Saturday, April 23, 2011
ജന്മദിനം: ഒരു ഫ്ളാഷ് ബാക്ക്.
എന്റെ ജന്മദിനം വളരെ കൃത്യമായി അവള്‍ ഓര്‍ത്തുവെച്ചിരിക്കുന്നു...! എനിക്ക് എന്നോടുതന്നെ അഭിമാനം തോന്നി, അവളോട് കൂടുതല്‍ ആഴത്തിലുള്ള സ്നേഹവും.
കോളേജിന്റെ ഗേറ്റിനു മുന്നില്‍ അവള്‍ എന്നെ കാത്തുനിന്നിരുന്നു, ഒരു കള്ളച്ചിരിയോടെ നീട്ടിയ കവര്‍ വളരെ ആശ്ചര്യത്തോടെയാണ് വാങ്ങി തുറന്നു നോക്കിയത്, ഒരു ആശംസാകാര്‍ഡ്..! അതിലെ വലിയ അക്ഷരങ്ങളില്‍ എഴുതിയ ജന്മദിനസന്ദേശം വായിച്ചിട്ടും മതിവരുന്നില്ല, അതിനടിയിലായി എഴുതിച്ചേര്‍ത്ത പേര് അവളെ കൂടുതല്‍ സുന്ദരിയാക്കിയത് പോലെ തോന്നി. സത്യത്തില്‍ ഈ ദിവസം എന്റെ ഓര്‍മ്മയില്‍ തന്നെ ഇല്ലായിരുന്നു, അല്ലെങ്കിലും ജന്മദിനങ്ങള്‍ ഓര്‍ത്തുവെച്ചിട്ടു എന്ത് കാര്യം..?
തെല്ലൊരു അഹങ്കാരത്തോടെ എന്റെ ഒപ്പമുണ്ടായിരുന്ന റിയാസിനും ബൈജുവിനും ആ കാര്‍ഡ് കാട്ടിക്കൊടുത്തു..! അവരും അന്നേരമാണ് എന്റെ ജന്മദിനം ഓര്‍മ്മിചെടുത്തത്. ഇന്നത്തെ പാര്‍ട്ടി എന്റെ തലയില്‍ കെട്ടിവെച്ചു ജന്മദിനം ആഘോഷിക്കാന്‍ അവര്‍ പ്ലാനും തയ്യാറാക്കി.
രാവിലെ എട്ടുമണിമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ക്ലാസ്. അതുകഴിഞ്ഞ് കാണാമെന്ന ഉറപ്പില്‍ ഞാനെന്റെ ക്ലാസ്സിലേക്ക് നടക്കുന്നതിനിടയില്‍ എക്കണോമിക്സ് ഗ്രൂപ്പിന്റെ ബി ബാച്ചിലെക്കൊന്നു നോക്കാന്‍ കൊതിച്ചു, എനിക്കറിയാം അവിടെ രണ്ടുകണ്ണുകള്‍ എന്റെ നോട്ടത്തിന്നായി കാത്തിരിക്കുന്നുണ്ടെന്ന്.
ഇന്റെര്‍വെല്‍ സമയത്ത് അവളെ കാണാന്‍ വേണ്ടിത്തന്നെ വരാന്തയിലൂടെ നടന്നു, അപ്രതീക്ഷിതമായി മുന്നില്‍ വന്നപ്പോള്‍ എന്ത് പറയണമെന്നറിയാതെ വെറുതെ നോക്കി നിന്നുപോയി. പിന്നിലേക്ക് വീണ ഷാള്‍ ഇടത്തെ കൈകൊണ്ടു നെറ്റിയിലേക്ക് വലിച്ചിട്ടു അവള്‍ എന്നെ നോക്കി ചിരിച്ചു.
"എപ്പഴാ പാര്‍ട്ടി....?"
കൂടെയുണ്ടായിരുന്ന ഒരു കൂട്ടുകാരി കട്ടുറുമ്പായി..
"ഞങ്ങളെയും കൂട്ടണം...."
മറ്റൊരു കൂട്ടുകാരി.
"ഓക്കേ, ഇന്ന് ക്ലാസ് കഴിഞ്ഞിട്ട് കാണാം"
ഞാന്‍ ഉറപ്പുകൊടുത്തു.
കീശയിലെ കനത്തില്‍ എനിക്ക് സംശയമുള്ളതിനാല്‍ ഒരു ഉറപ്പിനായി റിയാസിനേയും ബൈജുവിനെയും ഞാന്‍ കൂടെക്കൂട്ടി. ക്ലാസ് കഴിഞ്ഞു ഞങ്ങള്‍ സ്ഥിരം കണ്ടുമുട്ടാറുള്ള വഴിയില്‍ അവളും കൂട്ടുകാരികളും കാത്തുനിന്നിരുന്നു. അവര്‍ മൂന്നുനാല് പേരുണ്ടായിരുന്നു.
"റിയാസേ, നിന്റെ കയ്യില്‍ കാശ് ഇരിപ്പില്ലേ...? എന്റേത് തികയുമെന്നു തോന്നുന്നില്ല."
എനിക്ക് ബേജാര് തുടങ്ങിയിരുന്നു.
അതൊന്നും നീ പേടിക്കണ്ട എന്ന അര്‍ത്ഥത്തില്‍ റിയാസ് കണ്ണിറുക്കി കാണിച്ചു...!
കോളേജിനടുത്തുള്ള ഹോട്ടലില്‍ കേറാന്‍ അവള്‍ക്കും കൂട്ടുകാരികള്‍ക്കും എന്തോ ഒരു മടി, അത് നല്ലതെന്ന് എനിക്കും തോന്നി. കുറച്ചകലെയുള്ള മറ്റൊരു ഹോട്ടലിലേക്ക് പോകാന്‍ തയ്യാരാവുന്നതിനിടയില്‍ ഞാന്‍ ടെലിഫോണ്‍ ബൂത്തിലേക്ക് കയറി. വരാന്‍ കുറച്ചു വൈകുമെന്ന് ഉമ്മയോട് പറയാന്‍ തെക്കേല സുലൈഖത്താക്ക് ഫോണ് വിളിച്ചുപറഞ്ഞു ഏല്പിച്ചു, കൂടെ കാരണമായി ഒരു നുണയും പറഞ്ഞു.
ചിരിയും കളിയുമായി സമയം പോയതറിഞ്ഞില്ല, മനസ്സ് നിറഞ്ഞു കുറച്ചുനേരം പരസ്പരം സ്വകാര്യങ്ങള്‍ പങ്കുവെച്ചു അവള്‍ എന്റെ ജന്മദിനം മറക്കാനാവാത്തതാക്കി.
ഒടുവില്‍, യാത്രപറഞ്ഞു പോരാന്‍ മടിതോന്നി, വല്ലാത്തൊരു വേദന മനസ്സിനെ കീഴടക്കിയിരുന്നു...!
റിയാസിന്റെ ബൈക്കിനു പിന്നിലിരുന്നു വീട്ടിലേക്കുള്ള സ്ഥിരം യാത്രയില്‍ നിന്നും വിത്യസ്തമായി ബൈക്കിനോപ്പം മനസ്സ് പറക്കുന്നില്ല, അതവിടെ, അവളില്‍നിന്നും വിട്ടുപോരുന്നെയില്ല..! റിയാസ് എന്തൊക്കയോ പറയുന്നുണ്ട്, ഞാന്‍ ഒന്നും കേട്ടത് പോലുമില്ല.
വീട്ടിലേക്കുള്ള വളവു തിരിഞ്ഞപ്പോള്‍ തന്നെ ഞാന്‍ കണ്ടു; കിഴക്കേ വരാന്തയില്‍ റോഡിലേക്ക് നോക്കി ഉമ്മ ഇരിക്കുന്നു. എന്നെയും നോക്കിയാണ് ആ ഇരിപ്പ്, എനിക്കറിയാം ഭക്ഷണം കഴിച്ചിട്ടുണ്ടാവില്ല. ഉമ്മ അങ്ങിനെയാണ്, എത്ര വൈകിയാലും ഞാന്‍ വരാന്‍ കാത്തിരിക്കും.
റിയാസിനോട് യാത്രപറഞ്ഞു ഞാന്‍ വീട്ടിലേക്കു നടന്നു.
"എന്തേ ഇത്രേം വൈകി....?"
"റിയാസിന് രണ്ടുമൂന്നു പുസ്തകങ്ങള്‍ വാങ്ങാനുണ്ടായിരുന്നു, ഞാന്‍ സുലൈഖത്തയോട് വിളിച്ചു പറഞ്ഞിരുന്നല്ലോ....?"
"ആ... സുലൈഖത്ത പറഞ്ഞു."
എന്റെ കയ്യില്‍നിന്നും പുസ്തകസഞ്ചി വാങ്ങി അലമാരയിലേക്ക് വച്ച് ഉമ്മ ധൃതിയില്‍ അടുക്കളയിലേക്കു നടന്നു. ഡൈനിംഗ് ടേബിളില്‍ ചോറും കറിയും മൂടിവെച്ചിരുന്നു. അതിനടുത്തായി മൂടിവെച്ച ഒരു ചെറിയ പാത്രം ഞാന്‍ തുറന്നു നോക്കി, പായസം..! എനിക്കിഷ്ടപെട്ട സേമിയപായാസം.
"ഉമ്മാ... ഇന്നെന്താ പായസം...?"
"ഡാ, നീ മറന്നാ... ഇന്ന് നിന്റെ പിറന്നാളാ...."
ഞാന്‍ ഉമ്മയെ ഒന്ന് നോക്കി, ആ കണ്ണുകളിലേക്കു, ചുളിവുകള്‍ വീഴാന്‍ തുടങ്ങിയ ആ മുഖത്തേക്ക്.... എന്റെ പിറന്നാള്‍ ദിനം മനസ്സില്‍ സൂക്ഷിച്ചുവെച്ചു എന്നെ ഒന്ന് അത്ഭുതപ്പെടുത്താന്‍ എല്ലാം ഉമ്മ ഒരുക്കിവെച്ചിരിക്കുന്നു...! നെഞ്ചില്‍നിന്നും ഒരു വിങ്ങല്‍ ഗദ്ഗദമായി തൊണ്ടയില്‍ തങ്ങിനിന്നു. ഉമ്മ എനിക്ക് ഭക്ഷണം വിളമ്പുന്ന തിരക്കിലാണ്. ഉമ്മയ്ക്കുള്ള ഭക്ഷണവും എടുത്തുവെച്ചു കഴിക്കാനായി ഇരുന്നു. ഞാന്‍ പുറത്തുനിന്നും ഭക്ഷണം കഴിച്ചെന്നു പറയാന്‍ അന്നെരമെനിക്ക് തോന്നിയില്ല. വയറില്‍ ഇത്തിരി സ്ഥലം പോലും ബാക്കിയില്ലെങ്കിലും ഉമ്മയോടൊപ്പം ഞാനിരുന്നു.
"ഉമ്മാ, എനിക്കൊരു പിടിഉരുള..."
ഞാന്‍ വാ തുറന്നുപിടിച്ചു.
ഇടത്തെ കൈകൊണ്ടു എന്റെ താടിയില്‍ പിടിച്ചു, എനിക്ക് ഇന്നും എന്റെ നാവിന്റെ തുന്പത്ത് രുചിക്കൂട്ട് നല്‍കുന്ന ഉമ്മയുടെ പിടി ചോറ് വായിലേക്ക് വെച്ചുതന്നു. ഉമ്മയുടെ കണ്ണ് നിറഞ്ഞുവോ...? ഇല്ല, കാണാന്‍ കഴിയുന്നില്ല... എന്റെ കണ്ണില്‍ കണ്ണുനീര്‍ പടര്‍ന്നിരിക്കുന്നു.
എനിക്ക് കിട്ടാവുന്നതിനേക്കാള്‍ ഏറ്റവും വിലപ്പെട്ട പിറന്നാള്‍ സമ്മാനമാണ് ഈ കിട്ടിയതെന്ന് അന്നേരം ഞാന്‍ തിരിച്ചറിഞ്ഞോ, ആവോ...?
Tuesday, April 12, 2011
സാക്ഷി.
ഇരിക്കുന്നത് ദൈവങ്ങളുടെ
ദൃശ്യ വലയത്തിലെങ്കിലും
കേഴുന്നത് ഒരുനേരത്തെ
വിശപ്പടക്കാനാണ്...!
കാത്തിരിക്കുന്നത്
വിശ്വാസികളെ ആണെങ്കിലും
കാത്തുകിടക്കുന്നത്
വിശ്വാസത്തിന്റെ പ്രഭയാണ്...!!
ചായം ചാര്‍ത്താന്‍
മറന്നുപോയ ഈ
കുരുന്നിന്റെ നിറമില്ലാതൊരു
ജീവിതത്തിന്നു മുന്നില്‍
ദൈവങ്ങള്‍
തന്നെ സാക്ഷി...!!!
ഓര്‍ക്കാന്‍ ഇഷ്ടപെടാത്ത
ഒരു ബാല്യത്തിന്റെ
നോവ് നിറയുന്ന
നൊമ്പര കാഴ്ച...!!!!
(ചിത്രം കണ്ടപ്പോള്‍ തോന്നിയ ഒരു ചിന്ത.)
Thursday, March 31, 2011
ആദ്യത്തെ പ്രണയലേഖനത്തിന്റെ മധുരം.
അന്നുരാവിലെ പതിവിനു വിപരീതമായി ഞാന്‍ നേരത്തെ എണീറ്റു. സാധാരണ ഉമ്മവന്നു കുത്തിപോക്കിയാലല്ലാതെ എണീക്കാത്ത ഞാന്‍ തലയും ചൊറിഞ്ഞു എണീറ്റു വരുന്നത് കണ്ടപ്പോള്‍ ഉമ്മാക്ക് അത്ഭുതം തോന്നിട്ടുണ്ടാവും..! ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോഴൊക്കെ മനസ്സില്‍ ആകാംക്ഷയുടെ വേലിയേറ്റമായിരുന്നു. ഇന്നലെ ആദ്യമായി ഞാന്‍ കൊടുത്ത പ്രണയ ലേഖനത്തിനു ഇന്ന് മറുപടി കിട്ടുമെന്ന ചെറുതല്ലാത്ത പ്രതീക്ഷ എന്നില്‍ നിന്നും ഉറക്കത്തെ മാറ്റിനിര്‍ത്തിയെന്ന കാര്യം പാവം ഉമ്മാക്ക് അറിയില്ലാലോ...!
"ആ... എന്തുപറ്റി, ഇന്ന് നേരത്തെ കടതുറക്കാന്‍ പോകുന്നുണ്ടല്ലോ..?"
ഉപ്പാക്കും അത്ഭുതം..!
ഉപ്പ നല്ലനിലയില്‍ നടത്തിക്കൊണ്ടുവരുന്ന ബേക്കറി (ബെസ്റ്റ് ബേക്കറി) കട രാവിലെ ഐശ്വര്യമായി തുറക്കല്‍ എന്റെ ജോലിയാണ്. അതുപോലെ, ഉച്ചഭക്ഷണം കഴിഞ്ഞു ഉപ്പാക്ക് കുറച്ചുനേരം ഒന്ന് കിടക്കണം. ആ സമയത്തും കടയില്‍ എന്റെ എകാതിപത്യ ഭരണമാണ്. രാവിലെ എട്ടുമണിക്ക് തുറക്കാന്‍ ഉപ്പ പറയാറുണ്ടെങ്കിലും അത്തരം കൃത്യനിഷ്ടയിലോന്നും എനിക്ക് വിശ്വാസമില്ലാത്തതുകൊണ്ട് ആ സമയമൊന്നും ഞാന്‍ പാലിക്കാറില്ല. ഇന്ന് ധൃതിപിടിച്ച് നേരത്തെ തുറക്കാനുള്ള എന്റെ ആത്മാര്‍ഥത ഉപ്പയെ ആശ്ച്ചര്യപെടുത്തിയതില്‍ എനിക്ക് അത്ഭുതം തോന്നിയില്ല. കാരണം, എന്റെ ലക്‌ഷ്യം കട തുറക്കലല്ലായെന്നു ഈ ഉപ്പയുണ്ടോ അറിയുന്നു...!
വരാന്തയില്‍ ചാരിവെച്ചിരുന്ന സൈക്കിള്‍ തിടുക്കത്തില്‍ മുറ്റത്തെക്കിരക്കി. വ്യക്തമായി തെളിയില്ലെങ്കിലും ഇളകിയാടുന്ന അതിന്റെ കണ്ണാടിയിലൂടെ തലമുടി ഒന്നുകൂടി തട്ടിയൊതുക്കി. പിന്നെ, സൈക്കിളില്‍ കയറി ആഞ്ഞുചവിട്ടി. റോഡിലെക്കെത്തിയാല്‍ എല്ലാവരും പരിചയക്കാരാണ്, അതുകൊണ്ട്
'അവള്‍' മെയിന്‍ റോഡിലേക്ക് കേറുന്നതിനു മുന്‍പുള്ള ഇടവഴിയാണ് എന്റെ ലക്‌ഷ്യം. വൈകിയാല്‍ ഇടവഴിയിലെ കണ്ടുമുട്ടല്‍ മിസ്സായിപോകും..!
കുറച്ചു ദിവസ്സായിട്ടുള്ളൂ, ഞാനവളെ ശ്രദ്ധിച്ചു തുടങ്ങിയിട്ട്. ബേക്കറിയുടെ മുന്നിലൂടെയാണ് അവളുടെ സ്കൂളിലേക്കുള്ള യാത്ര. ആദ്യമൊക്കെ വെറുമൊരു കൌതുകത്തോടെ നോക്കിനില്‍ക്കും. ചിലപ്പോഴൊക്കെ ആ കണ്ണുകള്‍ എന്നെയും തഴുകിയുണര്‍ത്തി കടന്നുപോകും; ഒരു കടാക്ഷം പോലെ...!
മിനിഞ്ഞാന്ന് രാത്രി ഉറക്കമോഴിച്ചിരുന്നെഴുതിയ പ്രണയലേഖനം...! ഒരുപാട് എഴുതണമെന്നുണ്ടായിരുന്നു, എന്നിട്ടും വളരെ കുറച്ചു വരികളില്‍ ഒതുക്കി. അവളുടെ ക്ലാസ്സില്‍ പഠിക്കുന്ന ഷഫീക്കിന്റെ നിര്‍ബന്ധമാണ് ഇങ്ങനെയൊരു സാഹസത്തിനു പ്രേരണ.
ബേക്കറി കടയിലെ സ്ഥിരം സന്ദര്‍ശകനാണ് ഷഫീക്ക്. റോഡിലൂടെ പോകുന്ന പെണ്‍പിള്ളാരെ നോക്കി കമ്മെന്റടിക്കാനുള്ള ഒരു സുരക്ഷിത മേഖലയായി എന്റെ ഷോപ്പ് അവനുപയോഗിക്കുന്നു. പ്രായത്തില്‍ എന്നെക്കാള്‍ ചെറുതാണെങ്കിലും ഇത്തരം വിഷയങ്ങളില്‍ ശിഷ്യപെട്ടുപോകുന്ന പ്രകൃതം.
ഞാന്‍ എന്റെ ഉള്ളില്‍ വിരിയുന്ന മൊട്ടിനെ കുറിച്ച് അവനോടുപറഞ്ഞു. അവന്റെ കൂട്ടത്തിലേക്ക് ഒരാളെകൂടി കിട്ടിയ സന്തോഷം ആ മുഖത്തു ഞാന്‍ കണ്ടു. ട്യൂഷന്‍ സെന്റെറില്‍ ഇരുവരും ഒരേ ക്ലാസ്സിലാനെന്നരിഞ്ഞതോടെ ഞാനും ഹാപ്പിയായി. എനിക്ക് വേണ്ടി എന്ത് ത്യാഗവും ചെയ്യാന്‍ ഷഫീക്കും..!
"ഷമീര്‍ക്ക ഒരു കത്തെഴുതി തായോ, അവള്‍ക്കു കൊടുക്കേണ്ട കാര്യം ഞാനേറ്റു..."
ആ ഉറപ്പു ഒന്നുകൂടി ഉറപ്പിക്കാന്‍ ഒരു ജ്യൂസും മുട്ടപഫ്സും ഉപ്പയറിയാതെ ഞാനവനു കൊടുത്തു..!
പക്ഷെ, കത്തെഴുതി, കവറിലാക്കി കൊടുത്തപ്പോള്‍ അവന്‍ കാലുമാറി..!
"ഇത് ഞാന്‍ കൊടുക്കുന്നതിനേക്കാള്‍ നല്ലത് ഷമീര്‍ക്ക നേരിട്ട് കൊടുക്കുന്നതാ..."
"ഏയ്, അത് ശരിയാവില്ല..! നീ കൊടുക്കാമെന്നു പറഞ്ഞതുകൊണ്ട് മാത്രാ ഞാന്‍ എഴുതിയത് തന്നെ..!"
ഒടുവില്‍, അവന്‍ തന്നെ ഒരു ഉപായം കണ്ടെത്തി, തലേദിവസം നോട്ട്സ് എഴുതിയെടുക്കാനെന്നും പറഞ്ഞു അവളുടെ ഒരു നോട്ടുബുക്ക് ഷഫീക്ക് വാങ്ങിക്കൊണ്ടുവന്നു. തിരിച്ചുകൊടുക്കുമ്പോള്‍ അതിനുള്ളില്‍ വെച്ച് ലെറ്റെരും കൊടുക്കാമെന്ന ഐഡിയ എനിക്കും ബോധിച്ചു.
അങ്ങിനെ, ഈ ഇടവഴിയില്‍ വച്ചുതന്നെ എന്റെകൂടി സാമിപ്യത്തില്‍ ഷഫീക്ക് പുസ്തകം തിരികെയെല്പിച്ചു. ബാക്കി കാര്യങ്ങള്‍ ക്ലാസ്സില്‍ വെച്ച് അവളോട് പറയാമെന്നു ഷഫീക്ക് ഏറ്റു, കടയില്‍നിന്നും ജ്യൂസും പഫ്സും ഉപ്പയരിയാതെ വീണ്ടും ഞാന്‍ മുക്കി..!
ഇന്നിപ്പോള്‍, ഈ ഇടവഴിയില്‍, അവളുടെ മറുപടിക്കായി ഒറ്റയ്ക്ക് കാത്തുനില്‍ക്കാന്‍ എനിക്ക് പേടിതോന്നിയില്ല, ഷഫീക്കിനെ ഏല്‍പ്പിച്ച ദൌത്യം അവന്‍ ഭംഗിയായി കൈകാര്യം ചെയ്തുവെന്നത് എനിക്ക് ധൈര്യം നല്‍കി.
കുറച്ചുനേരം കഴിഞ്ഞുള്ളു, അകലെനിന്നും അവളുടെ വരവ് ഞാന്‍ കണ്ടു..! ആ നീല ചുരിദാറിന്റെ തിളക്കം പണ്ടേ എന്റെ മനസ്സ് കീഴടക്കിയിരുന്നു... അവള്‍ അടുത്തു വരുന്തോറും എന്റെ ഹൃദയമിടിപ്പ് ഉച്ചത്തിലായി. എന്തെങ്കിലും ചോദിക്കാനായി ഒരു വാക്ക് പോലും മനസ്സില്‍ ഞാന്‍ കരുതിയിട്ടില്ലാലോ...! എന്താ ചോദിക്കാ..? അവളുടെ മുഖത്തു ഒരു പുഞ്ചിരി ഒളിച്ചിരിപ്പുണ്ടോ..? ദാ.. എന്റെ വളരെയടുത്ത്, അവളെത്തി.
"ഇന്നലെ ഷഫീക്ക് വല്ലതും പറഞ്ഞിരുന്നോ...?"
ഞാന്‍ അത്രക്കും ഒപ്പിച്ചു.
മറുപടിയില്ല, മുഖത്തേക്ക് നോക്കുന്നെയില്ല. പക്ഷെ... ആ പുഞ്ചിരി അവിടെത്തന്നെയുണ്ട്..!
"ഹല്ലോ... എന്റെ പേര് ഷമീര്‍.."
പിന്നെയും ഏശിയില്ല. പടച്ചോനെ, ഇനി ചെവി കേള്‍ക്കാണ്ടാണോ...?
അവള്‍ എന്നെയും കടന്നു പോകുന്നു..! ഒരിക്കല്‍ക്കൂടി വിളിച്ചുനോക്കി, പക്ഷെ എന്റെ ശബ്ദം പുറത്തേക്ക് വന്നേയില്ല. മെയിന്‍ റോഡിനു മുന്പായി ഒരു ശ്രമംകൂടി നടത്താനായി, ഞാന്‍ സൈക്കിള്‍ റിവേര്‍സ് തിരിച്ചു, ഒന്ന് മോന്നോട്ടാഞ്ഞു പിടിച്ചു.
അള്ളോ..! സൈക്കിള്‍ നീങ്ങുന്നില്ല, ടയര്‍ കറങ്ങുന്നുമുണ്ട്. ആരുടെയോ കൈകളില്പെട്ടു സൈക്കിളും ഞാനും വായുവില്‍ നില്‍ക്കുകയാണെന്ന് അപ്പോള്‍ തിരിച്ചറിവുണ്ടായി.
തിരിഞ്ഞു നോക്കിയപ്പോള്‍, പിന്നില്‍ കരുത്തിരുണ്ടൊരു ആജാനുബാഹു, അറവുകാരന്‍ പരീതുക്ക..!!!
"ഹി ഹി, പരീതുക്ക..."
"നീയാ ബെസ്റ്റ് ബേക്കറീലെ പയ്യനല്ലേ...?"
"അതെ...."
"നീയെന്താ ഇവിടെ...?"
"ഹില്ല, വെറുതെ.....!"
"എന്തായിത്...?"
"യേത്..."
പരീതുക്കയുടെ കയ്യില്‍ ഞാനെഴുതിയ ലെറ്റര്‍..!
"മുട്ടേന്നു വിരിഞ്ഞിട്ടില്ല, അവന്ടൊരു പ്രേമലേഖനം...!"
മൂപ്പരത് ചുരുട്ടിക്കൂട്ടി എന്റെനേരെ വലിച്ചെറിഞ്ഞു.
"ഞാനൊരു തമാശക്ക്..."
"നിന്റെ ഉപ്പാനെ ഞാന്‍ കാണട്ടെ... ന്റെ മോളെടുത്താ നിന്റെ തമാശ."
പരീതുക്ക സൈക്കിളില്‍ നിന്നും പിടിവിട്ടതും ഞാന്‍ മുന്നോട്ടു കുതിച്ചു. ശക്തി ചോര്‍ന്നുപോയ കാലുകളേക്കാള്‍ തളര്‍ന്ന മനസ്സുമായി..., ഒന്ന് പിന്തിരിഞ്ഞു നോക്കാന്‍ പോലും ധൈര്യമില്ലായിരുന്നു...!
അതോടെ അവസാനിച്ചു, ബെസ്റ്റ് ബേക്കറിയില്‍ നിന്നുള്ള എന്റെ എത്തിനോട്ടങ്ങള്‍. ഇക്കാര്യങ്ങളൊന്നും പരീതുക്ക ഉപ്പയോട് പറഞ്ഞില്ലെങ്കിലും, പിന്നീടുള്ള പല രാത്രികളിലും ഒരു പേടിപ്പെടുത്തുന ഭീകര രൂപമായി പരീതുക്ക നിറഞ്ഞുനിന്നിരുന്നു....
(ഇതാണ് എന്റെ ആദ്യ പ്രണയ ലേഖനത്തിന്റെ കഥ. പക്ഷെ, എന്റെ ആദ്യ പ്രണയം ഇതൊന്നുമല്ലാട്ടോ...! അതുമായി ഞാന്‍ പിന്നെ വരാം.)

Subscribe to:
Posts (Atom)