Friday, May 27, 2011

അവന്‍.



കോരിച്ചൊരിയുന്ന ഒരു മഴയത്ത്, അന്നാണ് ആദ്യമായി ഞാനവനെ കാണുന്നത്. കാറിന്റെ കാറ്റുതീര്‍ന്ന ടയര്‍ മാറ്റുകയായിരുന്നു അവനപ്പോള്‍. നനഞ്ഞു കുതിര്‍ന്ന ഷര്‍ട്ടിനു ഉള്ളിലൂടെ പുറത്തേക്കുന്തിയ അവന്റെ ശോഷിച്ച എല്ലുകള്‍ കാണാമായിരുന്നു....

അതിനു ശേഷം അവനെ കണ്ടത്, വെളുപ്പിന്, ഒരു മഞ്ഞുകാലാത്താണ്. തണുത്തു വിറങ്ങലിച്ചു വളരെ പ്രയാസപ്പെട്ടു പത്രകെട്ടുകള്‍ നെഞ്ചത്തടക്കിപിടിച്ചു ബസ്ടാന്റിലൂടെ എന്തൊക്കെയോ വിളിച്ചുപറഞ്ഞു നടക്കുകയായിരുന്നു അവനപ്പോള്‍. ചരടിന്മേല്‍ പിണച്ചുവെച്ച ട്രൌസര്‍ താഴേക്കിറങ്ങി, ഒട്ടിയ വയര്‍ മുഴുവനായി പുറത്തു കാണാമായിരുന്നു....

ഇപ്പോള്‍ ഈ വേനല്‍ച്ചൂടിന്റെ നട്ടുച്ചയ്ക്ക്, അവനെ കണ്ടത്, വിലങ്ങുവെച്ചു രണ്ടു പോലീസുകാരുടെ മദ്ധ്യത്തിലായി നടത്തികൊണ്ടുപോകുന്പോഴാണ്. ആരോ വലിച്ചുകീറിയ അവന്റെ ഷര്‍ട്ടില്‍ ചോരപാടുകള്‍ കാണാമായിരുന്നു. എങ്കിലും, അന്നേരം കൂടുതല്‍ സുരക്ഷിതനായി തോന്നി അവനപ്പോള്‍....

Tuesday, May 3, 2011

ഓര്‍മകളില്‍ ഒരു സുഗന്ധം...!



ഓര്‍മകളില്‍ ഒരു സുഗന്ധം...!!!

ബാല്യത്തിന്റെ വര്‍ണങ്ങളില്‍ ഇതിന്റെ സാന്നിധ്യം ഏറെയായിരുന്നു...!
വാശിപിടിച്ചും കരഞ്ഞും
മുതിര്‍ന്നവരുടെ കയ്യില്‍നിന്നും
ഇത് സ്വന്തമാക്കുമ്പോള്‍
അതിരറ്റ സന്തോഷമായിരുന്നു...
പിന്നീട്, സ്വന്തമായി ഉണ്ടാക്കാന്‍
പഠിച്ചപ്പോള്‍ അതിലേറെ വലുതില്ലെന്ന ഭാവമായിരുന്നു...!
ഓടി തളരുമ്പോഴും,
ഒരു വിശ്രമത്തിന് ശേഷം
പിന്നെയും മുറ്റത്തും പറമ്പിലും
ഓടി നടക്കുമ്പോഴും
ഈ ബാല്യം ഇത്രയ്ക്കു
ആനന്ദമായി അനുഭവപെട്ടിരുന്നോ..?
രാത്രിയില്‍ കിടന്നുറങ്ങുമ്പോള്‍
അരികത്തു പാര്‍ക്ക് ചെയ്തു വെച്ചിരുന്ന ഈ
ഓലപമ്പരം പിറ്റേന്ന്
വാടിതലരുമ്പോള്‍ ഒഴിവാക്കാന്‍
ഏറെ മടിതോന്നിയിരുന്നു..!

കുട്ടിക്കാലത്തിന്റെ
നന്മകള്‍ക്കൊപ്പം
നമ്മളെയും വിട്ടകന്ന
ഈ ഓലപമ്പരത്തിന്റെ
ഓര്‍മകള്‍ക്ക് മുന്നില്‍
ഒരുനിമിഷം...