Monday, January 31, 2011

കിനാവ്...

ഉത്തരം കിട്ടാത്ത ഒരു സമസ്സ്യയാണ് നമ്മുടെ ജീവിതം...! പരകോടി മനുഷ്യ ജന്മങ്ങള്‍ക്കിടയില്‍ നമ്മുടെ ജീവിതം അനസ്യൂതമായി നീങ്ങികൊണ്ടിരിക്കുന്നു...!
നാം പെട്ടന്നൊന്നും തിരിച്ചറിയാത്ത ഒരു താളത്തില്‍, രാഗത്തില്‍, ലയത്തില്‍ അത് അനന്തമായ കാലപ്രവാഹത്തിലൂടെ ചലിച്ചുകൊണ്ടിരിക്കുന്നു...
നമുക്കിഷ്ടമുള്ളതും, ചിലപ്പോള്‍ ഏറ്റുവാങ്ങാന്‍ വൈമനസ്സ്യമുള്ളതുമായ ഒരുപാട് അനുഭവങ്ങള്‍ക്ക് സാക്ഷികള്‍ ആകേണ്ടിവരുന്നു...
ഇതിനിടയില്‍ വളരെ അപൂര്‍വ്വമായി വീണുകിട്ടുന്ന നിമിഷങ്ങളില്‍ നാം ധാരാളം കിനാവ്‌ കാണുന്നു...!
കിനാവ്‌...,
മരച്ചില്ലകളില്‍ ചേക്കേറുന്ന പക്ഷിക്കൂട്ടങ്ങളെ പോലെ നേരവും കാലവും ഒന്നും നോക്കാതെ അപ്പൂപ്പന്താടികളെ പോലെ അവ പറന്നു നമ്മുടെ മനസ്സിലെത്തുന്നു...
ആ സമയം നാം നമ്മെ മറക്കുന്നു, ദുഃഖങ്ങള്‍ മറക്കുന്നു, എല്ലാം മറക്കുന്നു...
പിന്നെ പതുക്കെ കിനാവിന്റെ മഞ്ചലില്‍ യാത്രയാവുകയായി...
എന്തെല്ലാം കിനാവുകളാണു ചിന്തയില്‍ വന്നു നിറയുന്നത്. ഒരുപാട് വര്‍ണങ്ങള്‍ നിറഞ്ഞ കിനാവുകള്‍...

കാണാത്ത കാഴ്ചക്ക്, സങ്കല്‍പ്പത്തിലെ ഏതോ സ്നേഹത്തീരത്തേക്കുള്ള യാത്രക്ക്, കേള്‍ക്കാത്ത ഒരു മധുരമായ ഗാനത്തിന്, നുണയാത്ത ഒരു മധുരത്തിന്, അറിയാത്ത ഒരു നൊമ്പരത്തിനു, ഒരിക്കലും അണയാത്ത ഒരു നുറുങ്ങുവെട്ടത്തിനു, ഒരിക്കലും അവസാനിക്കാത്ത ഒരു സാമിപ്യത്തിന്, ഒരു സ്പര്‍ശത്തിനു, ഒരു സാന്ത്വനത്തിന്...
കിനാവുകള്‍ അവസാനിക്കുന്നേയില്ല...!
നാം അങ്ങിനെ ഗഗന വീഥിയിലൂടെ
പ്രകൃതിയുടെ മനോഹാരിത ആസ്വദിച്ചുകൊണ്ട്‌ വാര്‍മുകിലിലേറി യാത്രയാവുകയാണ്...
നമ്മെയും കടന്നു നേര്‍ത്ത ചിറകടികളോടെ കടന്നുപോകുന്ന ദേശാടനപക്ഷികള്‍...

ആളൊഴിഞ്ഞ ഒരപരാഹ്നതില്‍ പാട വരമ്പിനരികിലൂടെ കൂവി തിമിര്‍ത്തു കടന്നുപോകുന്ന തീവണ്ടിപോലെ ഒടുവില്‍ കിനാവും കടന്നുപോകുന്നു...
ഈ കിനാവുകള്‍ അനന്തമായി കൂട്ടിമുട്ടാതെ കിടക്കുന്ന റെയില്‍ പാളങ്ങള്‍ പോലെയാണെന്ന് ഇനിയും നാം തിരിച്ചറിയുന്നില്ല...!

Tuesday, January 25, 2011

ആത്മനൊമ്പരം...

നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ എന്നെ കുറിച്ച്..?
പണ്ട്...
ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്ന കാലത്താണ് എന്റെ പൂര്‍വ്വികര്‍ നിങ്ങളുടെ ഗ്രാമങ്ങളിലെത്തുന്നത്.അന്ന് നിങ്ങള്‍ നല്‍കിയ സ്വീകരണങ്ങള്‍ മറക്കാനാവാത്ത ഒന്നായിരുന്നെന്നു ഞാന്‍ കേട്ടിട്ടുണ്ട്...!

അക്കാലം മുതല്‍ നിങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു ഞാന്‍...! ജോലി തേടി നാടിന്നു വെളിയില്‍ പോയി ജീവിച്ചിരുന്ന ഒത്തിരി 'പ്രവാസികള്‍ക്ക്', അവരുടെ കുടുംബങ്ങള്‍ക്ക് ഞാനൊരു പ്രതീക്ഷയായിരുന്നു.സ്നേഹത്തില്‍ പൊതിഞ്ഞ വിരഹ വേദനകള്‍ അക്ഷരങ്ങളായി മാറി എന്നില്‍ നിക്ഷേപിക്കുമ്പോള്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പുകളുയരുമായിരുന്നു...!
തിരികെ,ആശ്വാസവാക്കുകള്‍ സ്നേഹാക്ഷരങ്ങളായി വേണ്ടപ്പെട്ടവരുടെ കൈകളിലെത്തുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരുന്ന അനുഭൂതിയും വാക്കുകള്‍ക്കധീതം. നിങ്ങളുടെ പ്രതീക്ഷകളും ആകാംക്ഷകളും എനിക്ക് ചുറ്റും വട്ടമിട്ടു പരന്നിരുന്നു.

പുതിയ തലമുറയുടെ ഓര്‍മ്മകളില്‍ ഞാനുണ്ടോ..? നിങ്ങളും എന്നെ ഓര്‍മ്മയുടെ പിന്നാമ്പുറങ്ങളിലേക്ക് തള്ളിവിട്ടില്ലേ..?കാലത്തിന്റെ പ്രയാണത്തില്‍ മനപൂര്‍വ്വം വിസ്മരിച്ച നിങ്ങളുടെ ഈ പഴയ സഹചാരിയെ...സന്തോഷവും, നൊമ്പരവും, വിരഹവും, എല്ലാം പേറി
ഞാനിപ്പോള്‍ ആകെ കരുവാളിച്ചുപോയിരിക്കുന്നു.
ആണ്ടിലൊരിക്കലോ മറ്റോ കൈമാറുന്ന ആശംസാ കാര്‍ഡുകളില്‍ മാത്രമായി ഒതുങ്ങുകയാണ് ഇന്നെന്റെ സേവനം...!അതും വളരെ ദുര്‍ലഭം..
പിന്നെ, കിട്ടാക്കടങ്ങളുടെ ഭാരവും പേറി വരുന്ന കുടിയൊഴുപ്പിക്കല്‍ ഭീഷണികളും, സര്‍ക്കാരിന്റെ ആര്‍ക്കും വേണ്ടാത്ത കുറിമാനങ്ങളും...!

ഇന്ന്,
ആര്‍ക്കും വേണ്ടാത്ത,ആരും തിരിഞ്ഞുനോക്കാത്ത ഒരു പാഴ്‌വസ്തു..!
കാലക്രമേണ, ഞാനും ഈ കാഴ്ചയും നിങ്ങള്ക്ക് മുന്നില്‍നിന്നും അപ്രത്യക്ഷമാവും.

Thursday, January 20, 2011

എനിക്കുമുണ്ടായിരുന്നു ഒരു കുഞ്ഞാട്...!

അക്കൊല്ലം ഞങ്ങളുടെ ആട് പ്രസവിച്ചത് ഒരേയൊരു കുഞ്ഞാടിനെ..!
വൈകുന്നേരം സ്കൂള്‍ വിട്ടു വന്നപ്പോള്‍ ഉമ്മയാണ് പറഞ്ഞത്, ഒരു കുഞ്ഞാടെയുള്ളൂന്നു. രണ്ടു കുഞ്ഞുങ്ങളെ കഞ്ഞി കൊടുത്തും പുല്ലു കൊടുത്തും പരസ്പരം പങ്കിട്ടു വളര്താമെന്ന എന്റെയും ഇത്താത്തയുടെയും സ്വപ്‌നങ്ങള്‍ പിന്നെ, മഞ്ചു എന്ന് ഞങ്ങള്‍ പേരിട്ട, ചെറിയ മുടന്തുള്ള കുഞ്ഞാടിന്റെ പിന്നാലെയായി...!
മഞ്ചുവിന് സ്വസ്ഥമായി ഇരിക്കാനും നടക്കാനും പറ്റാതായി. ഞാനും ഇത്താത്തയും സദാസമയവും അതിന്റെ പിന്നാലെ. ഇടയ്ക്കിടെ ഞങ്ങള്‍ വഴക്കിന്റെ വക്കിലുമെതും.
ഒടുവില്‍, ഉമ്മ തന്നെ ഞങ്ങളുടെ മുന്നില്‍ ഒരു നിര്‍ദ്ദേശം വെച്ചു,
മഞ്ചുവിനെ നന്നായി നോക്കുന്നവര്‍ക്ക് അവളെ സ്വന്തമാക്കാം.
അന്നുമുതല്‍ പിന്നെ മത്സരമായി..!
സ്കൂള്‍ വിട്ടുവന്നാല്‍ ആദ്യം തന്നെ മഞ്ചുവിനെ പാലുകുടിപ്പിക്കാനും പുല്ലുതിന്നിക്കാനും തൊടിയിലോട്ടു ഇറങ്ങലായി...! ഞങ്ങള്‍ക്കുള്ള ചായയും ബിസ്കട്ടുമായി ഉമ്മ ഞങ്ങളുടെ പിന്നാലെയും...
പലരാത്രികളിലും മഞ്ചു ഞങ്ങളുടെ കൂടെയാണ് കടന്നിരുന്നത്. അവളുടെ മുടന്ത് നേരെയാക്കാന്‍, ഞാനും ഇത്താത്തയും ഇടയ്ക്കിടയ്ക്ക് കാലില്‍ തടവിക്കൊടുത്തും ഉഴിഞ്ഞുകൊടുത്തും വിഫലശ്രമം നടത്താറുണ്ടായിരുന്നു...
ആയിടയ്ക്കാണ് നാട്ടില്‍ ആടിനെയും കോഴിയെയും പിടിച്ചു കൊന്നുതിന്നുന്ന ഏതോ  അജ്ഞാതജീവി ഇറങ്ങിയിട്ടുണ്ടെന്ന് കേട്ടത്..! വടക്കേല നബീസത്താടെ ആടിനേം കിഴക്കേലെ വിലാസിനിചേചിടെ കോഴിയേം രാത്രി വന്നു ആരോ കടിച്ചു കൊന്നുത്രേ..! ഞങ്ങളുടെ ഉള്ളില്‍ പേടികൂടി, ഞങ്ങളുടെ പ്രിയപ്പെട്ട മഞ്ചു...!
ഒടുവില്‍ ഉപ്പയോട്‌ പറഞ്ഞ്‌ ആട്ടിന്കൂട് വടക്കുവശത്ത്, വീടിനോട് ചേര്‍ന്ന് മാറ്റി വെപ്പിച്ചു. എന്നിട്ടും ചിലരാത്രികള്‍ ഞങ്ങളുടെ ഉറക്കം, മഞ്ചുവിന്റെ ചെറിയ ചെറിയ ശബ്ദങ്ങള്‍ക്ക്‌ വഴിമാറിയിരുന്നു.
മഞ്ചു ഞങ്ങളുമായി വളരെ അടുത്ത് ഇടപഴുകിയിരുന്നു. ഞങ്ങളുടെ നീട്ടിയുള്ള വിളികള്‍ക്ക് ഉത്തരമെന്നോണം അരികിലേക്ക് ഇപ്പോഴുമവള്‍ പാഞ്ഞെതുമായിരുന്നു.
അവള്‍ തുള്ളിച്ചാടി ഓടിവരുമ്പോള്‍ ഒരു രക്ഷാകര്താവിന്റെ തെല്ലു അഹങ്കാരത്തോടെ അവളുടെ നെറ്റിയില്‍ തലോടുമായിരുന്നു.
ഒരു മഴക്കാലം,
സ്കൂള്‍ വെക്കേഷന്‍ കഴിഞ്ഞു നാലില്‍ നിന്നും ജയിച്ചു അഞ്ചാം ക്ലാസ്സിലെ പാഠങ്ങളുമായി മല്ലിടുന്ന ഒരു രാത്രി, നല്ല കോരിച്ചൊരിയുന്ന മഴ..! പതിവുപോലെ കരണ്ടും പോയി. ചിമ്മിനി വെട്ടത്തില്‍ ചോറുതന്നു ഞങ്ങളെ പായിവിരിച്ചു കിടത്തി,
ഉമ്മയും ഉപ്പയും ഭക്ഷണം കഴിക്കാനിരുന്നു.  ഇത്താത്ത ഉറങ്ങിയിട്ടില്ലെന്നു തോന്നുന്നു. ഞാന്‍ പെട്ടുന്നുറങ്ങി.
എന്തോ ഒരു ശബ്ദം കേട്ട് ഞാന്‍ ഞെട്ടിയെഴുനേറ്റു, എന്റെ അടുത്ത് ഇത്താത്തയെ കാണുന്നില്ല, കട്ടിലില്‍ ഉമ്മയും ഉപ്പയുമില്ല, വടക്കെപുറത്തു ആരൊക്കെയോ ഉച്ചത്തില്‍ സംസാരിക്കുന്നു.തള്ളയാടിന്റെ ദയനീയമായ അലര്‍ച്ച ഞാന്‍ കേട്ട്. ഞാന്‍ വടക്കേപുരതെക്ക് ഓടി. എമെര്‍ജെന്സിയും ടോര്‍ച്ചുമായി വടക്കേല അബുക്കയും കിഴക്കേലെ കുട്ടേട്ടനും ആട്ടിന്‍ കൂടിനടുത്ത് നല്‍ക്കുന്നു.അവിടേക്ക് എന്നെ കടത്തിവിട്ടില്ല. മഞ്ചുവിനെ കെട്ടിയിരുന്ന കയര്‍ അനാഥമായി അവിടെ കിടക്കുന്നു.
വടക്കേപുറത്തെ വരാന്തയില്‍ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഇരിക്കുന്ന ഇത്താത്തയെ ഇടിമിന്നലിന്റെ വെളിച്ചത്തില്‍ ഞാന്‍ കണ്ടു.

Wednesday, January 19, 2011

സ്വാഗതം കൂട്ടുകാരേ...


പണ്ടെങ്ങോ എഴുതാന്‍ ബാക്കിവെച്ച ഒരു തുണ്ട് കടലാസ്...
മനസ്സിന്റെ താളില്‍ കുറിച്ചിട്ട വരികളില്‍ മഷിയുണങ്ങി തുടങ്ങിയിരിക്കുന്നു...!
അക്ഷരങ്ങള്‍ക്ക് തെളിമ നഷ്ടപ്പെട്ട് തുടങ്ങിയെന്ന തോന്നലില്‍ നിന്നാണ് എന്റെ
ഈ കടന്നുകയറ്റം. അല്ല, കൈപിടിച്ച് കയറ്റിയതാണ്...! ഒരായിരം നന്ദി,
എന്റെ പ്രിയ കളിക്കൂട്ടുകാരനും സുഹൃത്തുമായ റിയാസിന്(മിഴിനീര്‍ത്തുള്ളി)...
അവനാണെന്നെ ഈ ലോകത്തേക്ക് കൊണ്ടുവന്നത്...എന്റെയീ ബ്ലോഗിനെ
ഇത്രയും മനോഹരമാക്കി തന്നത്.
ഈ പേജിലെ ആദ്യാക്ഷരം അവനു സമര്‍പ്പിക്കുന്നു...!

ബുദ്ധിജീവികള്‍ക്ക് തൂലിക പടവാളാണ്;
സാധാരണക്കാരന് അക്ഷരങ്ങള്‍ കോരിയിടുന്ന മണ്ണ് വെട്ടിയും...!
പിന്നീട് എപ്പോഴെങ്കിലും അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ മാത്രമായി
ഈ പേജില്‍ ഞാന്‍ അക്ഷരങ്ങള്‍ ചേര്‍ത്തുവെക്കുന്നു...
അങ്ങിനെ, പദാവലിയുടെ ലോകത്തേക്ക് യാത്രയാവുന്നു; സ്വപ്‌നങ്ങള്‍ മാത്രം
നിറച്ച എന്റെ ഭാണ്ഡവുമായി...

പിച്ചവെക്കുമ്പോള്‍ ഇടറി വീഴാതിരിക്കാന്‍ നിങ്ങളുടെ സാമിപ്യവും സ്പര്‍ശവും
എപ്പോഴും കൂടെ ഉണ്ടാവുമെന്ന പ്രതീക്ഷയോടെ...

സ്നേഹപൂര്‍വ്വം
ഷമീര്‍ തളിക്കുളം