെ മന്ത്രസംഗീതം ഉയരുന്ന ഈ രാത്രികള്‍ എല്ലാവരുടെയും സ്വപ്നമാണ്...നിലാവിന്റെ കുളിരുള്ള യാമത്തില്‍ ആകാശത്തെ നോക്കിക്കിടന്നു നക്ഷത്രങ്ങളെ എണ്ണി രാപ്പാടികളുടെ ദിവ്യമായ സംഗീതത്തില്‍ ലയിച്ചു എല്ലാ ദുഃഖങ്ങളും മറക്കുന്ന ഒരു പുണ്യം നമ്മുടെ ജീവിതത്തില്‍ ഉണ്ടാവട്ടെ...!

പ്രിയ നിലാവേ, നീ മായല്ലേ....