Saturday, April 23, 2011

ജന്മദിനം: ഒരു ഫ്ളാഷ് ബാക്ക്.


എന്റെ ജന്മദിനം വളരെ കൃത്യമായി അവള്‍ ഓര്‍ത്തുവെച്ചിരിക്കുന്നു...! എനിക്ക് എന്നോടുതന്നെ അഭിമാനം തോന്നി, അവളോട്‌ കൂടുതല്‍ ആഴത്തിലുള്ള സ്നേഹവും.

കോളേജിന്റെ ഗേറ്റിനു മുന്നില്‍ അവള്‍ എന്നെ കാത്തുനിന്നിരുന്നു, ഒരു കള്ളച്ചിരിയോടെ നീട്ടിയ കവര്‍ വളരെ ആശ്ചര്യത്തോടെയാണ് വാങ്ങി തുറന്നു നോക്കിയത്, ഒരു ആശംസാകാര്‍ഡ്..! അതിലെ വലിയ അക്ഷരങ്ങളില്‍ എഴുതിയ ജന്മദിനസന്ദേശം വായിച്ചിട്ടും മതിവരുന്നില്ല, അതിനടിയിലായി എഴുതിച്ചേര്‍ത്ത പേര് അവളെ കൂടുതല്‍ സുന്ദരിയാക്കിയത് പോലെ തോന്നി. സത്യത്തില്‍ ഈ ദിവസം എന്റെ ഓര്‍മ്മയില്‍ തന്നെ ഇല്ലായിരുന്നു, അല്ലെങ്കിലും ജന്മദിനങ്ങള്‍ ഓര്‍ത്തുവെച്ചിട്ടു എന്ത് കാര്യം..?

തെല്ലൊരു അഹങ്കാരത്തോടെ എന്റെ ഒപ്പമുണ്ടായിരുന്ന റിയാസിനും ബൈജുവിനും ആ കാര്‍ഡ് കാട്ടിക്കൊടുത്തു..! അവരും അന്നേരമാണ് എന്റെ ജന്മദിനം ഓര്‍മ്മിചെടുത്തത്. ഇന്നത്തെ പാര്‍ട്ടി എന്റെ തലയില്‍ കെട്ടിവെച്ചു ജന്മദിനം ആഘോഷിക്കാന്‍ അവര്‍ പ്ലാനും തയ്യാറാക്കി.
രാവിലെ എട്ടുമണിമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ക്ലാസ്. അതുകഴിഞ്ഞ് കാണാമെന്ന ഉറപ്പില്‍ ഞാനെന്റെ ക്ലാസ്സിലേക്ക് നടക്കുന്നതിനിടയില്‍ എക്കണോമിക്സ് ഗ്രൂപ്പിന്റെ ബി ബാച്ചിലെക്കൊന്നു നോക്കാന്‍ കൊതിച്ചു, എനിക്കറിയാം അവിടെ രണ്ടുകണ്ണുകള്‍ എന്റെ നോട്ടത്തിന്നായി കാത്തിരിക്കുന്നുണ്ടെന്ന്.

ഇന്റെര്‍വെല്‍ സമയത്ത് അവളെ കാണാന്‍ വേണ്ടിത്തന്നെ വരാന്തയിലൂടെ നടന്നു, അപ്രതീക്ഷിതമായി മുന്നില്‍ വന്നപ്പോള്‍ എന്ത് പറയണമെന്നറിയാതെ വെറുതെ നോക്കി നിന്നുപോയി. പിന്നിലേക്ക്‌ വീണ ഷാള്‍ ഇടത്തെ കൈകൊണ്ടു നെറ്റിയിലേക്ക് വലിച്ചിട്ടു അവള്‍ എന്നെ നോക്കി ചിരിച്ചു.

"എപ്പഴാ പാര്‍ട്ടി....?"
കൂടെയുണ്ടായിരുന്ന ഒരു കൂട്ടുകാരി കട്ടുറുമ്പായി..

"ഞങ്ങളെയും കൂട്ടണം...."
മറ്റൊരു കൂട്ടുകാരി.

"ഓക്കേ, ഇന്ന് ക്ലാസ് കഴിഞ്ഞിട്ട് കാണാം"
ഞാന്‍ ഉറപ്പുകൊടുത്തു.

കീശയിലെ കനത്തില്‍ എനിക്ക് സംശയമുള്ളതിനാല്‍ ഒരു ഉറപ്പിനായി റിയാസിനേയും ബൈജുവിനെയും ഞാന്‍ കൂടെക്കൂട്ടി. ക്ലാസ് കഴിഞ്ഞു ഞങ്ങള്‍ സ്ഥിരം കണ്ടുമുട്ടാറുള്ള വഴിയില്‍ അവളും കൂട്ടുകാരികളും കാത്തുനിന്നിരുന്നു. അവര്‍ മൂന്നുനാല് പേരുണ്ടായിരുന്നു.

"റിയാസേ, നിന്റെ കയ്യില്‍ കാശ് ഇരിപ്പില്ലേ...? എന്റേത് തികയുമെന്നു തോന്നുന്നില്ല."
എനിക്ക് ബേജാര് തുടങ്ങിയിരുന്നു.

അതൊന്നും നീ പേടിക്കണ്ട എന്ന അര്‍ത്ഥത്തില്‍ റിയാസ് കണ്ണിറുക്കി കാണിച്ചു...!

കോളേജിനടുത്തുള്ള ഹോട്ടലില്‍ കേറാന്‍ അവള്‍ക്കും കൂട്ടുകാരികള്‍ക്കും എന്തോ ഒരു മടി, അത് നല്ലതെന്ന് എനിക്കും തോന്നി. കുറച്ചകലെയുള്ള മറ്റൊരു ഹോട്ടലിലേക്ക് പോകാന്‍ തയ്യാരാവുന്നതിനിടയില്‍ ഞാന്‍ ടെലിഫോണ്‍ ബൂത്തിലേക്ക് കയറി. വരാന്‍ കുറച്ചു വൈകുമെന്ന് ഉമ്മയോട് പറയാന്‍ തെക്കേല സുലൈഖത്താക്ക് ഫോണ് വിളിച്ചുപറഞ്ഞു ഏല്പിച്ചു, കൂടെ കാരണമായി ഒരു നുണയും പറഞ്ഞു.

ചിരിയും കളിയുമായി സമയം പോയതറിഞ്ഞില്ല, മനസ്സ് നിറഞ്ഞു കുറച്ചുനേരം പരസ്പരം സ്വകാര്യങ്ങള്‍ പങ്കുവെച്ചു അവള്‍ എന്റെ ജന്മദിനം മറക്കാനാവാത്തതാക്കി.
ഒടുവില്‍, യാത്രപറഞ്ഞു പോരാന്‍ മടിതോന്നി, വല്ലാത്തൊരു വേദന മനസ്സിനെ കീഴടക്കിയിരുന്നു...!
റിയാസിന്റെ ബൈക്കിനു പിന്നിലിരുന്നു വീട്ടിലേക്കുള്ള സ്ഥിരം യാത്രയില്‍ നിന്നും വിത്യസ്തമായി ബൈക്കിനോപ്പം മനസ്സ് പറക്കുന്നില്ല, അതവിടെ, അവളില്‍നിന്നും വിട്ടുപോരുന്നെയില്ല..! റിയാസ് എന്തൊക്കയോ പറയുന്നുണ്ട്, ഞാന്‍ ഒന്നും കേട്ടത് പോലുമില്ല.വീട്ടിലേക്കുള്ള വളവു തിരിഞ്ഞപ്പോള്‍ തന്നെ ഞാന്‍ കണ്ടു; കിഴക്കേ വരാന്തയില്‍ റോഡിലേക്ക് നോക്കി ഉമ്മ ഇരിക്കുന്നു. എന്നെയും നോക്കിയാണ് ആ ഇരിപ്പ്, എനിക്കറിയാം ഭക്ഷണം കഴിച്ചിട്ടുണ്ടാവില്ല. ഉമ്മ അങ്ങിനെയാണ്, എത്ര വൈകിയാലും ഞാന്‍ വരാന്‍ കാത്തിരിക്കും.
റിയാസിനോട് യാത്രപറഞ്ഞു ഞാന്‍ വീട്ടിലേക്കു നടന്നു.

"എന്തേ ഇത്രേം വൈകി....?"

"റിയാസിന് രണ്ടുമൂന്നു പുസ്തകങ്ങള്‍ വാങ്ങാനുണ്ടായിരുന്നു, ഞാന്‍ സുലൈഖത്തയോട് വിളിച്ചു പറഞ്ഞിരുന്നല്ലോ....?"

"ആ... സുലൈഖത്ത പറഞ്ഞു."

എന്റെ കയ്യില്‍നിന്നും പുസ്തകസഞ്ചി വാങ്ങി അലമാരയിലേക്ക് വച്ച് ഉമ്മ ധൃതിയില്‍ അടുക്കളയിലേക്കു നടന്നു. ഡൈനിംഗ് ടേബിളില്‍ ചോറും കറിയും മൂടിവെച്ചിരുന്നു. അതിനടുത്തായി മൂടിവെച്ച ഒരു ചെറിയ പാത്രം ഞാന്‍ തുറന്നു നോക്കി, പായസം..! എനിക്കിഷ്ടപെട്ട സേമിയപായാസം.

"ഉമ്മാ... ഇന്നെന്താ പായസം...?"

"ഡാ, നീ മറന്നാ... ഇന്ന് നിന്റെ പിറന്നാളാ...."

ഞാന്‍ ഉമ്മയെ ഒന്ന് നോക്കി, ആ കണ്ണുകളിലേക്കു, ചുളിവുകള്‍ വീഴാന്‍ തുടങ്ങിയ ആ മുഖത്തേക്ക്.... എന്റെ പിറന്നാള്‍ ദിനം മനസ്സില്‍ സൂക്ഷിച്ചുവെച്ചു എന്നെ ഒന്ന് അത്ഭുതപ്പെടുത്താന്‍ എല്ലാം ഉമ്മ ഒരുക്കിവെച്ചിരിക്കുന്നു...! നെഞ്ചില്‍നിന്നും ഒരു വിങ്ങല്‍ ഗദ്ഗദമായി തൊണ്ടയില്‍ തങ്ങിനിന്നു. ഉമ്മ എനിക്ക് ഭക്ഷണം വിളമ്പുന്ന തിരക്കിലാണ്. ഉമ്മയ്ക്കുള്ള ഭക്ഷണവും എടുത്തുവെച്ചു കഴിക്കാനായി ഇരുന്നു. ഞാന്‍ പുറത്തുനിന്നും ഭക്ഷണം കഴിച്ചെന്നു പറയാന്‍ അന്നെരമെനിക്ക് തോന്നിയില്ല. വയറില്‍ ഇത്തിരി സ്ഥലം പോലും ബാക്കിയില്ലെങ്കിലും ഉമ്മയോടൊപ്പം ഞാനിരുന്നു.

"ഉമ്മാ, എനിക്കൊരു പിടിഉരുള..."
ഞാന്‍ വാ തുറന്നുപിടിച്ചു.

ഇടത്തെ കൈകൊണ്ടു എന്റെ താടിയില്‍ പിടിച്ചു, എനിക്ക് ഇന്നും എന്റെ നാവിന്റെ തുന്പത്ത് രുചിക്കൂട്ട് നല്‍കുന്ന ഉമ്മയുടെ പിടി ചോറ് വായിലേക്ക് വെച്ചുതന്നു. ഉമ്മയുടെ കണ്ണ് നിറഞ്ഞുവോ...? ഇല്ല, കാണാന്‍ കഴിയുന്നില്ല... എന്റെ കണ്ണില്‍ കണ്ണുനീര്‍ പടര്‍ന്നിരിക്കുന്നു.

എനിക്ക് കിട്ടാവുന്നതിനേക്കാള്‍ ഏറ്റവും വിലപ്പെട്ട പിറന്നാള്‍ സമ്മാനമാണ് ഈ കിട്ടിയതെന്ന് അന്നേരം ഞാന്‍ തിരിച്ചറിഞ്ഞോ, ആവോ...?

45 comments:

 1. ഹൃദയം തൊട്ടറിഞ്ഞ ഒരോര്‍മ്മകുറിപ്പ് .

  "ഉമ്മാ, എനിക്കൊരു പിടിഉരുള..."
  ഞാന്‍ വാ തുറന്നുപിടിച്ചു".
  കാത്തിരിപ്പിന്റെ വിഷമമെല്ലാം ഈ വാക്കുകളില്‍ ഉമ്മ മറന്നിരിക്കും.
  അല്ലെങ്കിലും മറക്കാനും ക്ഷമിക്കാനും മാത്രമേ ഉമ്മമാര്‍ക്ക് പറ്റൂ.
  നല്ല ആത്മാവുള്ള അവതരണം.
  എനിക്ക് ഒത്തിരി ഇഷ്ടായി ഷമീര്‍.

  ReplyDelete
 2. നന്നായിരിക്കുന്നു ഷമീര്‍..


  വേറൊന്നും പറയാനില്ല..കാരണം മനസ്സുകൊണ്ട് ഞാന്‍ അമ്മയുടെ അടുതെത്തി.അമ്മയെ കണ്ടിട്ട് ഇന്നലെ ഒരുമാസം തികഞ്ഞു ... ഒന്നുകൂടി കാണാന്‍ ഇനിയും രണ്ടു മാസം കൂടി..

  ReplyDelete
 3. കാമുകിയുടെ ആ ചൂടുള്ള നിശ്വാസത്തിണോ ഉമ്മയുടെ തണുത്തുറഞ്ഞ ആ ഉരുള ചോറിനോ ഏതിനായിരിക്കും കൂടുതല്‍ രുചി ? ഉമ്മയുടെ ആ ഉരുള ചോറിനു തന്നെ അല്ലെ ഷെമീര്‍ ..:)

  ഈ ചെരുവാടിക്കാര്‍ ഇങ്ങനെ എഴുതി മനുഷ്യനെ ബേജാര്‍ ആക്കുമല്ലോ ..!!

  ReplyDelete
 4. പ്രണയത്തിന്റെ ചൂടുള്ള നിശ്വാസവും
  ഉമ്മയുടെ സ്നേഹത്തിന്റെ ഒരുരളയും..

  ReplyDelete
 5. എല്ലാ അമ്മമാർക്കും ഒരേ മുഖമാണ്‌. കഴിഞ്ഞ പ്രാവശ്യം കൂടി നാട്ടിൽ പോയപ്പോൾ അതു പോലുള്ള ഒരു ഉരുള കഴിക്കുവാനുള്ള ഭാഗ്യമുണ്ടായി.
  ഹൃദയത്തിൽ കൈ വെച്ചു കൊണ്ടെഴുതി. അഭിനന്ദനങ്ങൾ.

  ReplyDelete
 6. അപ്പോള്‍ പിറന്നാള്‍ കേമമായീ എന്നര്‍ത്ഥം..ചില പിറന്നാള്‍ ഓര്‍മ്മകള്‍ അവിസ്മരിക്കാനാവാത്തതായിരിക്കും അല്ലേ ഷമീര്‍..ഈ ഓര്‍മ്മകുറിപ്പ് ഒത്തിരി ഇഷ്ട്ടമായി.

  ReplyDelete
 7. ഷെമീര്‍, പറയാനാഗ്രഹിച്ചത് ഇതില്‍ കൂടുതല്‍ നന്നായി പറയാന്‍ പറ്റുമെന്ന് തോന്നുന്നില്ല. വളരെ ഇഷ്ടമായി..

  ReplyDelete
 8. നന്നായ് ഷമീര്‍. എന്താണോ പറയാന്‍ ആഗ്രഹിച്ചത് അത് വായനക്കാരിലേക്ക് എത്തിയിട്ടുണ്ട്.

  ReplyDelete
 9. ഷമീര്‍ .. നന്നായിട്ടുണ്ട് കേട്ടോ. ഉമ്മയുടെ കാര്യം വായിച്ചപ്പോള്‍ അമ്മച്ചിയെ ഓര്‍മ്മ വന്നു. എത്ര പറഞ്ഞാലും കേള്‍ക്കാതെ ഞാന്‍ വന്നിട്ടേ കഴിക്കൂ എന്ന് പറഞ്ഞിരിക്കുന്ന അമ്മച്ചിയെ.

  ReplyDelete
 10. പ്രണയിനിയുടെ ബർത്ത് ഡേകാർഡും കയ്യിലേന്തിയുള്ള് കാത്തിരിപ്പിനേക്കാൾ ..ഉമ്മയുടെ സ്നേഹത്തിൽ ചാലിച്ചുരുട്ടിയെടുത്ത ഉരുളക്കല്ലെ ഓർമ്മകളുടെ മാധുര്യം കൂടുതൽ നമ്മിലെ മധുരിതമായ നിമിഷങ്ങൾ ഇത്ര നന്നായി വായനക്കാരിൽ എത്തിക്കാൻ കഴിയുന്നത് വളരെ നല്ലൊരു കഴിവ് തന്നെ !!!!!!! ഇടത്തെ കൈകൊണ്ടു എന്റെ താടിയില്‍ പിടിച്ചു, എനിക്ക് ഇന്നും എന്റെ നാവിന്റെ തുന്പത്ത് രുചിക്കൂട്ട് നല്‍കുന്ന ഉമ്മയുടെ പിടി ചോറ് വായിലേക്ക് വെച്ചുതന്നു. ഉമ്മയുടെ കണ്ണ് നിറഞ്ഞുവോ...? ഇല്ല, കാണാന്‍ കഴിയുന്നില്ല... എന്റെ കണ്ണില്‍ കണ്ണുനീര്‍ പടര്‍ന്നിരിക്കുന്നു. ഈ വരികൾ ഞാനും തപ്പിയെടുത്താണ് വായിച്ചത് കാരണം എന്റെ കണ്ണുകളും ഈറനണിഞ്ഞിരുന്നു........ ആ ഉമ്മയുടെ വാ‍ാത്സല്യം നിറഞ്ഞ മുഖം എന്റെയുള്ളിലും മായാതെ കിടക്കുന്നു.. എന്റെ സലാം പറഞ്ഞേക്ക് ആ സ്നേഹ നിധിയായ ഉമ്മാണോട്.......

  ReplyDelete
 11. വായിച്ചുകൊണ്ടിരിക്കുംബോള്‍ ഞാനും ചിന്തിക്കുകയായിരുന്നു, എന്റെ പ്രണയിനി തന്ന സമ്മാനങ്ങളെ പറ്റി. പെട്ടെന്ന് ഉമ്മയിലേക്ക് വന്നപ്പോള്‍ ഉമ്മ എനിക്കും മുടങ്ങാതെ ഉണ്ടാക്കി തരാറുള്ള ആ പായസത്തിന്റെ മധുരം ലഭിച്ചു. ഇത് കേവലം ഓര്‍മ്മകുറിപ്പായി എനിക്ക് തോന്നുന്നില്ല, ഇത് ഉമ്മയുടേയും മകന്റേയും ആത്മബന്ധം കാണിക്കുന്ന ഒരു പോസ്റ്റ്... അല്ലാഹു ആ ഉമ്മക്കും ഈ മകനും ദീര്‍ഘായുസ്സ് നല്‍കട്ടെ... ആമീന്‍

  ReplyDelete
 12. ഷമീര്‍ ....വളരെ നന്നായി എഴുതി...
  വായിച്ചു തീര്‍ന്നപ്പൊളേക്കും കണ്ണുകള്‍ നനഞ്ഞു....

  അമ്മയുടെ സ്നേഹം ... തുലനം ചെയ്യാനാവാത്ത ഒന്ന്...

  അഭിനന്ദനങ്ങള്‍......

  ReplyDelete
 13. "കണ്ണീരിന്‍റെ നനവില്‍ അവസാനിക്കുന്ന ഷെമിയുടെ മറ്റൊരു മനോഹരമായ കുറിപ്പ്! "ഡാ, നീ മറന്നാ... ഇന്ന് നിന്റെ പിറന്നാളാ...." അത് വരെ കൂള്‍ ആയി വായിച്ചു വന്നു! പിന്നേയാണ് ഒരു മിന്നല്‍പ്പിണര്‍ ദേഹത്തിലൂടെ കടന്നു പോയത്! താങ്ക്യൂ മോന്‍! എല്ലാ നന്മകളും നേരുന്നു...സര്‍വശക്തന്‍ നമ്മുടെ കുടുംബങ്ങളെ കാത്തു രക്ഷിക്കട്ടെ...."

  ReplyDelete
 14. പ്രണയവും വാത്സല്യവും നന്നായി അവതരിപ്പിച്ചു....മനസ്സിൽ തൊട്ടു വാക്കുകൾ

  ReplyDelete
 15. ഓര്‍മ്മക്കുറിപ്പിലൂടെ നല്ലൊരു സന്ദേശം നല്‍കി.
  അവതരണവും നന്നായി

  ReplyDelete
 16. "ഉമ്മാ, എനിക്കൊരു പിടിഉരുള..."
  ഞാന്‍ വാ തുറന്നുപിടിച്ചു.

  ഇടത്തെ കൈകൊണ്ടു എന്റെ താടിയില്‍ പിടിച്ചു, എനിക്ക് ഇന്നും എന്റെ നാവിന്റെ തുന്പത്ത് രുചിക്കൂട്ട് നല്‍കുന്ന ഉമ്മയുടെ പിടി ചോറ് വായിലേക്ക് വെച്ചുതന്നു.

  ശരിയാ...എത്രയോ തവണ നിന്റെ കൂടെ ഞാനും ആ പിടി ഒരുള കഴിച്ചിരിക്കുന്നു...അതൊന്നും ഒരിക്കലും മറക്കാന്‍ കഴിയില്ല...അറിയാതെ എന്റേയും കണ്ണു നിറഞ്ഞു.

  ----------------------------------------------
  പിന്നെ അന്നത്തെ ആ ചിലവ് ചെയ്യാന്‍ എന്റെ കയ്യില്‍ നിന്നും വാങ്ങിയ കാശ് കിട്ടിയില്ല...അക്കാര്യം ഞാന്‍ മറന്നു പോയിരുന്നു, ഓര്‍മ്മിപ്പിച്ചതിനു നന്ദി.ഹി ഹി

  ReplyDelete
 17. ചെറുപ്പത്തില്‍ ഇത്തരം അനുഭവങ്ങളിലൂടെ നാം കടന്നു പോയില്ലങ്കില്‍ എങ്ങനെ ജീവിതം എന്തെന്നറിയും. സ്നേഹിച്ച പെണ്ണിന്റെ കൂടെ പിറന്നാള്‍ ആഘോഷിചില്ലങ്കില്‍ പ്രണയം തീവ്രമാകുന്നതെങ്ങനെ. പിറന്നാള്‍ സദ്യ ഒരുക്കി മകനായി കാത്തിരിക്കുന്ന അമ്മ സ്നേഹത്തിന്റെ പ്രതീകമാണ്.
  പ്രേമം ക്ഷണികമാണ്.പ്രേമം ഉരുകാന്‍ വെമ്പുന്ന മഞ്ഞു കട്ടപോലെയാണ്. എപ്പോള്‍ വേണമെങ്കിലും നഷ്ട്ടപെടാം.അതുകൊണ്ട് പ്രണയിനി കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നു.
  സ്നേഹം ഹൃദയത്തില്‍ നിന്നാണെങ്കില്‍ ഹൃദയം അമ്മയാണ്.കാരണം അമ്മ സ്നേഹമാണ്. "മഞ്ഞു കട്ട" ഹൃദയത്തോട് ചേര്‍ത്തുവച്ചാല്‍ മഞ്ഞു കട്ടയുടെ തണുപ്പാണോ ഹൃദയത്തിന്റെ ചൂടാണോ വിജയിക്കുക?
  "പിണങ്ങി പോയീടിലും പിന്നെ ഞാന്‍ വിളിക്കുമ്പോള്‍
  കുണുങ്ങി കുണുങ്ങി നീ ഉണ്ണുവാന്‍ വരാറില്ലേ? "
  പിണങ്ങിയാലും അമ്മ വിളിച്ചാല്‍ നമ്മള്‍ ഓടിയെത്തും.
  എന്തായാലും അമ്മയുടെ സ്നേഹത്തിന്റെ തീക്ഷ്ണത അറിയുവാന്‍ ഷമീറിനു ഇതുകൊണ്ട് സാധിച്ചല്ലോ?

  ReplyDelete
 18. ഹൃദയം തുറന്നെഴുതുന്നത്‌ വായിക്കുമ്പോഴും ഹൃദയം വിങ്ങും.
  നന്നായി എഴുതിയിരിക്കുന്നു. ആശംസകള്‍

  ReplyDelete
 19. എനിക്ക് കിട്ടാവുന്നതിനേക്കാള്‍ ഏറ്റവും വിലപ്പെട്ട പിറന്നാള്‍ സമ്മാനമാണ് ഈ കിട്ടിയതെന്ന് അന്നേരം ഞാന്‍ തിരിച്ചറിഞ്ഞോ, ആവോ

  തിരിച്ചുകൊടുക്കാന്‍ മറന്നു പോകുന്ന സമ്മാനം. നമ്മള്‍ കൊടുത്തില്ലെങ്കിലും നമ്മള്‍ക്കെന്നും തരുന്ന സ്നേഹത്തിന്റെ സമ്മാനം.
  very gud

  ReplyDelete
 20. എനിക്ക് കിട്ടാവുന്നതിനേക്കാള്‍ ഏറ്റവും വിലപ്പെട്ട പിറന്നാള്‍ സമ്മാനമാണ് ഈ കിട്ടിയതെന്ന് അന്നേരം ഞാന്‍ തിരിച്ചറിഞ്ഞോ, ആവോ
  yes, we all, always forget this beautiful and valuable gift

  ReplyDelete
 21. നല്ല വിവരണം. ഇഷ്ട്ടായി.

  ഒരു കുഞ്ഞ് ഉടക്ക്, കത്തിരിക്കാന്‍ ലൈനിനെ എല്‍പ്പിച്ചിരുന്നെങ്കില്‍ അവള്‍ മൂടും തട്ടി വീട്ടീ പോയെനെ, ഉമ്മ ആകുമ്പോ എത്ര നെരവും എത്ര കാലവും കാത്തിരിക്കും.
  സോ എല്ലാം കഴിഞ്ഞ് പയ്യെ പോയാ മതീ ഉമ്മാടെ അടുത്തെക്ക് എന്ന് എന്റെ പക്ഷം

  ReplyDelete
 22. എന്താണോ പറയാന്‍ ഉദ്യെശിച്ഛത് അത് വൃത്തിയായി പകര്‍ത്തിയിരിക്കുന്നു ഷമീര്‍.

  ReplyDelete
 23. ഷമീര്‍..ഞാനിവിടെ ആദ്യമാണ് വരുന്നത്.ജന്മദിനവിശേഷം വളരെ നന്നായി.നല്ല ഭാഷ.ഒപ്പം ചേര്‍ത്ത ചിത്രത്തിനുതന്നെ ഒത്തിരി കഥ പറയാനുണ്ടല്ലൊ!അഭിനന്ദനങ്ങള്‍!

  ReplyDelete
 24. മാത്രസ്നേഹത്തിനു പകരം വെക്കാൻ മറ്റെന്താണു ഈ ലോകത്തുള്ളത്..

  വളരെ മനോഹരമായ രചന..
  ആശംസകൾ

  ReplyDelete
 25. ഷമീര്‍ എഴുതുമ്പോള്‍ ഉപ്പയും ഉമ്മയുമൊക്കെ കണ്മുമ്പിലെത്തുന്നു. നന്മയും സ്നേഹവും വിതറുന്ന എഴുത്ത്.

  ReplyDelete
 26. അമ്മയും സഖിയും പകര്‍ന്നു തന്ന സ്നേഹം ജന്മദിനത്തെ മറക്കാനാകാത്ത അനുഭവമാക്കി. ഇനിയെന്തു വേണം? ഭാഗ്യവാന്‍!
  ഹൃദ്യമായ അനുഭവം വളരെ നന്നായിട്ടെഴുതി.

  ReplyDelete
 27. ഉമ്മയുടെ സ്നേഹം..
  അതിനോട് തുലനം ചെയ്യാന്‍ ഈ ദുനിയാവിലെന്തുണ്ട്??
  വളരെ നന്നായി എഴുതി..
  അഭിനന്ദങ്ങള്‍..

  ReplyDelete
 28. ഉമ്മ തന്നെ വലിയ ഉമ്മ..അവർ തരുന്ന എന്തും വലിയ സമ്മാനങ്ങൾ തന്നെയാണ്‌.
  അല്ലാ..അതിരിക്കട്ടെ, എന്നിട്ട് ആ അവളെ തന്നെ കിട്ടിയോ തനിക്ക്?.

  ReplyDelete
 29. ഷമീറെ എനിയ്ക്കൊന്നേ പറയാനുള്ളു.ഉപ്പോളം പോരുമോ ഉപ്പിലിട്ടത്
  നല്ല വിവരണം. ആശംസകള്‍

  ReplyDelete
 30. ഏത് പ്രണയത്തേയും കവച്ചു വയ്ക്കും ഉമ്മയുടെ സ്നേഹം...

  ReplyDelete
 31. ummakku pakaram vekkan veronnum thanneyilla...
  (google transliteration work cheyyunnilla!!!)

  ReplyDelete
 32. ചെറുവാടി @. നന്ദി, വായനക്കും ആദ്യ പ്രതികരണത്തിനും....
  villageman @ ഞാന്‍ കണ്ടിട്ട് ആര് മാസം കഴിഞ്ഞു, ഇനി ഒരു നാല് മാസം കൂടി കാത്തിരിക്കണം..!
  രമേശേട്ടന്‍ @. തീര്‍ച്ചയായും തിരിച്ചറിവുകള്‍ നമ്മെ കൂടുതല്‍ നന്മയിലേക്ക് എത്തിക്കുന്നു...
  മുരളിയേട്ടന്‍ @ നന്ദി, മനസ്സ് നിറഞ്ഞു....
  shabu @ ആ ഒരു ഭാഗ്യം മറ്റെന്തിനെക്കാളും വലുത് തന്നെ.
  jazmikutty @ ശരിയാണ്, മറക്കാനാവാത്ത പിറന്നാള്‍...
  ഹാഷിക്ക് @ നന്ദി, വാക്കുകള്‍ പ്രചോദനമാകുന്നു...
  മുല്ല @. നന്ദി, ശ്രമം വിജയകരമായത്തില്‍ സന്തോഷം.
  ഏപ്രില്‍ ലില്ലി @. ശരിയാണ്, ചില ഓര്‍മ്മകള്‍ നമ്മെ കൊണ്ടുപോകുന്നു....
  ഉമ്മു അമ്മാര്‍ @. തീര്‍ച്ചയായും ഞാന്‍ പറഞ്ഞിട്ടുണ്ട്.
  ഷബീര്‍ @. ആമീന്‍, നന്മകള്‍ നേരുന്നു...
  റാണി പ്രിയ @. നന്ദി, വായനക്ക്...
  സിറാജ്'ക്ക @. ആമീന്‍, മനസ്സ് നിറയുന്ന വാക്കുകള്‍....
  സീത @. നന്ദി, വാക്കുകളേക്കാള്‍....
  മുനീര്‍ @. നന്ദി, അനുഗ്രഹങ്ങള്‍ക്ക്...

  ReplyDelete
 33. ഉള്ളില്‍തട്ടുന്ന വിധത്തില്‍ പറഞ്ഞു മാതൃസ്നേഹത്തിന്റെ മഹനീയത.
  അതിനു പകരം വെക്കാന്‍ മറ്റൊന്നിനുമാകില്ല എന്നത് സത്യം.
  മനോഹരമായി എഴുതി, ആശംസകള്‍.

  ReplyDelete
 34. ഹൃദയസ്പർശിയായ എഴുത്ത്!
  വളരെ മനോഹരം
  റൊമാന്റിക്കോടെ തുടങ്ങി വളരെ ഹൃദ്യമായിതന്നെ അവസാനിപ്പിച്ചു

  ReplyDelete
 35. അവസാനത്തെ വരികള്‍ കണ്ണ് നിറച്ചു...
  പിന്നെ ആ 'അവള്‍' ആരാന്നു പറഞ്ഞില്ലല്ലോ...
  ആ ഉമ്മയുടെ സ്നേഹത്തോട് മത്സരിക്കാന്‍ ഉള്ള ഭാഗ്യം അവള്‍ക്കുണ്ടായോ?

  ReplyDelete
 36. വളരെ മനോഹരമായ രചന..

  ReplyDelete
 37. ചില സമ്മാനങ്ങള്‍ അങ്ങിനെയാണ്, മനസ്സും വയറും നിറയും, മാധുര്യം വിലമാതിക്കനവത്തതും.

  ReplyDelete
 38. മനസ്സിൽ തട്ടും വിധം വളരെ നന്നായി എഴുതി.

  ReplyDelete
 39. റിയാസ്‌ @ ആ ഓര്‍മ്മകള്‍ തന്നെയാണ് നമ്മുടെ കൂടപ്പിറപ്പ്. പിന്നെ,അന്നത്തെ ചെലവ് നിന്റെ വകയാണെന്ന കാര്യം നീ മറന്നോ...?
  റെജി @ തീര്‍ച്ചയായും തിരിച്ചറിവുകള്‍ നമ്മളെ തേടിയെത്തും.
  ഇസ്മയില്‍ ചെമ്മാട് @ നന്ദി, നല്ല വാക്കുകള്‍ക്ക്.
  ആശ ശ്രീകുമാര്‍ @ സമ്മാനം അതെത്ര മനോഹരമാണെന്ന് തിരിച്ചറിയുന്നു.
  ഹാഷിം (കൂതറ) @ നന്ദി, നല്ലവാക്കുകള്‍ക്ക്.
  രാംജിയെട്ടന്‍ @ നന്ദി, രാംജിയെട്ടാ...
  ഹരി (സ്നേഹതീരം) @ നന്ദി, വന്നതിനു, വായിച്ചതിനു...

  ReplyDelete
 40. കമ്പര്‍ @ നന്ദി, വാക്കുകള്‍ക്കതീതം...!
  അജിത്തെട്ടന്‍ @ നന്മകള്‍ നേരുന്നു...
  വായാടി @ നന്ദി, നല്ലവാക്കിനു...
  mayflowe @ ശരിയാണ്, അതിനേക്കാള്‍ വലുതായൊന്നും ഈ ദുനിയാവിലില്ല.
  yousufpa @ ഹ ഹ ഹ... അത് സസ്പെന്‍സ്...
  കുസുമം ആര്‍ പുന്നപ്ര @ നന്ദി, ഹൃദയപൂര്‍വ്വം...
  അരീക്കോടന്‍ @ സത്യം, നന്ദി.
  ചാണ്ടിക്കുഞ്ഞു @ പകരം വെക്കാനില്ലാത്ത സത്യം.

  ReplyDelete
 41. ഉമ്മയെക്കാള്‍ വലിയ ഒരു രുചിക്കൂട്ടില്ല!

  ReplyDelete
 42. ഉള്ളില്‍ തട്ടുന്ന വാക്കുകള്‍ , നന്നായി എഴുതി

  ReplyDelete
 43. vayichappol, manassu ardramayi...... aashamsakal..........

  ReplyDelete

ആശാനേ...വെടിവെട്ടം കേട്ടിട്ട് ഒന്നും മിണ്ടാതെ പോവാണോ...?
എന്തെങ്കിലും ഒന്നു പറഞ്ഞിട്ട് പോന്നേയ്...